ഭരണാധികാരിയെയോ ഭരണകൂടത്തേയോ വിമര്‍ശിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ ഫേസ് ബുക്കില്‍ പോസ്റ്റിട്ടാല്‍ എന്ത് സംഭവിക്കും?
എന്തും സംഭവിക്കാം. ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെടാം. കേസെടുക്കാം അറസ്റ്റ് ചെയ്യപ്പെടാം.
സര്‍ക്കാര്‍ വിമര്‍ശനം നടത്തിയതിന് ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യുന്നത് ഫാസിസ്റ്റ് രീതിയല്ലേ? അതെ. സംശയമൊന്നുമില്ല. കഴിഞ്ഞ ദിവസം ഒരു സര്‍വ്വകലാശാലാ ജീവനക്കാരനെതിരെ അങ്ങനെയൊരു സംഭവം നടന്നു. ആ സംഭവം ബംഗാളിലൊ യു.പി.യിലോ കൊറിയയിലോ ഒന്നുമല്ല. കേരളത്തിലാണ്. അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമാണ് എന്ന് ഘോരം ഘോരം മുദ്രാവാക്യം വിളിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഭരിക്കുന്ന, കമ്യൂണിസ്റ്റ് നേതാവ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കുന്ന കേരളത്തില്‍.
അബദ്ധം പറ്റിയതൊന്നുമല്ല സര്‍വ്വകലാശാലക്കോ സര്‍ക്കാരിനോ. എം.ജി. സര്‍വ്വകലാശാലയിലെ അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസറായ എ.പി. അനില്‍കുമാര്‍ ഫേസ് ബുക്കിലിട്ട പോസ്റ്റിനു മേല്‍ നിയമസഭാ സ്പീക്കറുള്‍പ്പെടെയുള്ളവര്‍ വലിയ അന്വേഷണങ്ങള്‍ നടത്തിയതിനു ശേഷമാണ് സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിക്കുന്നത്. ശാന്തിവനത്തില്‍ കെ.എസ്.ഇ.ബി ടവര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം നിലനില്‍ക്കുന്ന സമയത്തായിരുന്നു പോസ്റ്റ്. അനില്‍കുമാര്‍ എ.പി.യുടെ വിമര്‍ശനം ഇങ്ങനെയായിരുന്നു.
ശാന്തിവനം..
കൊല്ലാന്‍ തീരുമാനമില്ല, പക്ഷേ കഴുത്തുമുറിക്കും. പ്രകൃതിയെ സംരക്ഷിക്കും, പക്ഷേ മരങ്ങള്‍ മുറിക്കും മുടി മുറിക്കും. ഇത് അതേ സ്‌ക്രിപ്റ്റ് തന്നെയാണ്. മരുഭൂമികള്‍ ഉണ്ടാക്കുന്നവരും ഉപയോഗിക്കുന്നവരും എക്കാലത്തും ഇഷ്ടപ്പെടുന്ന സ്‌ക്രിപ്റ്റ്. കാടുമുടിക്കുന്നവരുടെ, മല ഇടിക്കുന്നവരുടെ, നീര്‍ത്തടവും വയലും നികത്തുന്നവരുടെ, ജനാധിപത്യത്തോട് പുഛം സൂക്ഷിക്കുന്നവരുടെ, എസ്.ശര്‍മ്മയുടെ, എം.