വിവേകാനന്ദന്‍ ഹിന്ദുവിനെ കുറിച്ച് പറഞ്ഞതും സംഘപരിവാര്‍ മുന്നോട്ടുവെക്കുന്ന ഹിന്ദുത്വവും രണ്ട്: വി.ഡി. സതീശന്‍
Kerala News
വിവേകാനന്ദന്‍ ഹിന്ദുവിനെ കുറിച്ച് പറഞ്ഞതും സംഘപരിവാര്‍ മുന്നോട്ടുവെക്കുന്ന ഹിന്ദുത്വവും രണ്ട്: വി.ഡി. സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th July 2022, 3:07 pm

തിരുവനന്തപുരം: ആര്‍.എസ്.എസ് വേദി പങ്കിട്ടെന്ന സി.പി.ഐ.എമ്മിന്റെ ആരോപണം വി.എസ്.അച്യുതാനന്ദനും ബാധകമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ബി.ജെ.പി പുറത്തുവിട്ട ഫോട്ടോക്ക് ഏറ്റവും പ്രചാരം നല്‍കുന്നത് സി.പി.ഐ.എമ്മാണെന്നും ഗോള്‍വള്‍ക്കറുടെ പുസ്തകത്തില്‍ പറഞ്ഞ കാര്യമാണ് മുന്‍ മന്ത്രി സജി ചെറിയാന്‍ പറഞ്ഞതെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സജി ചെറിയാന്‍ പറഞ്ഞിട്ടുണ്ട്. ഇതുസംബന്ധിച്ച് ആര്‍.എസ്.എസ് അയച്ച നോട്ടിസ് നിയമപരമായി നേരിടും. സജി ചെറിയാനെതിരെ താന്‍ പറഞ്ഞ വാക്കുകളെ സി.പി.ഐ.എം- ബി.ജെ.പി നേതാക്കള്‍ തള്ളിപ്പറഞ്ഞിട്ടില്ല. സജി ചെറിയാനും തന്റെ വാക്കുകളെ ഇതുവരെ നിഷേധിച്ചിട്ടില്ലെന്നും സതീശന്‍ പറഞ്ഞു.

ആര്‍.എസ്.എസിനെ ആക്രമിച്ചാല്‍ എങ്ങനെയാണ് ഹിന്ദുവിനെതിരെയുള്ള ആക്രമണം ആകുന്നതെന്നുവി.ഡി. സതീശന്‍ ചോദിച്ചു. ഒരു വര്‍ഗീയ വാദിയുടെ മുന്നിലും കീഴടങ്ങില്ല. വര്‍ഗീയവാദികളുടെ വോട്ട് ഇതുവരെ ചോദിച്ചിട്ടില്ല. തന്റെ വീട്ടിലേക്കു കൂടുതല്‍ മാര്‍ച്ച് നടത്തിയത് സംഘപരിവാറാണ്. 2016ല്‍ തന്നെ തോല്‍പ്പിക്കാന്‍ പറവൂരില്‍ ഹിന്ദു മഹാസംഗമം നടത്തിയെങ്കിലും ഭൂരിപക്ഷം വര്‍ധിക്കുകയാണ് ചെയ്തത്. വര്‍ഗീയ ശക്തികളെ ഇനിയും എതിര്‍ക്കും. രാഷ്ട്രീയം ഉപേക്ഷിക്കേണ്ടി വന്നാലും വര്‍ഗീയവാദികളുമായി സന്ധിചെയ്യില്ല. ഒരേ തോണിയിലാണ് സി.പി.ഐ.എമ്മിന്റെയും ബി.ജെ.പിയുടെയും യാത്രയെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

സ്വാമി വിവേകാനന്ദന്റെ 150 മത് ജന്മവാര്‍ഷികവുമായി ബന്ധപ്പെട്ട് തൃശൂരില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങ് ആര്‍.എസ്.എസ് വേദി ആയിരുന്നില്ല. പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അച്യുതാനന്ദന്‍ 2013 മാര്‍ച്ച് 13ന് തിരുവനന്തപുരത്ത് പ്രകാശനം ചെയ്ത അതേ പുസ്തകമാണ് തൃശൂരില്‍ ഞാന്‍ പ്രകാശനം ചെയ്തത്. മാതൃഭൂമി എം.ഡിയായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ നിര്‍ദേശപ്രകാരമാണ് ചടങ്ങിലേക്ക് എന്നെ ക്ഷണിച്ചത്.

വിവേകാനന്ദന്‍ ഹിന്ദുവിനെ കുറിച്ച് പറഞ്ഞതും സംഘപരിവാര്‍ മുന്നോട്ടുവെക്കുന്ന ഹിന്ദുത്വവും രണ്ടാണ് എന്നാണ് പ്രസംഗത്തില്‍ പറഞ്ഞത്. മഞ്ഞ പത്രത്തെ പോലും അറപ്പിക്കുന്ന ഭാഷയിലാണ് ഇന്ന് ദേശാഭിമാനി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ദേശാഭിമാനി പറഞ്ഞ വാക്കുകള്‍ വന്ദ്യവയോധികനായ വി.എസിന് കൂടി ബാധകമാകുമെന്ന് അവര്‍ അറിയാതെ പോയി. ബി.ജെ.പി നേതാക്കള്‍ പുറത്തിട്ട ഫോട്ടോകള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രചരണം നല്‍കിയത് സി.പി.ഐ.എമ്മാണ്.
ആര്‍.എസ്.എസിനെയും സംഘപരിവാറിനേയും ആക്രമിച്ചാല്‍ അത് എങ്ങനെയാണ് ഹിന്ദുക്കള്‍ക്ക് എതിരാകുന്നത് ഹിന്ദുക്കളുടെ അട്ടിപ്പേറവകാശം സംഘപരിവാറിനാണോ ഒരു വര്‍ഗീയവാദിയും എന്നെ വിരട്ടാന്‍ വരണ്ട. ഒരു വര്‍ഗീയ വാദിയുടേയും മുന്നില്‍ മുട്ടുമടക്കില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.