| Friday, 9th March 2018, 12:28 am

ചെങ്ങന്നൂരില്‍ ഡി.വിജയകുമാര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഡി.വിജയകുമാര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായേക്കും. സംസ്ഥാന നേതൃത്വത്തില്‍ ഇക്കാര്യത്തില്‍ ധാരണയായി. രണ്ട് ദിവസത്തിനകം ഹൈക്കമാന്‍ഡിന്റെ സമ്മതത്തോടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചെങ്ങന്നൂരിലെ മുതിര്‍ന്ന നേതാവാണ് ഡി.വിജയകുമാര്‍. പ്രദേശികമായുള്ള ജനസമ്മിതിയാണ് വിജയകുമാറിന് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സഹായകരമായത്. നിലവില്‍ ചെങ്ങന്നൂര്‍ കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ്, അഖില ഭാരത അയ്യപ്പ സേവാസംഘം ദേശീയ ഉപാദ്ധ്യക്ഷന്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ മകള്‍ ജ്യോതി വിജയകുമാറിനെയും സ്ഥാനാര്‍ത്ഥിപ്പട്ടികയിലേക്ക് പരിഗണിച്ചിരുന്നു.


Read Also: എ.ഐ.സി.സിയിലുള്ളവര്‍ അനര്‍ഹര്‍; ഇങ്ങനെ തുടരാനില്ലെന്നും വി.എം സുധീരന്‍


ചങ്ങനാശേരി എന്‍എസ്എസ് കോളജില്‍ നിന്നു ചരിത്രത്തില്‍ ബിരുദധാരിയാണ് വിജയകുമാര്‍. കോളജില്‍ കെഎസ്യു യൂണിറ്റ് വൈസ് പ്രസിഡന്റായി പൊതുരംഗത്തു പ്രവര്‍ത്തിച്ചു തുടങ്ങി.

ജബല്‍പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു പൊളിറ്റിക്കല്‍സയന്‍സില്‍ ബിരുദാനന്തര ബിരുദവും എല്‍എല്‍ബിയും നേടി. യൂത്ത് കോണ്‍ഗ്രസ് ചെങ്ങന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, 1979 മുതല്‍ 1992 വരെ ഡിസിസി സെക്രട്ടറി.

ഐഎന്‍ടിയുസി ജില്ലാ വൈസ് പ്രസിഡന്റ്, കെപിസിസി അംഗം , നിര്‍വാഹകസമിതി അംഗം. ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്, സ്‌കൗട്ട്‌സ് ആന്ഡ് ഗൈഡ്‌സ് മാവേലിക്കര ഡിസ്ട്രിക്ട് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.


Read Also: നോക്കുകൂലി ഇനിയില്ല; അടുത്ത തൊഴിലാളി ദിനം മുതല്‍ കേരളത്തില്‍ നോക്കുകൂലി ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി


കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ളത് കൊണ്ട് മത്സരിക്കാനില്ലെന്ന് പി.സി വിഷ്ണുനാഥ് നേരത്തെ അറിയിച്ചിരുന്നു. ഇപ്പോള്‍ എ.ഐ.സി.സി സെക്രട്ടറിയായ പി.സി വിഷ്ണുനാഥ് രണ്ട് തവണ വിജയിച്ച മണ്ഡലമാണ് ചെങ്ങന്നൂര്‍. അതുകൊണ്ടു തന്നെ ഇത്തവണയും ആദ്യ പരിഗണന വിഷ്ണുനാഥിന് തന്നെയായിരുന്നു. കെ.കെ രാമചന്ദ്രന്‍ നായരുടെ വിയോഗത്തെത്തുടര്‍ന്നായിരുന്നു ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

Latest Stories

We use cookies to give you the best possible experience. Learn more