എം മണിയുടെ….., അങ്ങനെ ലാഭാധിഷ്ഠിത തൂക്കി വില്‍പ്പനാ മുന്നേറ്റങ്ങളുടെ സ്വന്തം സ്‌ക്രിപ്റ്റ്. ആലപ്പാട് മാന്തി തീര്‍ക്കുന്നതും, പശ്ചിമഘട്ടം തുരന്നു തീര്‍ക്കുന്നതും, പാടങ്ങള്‍ നികത്തിത്തീര്‍ക്കുന്നതും, കാടുകള്‍ തീറഴുതുന്നതും, കാട്ടുവാസിയെ അടിച്ചോടിക്കുന്നതും, പൗരാവകാശങ്ങളെ ഇല്ലാതാക്കുന്നതും, എതിര്‍ക്കുന്നവരെ കൊന്നു തീര്‍ക്കുന്നതും ഒരേ പ്രത്യയശാസ്ത്രമാണ്. ക്ലൈമാക്സിന് തൊട്ടുമുമ്പ് അവരുടെ മുഖലക്ഷണം വെളിപ്പെടും. ഒരു ചര്‍ച്ച…, പിന്മാറ്റം എന്നു തോന്നിക്കുന്ന ഒരു കപടവിനയം. സഖാവ് വ്ലാഡിമിര്‍ ഇല്ലിച്ച് ലെനിന്റെ അടവാണത്. ‘ഒരടി പിന്നോട്ട്…, രണ്ടടി മുന്നോട്ട്’ എന്നാണതിന്റെ പേര്. വാമനന്റെ മൂന്നാമത്തെ അടിക്ക് ബാക്കിയില്ലാത്ത വിധം ഭൂമിയും ആകാശവും ഇല്ലാതാക്കുന്ന അധികാരപ്രമത്തതയുടെ ചുവട്. ഇന്ത്യയിലെ ഈ വിപ്ലവാവശിഷ്ടം ഇനി എത്രനാള്‍ കൂടി മനുഷ്യദ്രോഹം തുടരും എന്ന ചോദ്യം മാത്രം. അടിമുടി ഫാസിസ്റ്റുകള്‍, ഫാസിസം തടയുമത്രേ,’
ഈ പോസ്റ്റിനെതിരെ എസ്.ശര്‍മ എം.എല്‍.എ പരാതി കൊടുക്കുന്നു. പരാതി സ്പീക്കര്‍ പരിശോധിക്കുന്നു. വിശദീകരണം ആവശ്യപ്പെടുന്നു. ശേഷം അനില്‍ കുമാര്‍, സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ബോധ്യപ്പെടുന്നു. അനന്തരം സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിക്കുന്നു. രാഷ്ട്രീയ വിമര്‍ശനം ചട്ടലംഘനമാണ് എന്ന് ഇടതുപക്ഷ സര്‍ക്കാറിന് ബോധ്യപ്പെടുന്നിടത്താണ്, ജീവനക്കാരുടെ അഭിപ്രായ സ്വാതന്ത്ര്യം ചട്ടലംഘനമാണ് എന്ന് ഒരു ഇടതു സര്‍ക്കാറിന് ബോധ്യപ്പെടുന്നിടത്താണ് പ്രശ്‌നം. അത്,രാഷ്ട്രീയമെന്ത് എന്ന സാധാരണ മനുഷ്യരുടെ ബോധ്യങ്ങളെ ഒരു കമ്യൂണിസ്റ്റ് സര്‍ക്കാരിന് മനസ്സിലാവുന്നില്ല എന്നാണ് അര്‍ത്ഥമാക്കുന്നത്. വിയോജിപ്പുകളോടുള്ള ഇടതുസര്‍ക്കാരിന്റെ സമീപനം തീവ്രവലതുപക്ഷ സര്‍ക്കാരുകളുടേതിന് സമമാവുമ്പോള്‍, ഒറ്റപ്പെട്ടു പോകുന്ന സാധാരണ മനുഷ്യര്‍ അവര്‍ പോലുമറിയാതെ നിശ്ശബ്ദരായി പോവുന്നുണ്ട്. ഇപ്പോള്‍ നിശ്ശബ്ദരാക്കപ്പെടുന്ന ഈ മനുഷ്യരായിരുന്നു ഇടതു പക്ഷത്തിന്റെ മൂലധനം.
ഈ സാഹചര്യത്തില്‍ ഒരു കണക്കു കൂടി ഓര്‍മിപ്പിക്കേണ്ടി വരുന്നുണ്ട്. 2016ല്‍ ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും സമൂഹ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചതിന് ഇതുവരെ പൊലീസ് 119 പേര്‍ക്കെതിരെ കേസെടുത്തു. ഇതില്‍ 41 പേര്‍ സര്‍ക്കാര്‍ ജീവനക്കാരാണ്. 29 പേര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.
സാമൂഹ്യ പ്രവര്‍ത്തകര്‍ക്കെതിരെയും ആര്‍ടിസ്റ്റുകള്‍ക്കെതിരെയും കാര്‍ട്ടൂണിസ്റ്റുകള്‍ക്കെതിരെയും എഴുത്തുകാര്‍ക്കെതിരെയുമൊക്കെ രാഷ്ട്രീയ വിമര്‍ശനത്തിന്റെ പേരില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കേസെടുക്കുമ്പോള്‍ അറസ്റ്റുകള്‍ നടത്തുമ്പോള്‍ ഏകാധിപത്യം നടപ്പാക്കാന്‍ അനുവദിക്കില്ല എന്ന് പ്ലക്കാര്‍ഡ് എഴുതി തെരുവില്‍ പ്രക്ഷോഭം നടത്തിയവരില്‍ ഇടതുപക്ഷ നേതാക്കളുമുണ്ടായിരുന്നു. വിമര്‍ശിക്കുന്നവരെ അടിച്ചമര്‍ത്തുന്നത് കേന്ദ്ര സര്‍ക്കാര്‍ മാത്രമല്ല, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥുമൊക്കെ ഈ കാറ്റഗറിയിലുണ്ട്. യോഗി ആദിത്യനാഥിനെതിരായ ട്വീറ്റിന്റെ പേരില്‍ അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയയെ ഉടന്‍ ജാമ്യത്തില്‍ വിട്ടയക്കാന്‍ ഉത്തരവിട്ടുകൊണ്ട് അറസ്റ്റും റിമാന്റും നിയമവിരുദ്ധവും വ്യക്തിസ്വാതന്ത്ര്യം ഹനിക്കലുമാണെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി പറഞ്ഞിരുന്നു. ഒരു ട്വീറ്റിന്റെ പേരില്‍ 14 ദിവസം റിമാന്റ് ചെയ്ത മജിസ്‌ട്രേറ്റ കോടതി വിധി അംഗീകരിക്കാനാവില്ല എന്നും ഭരണഘടനയുള്ള രാജ്യമാണിതെന്നും 14 ദിവസം റിമാന്റ് ചെയ്യാന്‍ അദ്ദേഹം കൊലക്കേസ് പ്രതിയാണോ എന്നും പരമോന്നത കോടതി ചോദിക്കുന്നുണ്ട്. വ്യക്തിസ്വാതന്ത്ര്യത്തെ ഇങ്ങനെ തകര്‍ക്കാനാവില്ല എന്ന് തന്നെയാണ് സുപ്രീം കോടതി അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നത്.
വിമര്‍ശിക്കുന്നവരെ അസഭ്യം പറയുന്ന, വിയോജിക്കുന്നവരെ കൂട്ടമായി ആക്രമിക്കുന്ന ആള്‍ക്കൂട്ടങ്ങളില്‍ നിന്നും മത വര്‍ഗ്ഗീയ കൂട്ടങ്ങളില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല വിയോജിക്കുന്നവരുടേയും വിമര്‍ശിക്കുന്നവരുടേയും പണികളയിക്കുന്ന സര്‍ക്കാര്‍ നിലപാടുകളും.
എം.ജി.സര്‍വ്വകലാശാല ഉദ്യോഗസ്ഥനായ അനില്‍ കുമാര്‍, സര്‍ക്കാരിന്റെ പാരിസ്ഥിതിക നയങ്ങളോട് നടത്തിയ രാഷ്ട്രീയ വിമര്‍ശനത്തെ വ്യക്തിയധിക്ഷേപമായി വ്യാഖ്യാനിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ഭയപ്പെടുത്തി നിശ്ശബ്ദരാക്കുന്ന തീവ്രവലതുപക്ഷത്തിന്റെ കാര്‍ബണ്‍ കോപ്പിയാവരുത്. രാഷ്ട്രീയ വിമര്‍ശനം ശിക്ഷ അര്‍ഹിക്കുന്ന കുറ്റമല്ല. അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ അനീതിയാണ്.