| Saturday, 19th March 2022, 3:25 pm

വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കാത്തത് തെരഞ്ഞെടുപ്പില്‍ ബാധിച്ചു; രാജ്യസഭാ സീറ്റിലെ തീരുമാനം വിമര്‍ശനം പരിഗണിച്ചെന്ന് സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പാര്‍ലമെന്ററി രംഗത്ത് വനിതകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കുന്നില്ലെന്ന വിമര്‍ശനം കൂടി പരിഗണിച്ചാണ് രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ തീരുമാനമെടുത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹിളാ കോണ്‍ഗ്രിസിന് പ്രാതിനിധ്യം നല്‍കാത്തത് ആ തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടുണ്ട്. ഞങ്ങള്‍ക്ക് ഒരു എം.എല്‍.എ പോലും സ്ത്രീയായിട്ടില്ല. വനിതകള്‍ക്ക് സീറ്റ് കൊടുത്തെങ്കിലും വിജയ സാധ്യതയുള്ള സീറ്റ് നല്‍കാന്‍ പറ്റിയിരുന്നില്ല. അതൊക്കെ ജെബി മേത്തറിനെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ പരിഗണിച്ചിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥിത്വത്തിന് അര്‍ഹതയുള്ള ഒരുപാട് പേര്‍ പാര്‍ട്ടിയിലുണ്ടെന്നും പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലാണ് ജെബി മേത്തറിനെ പരിഗണിക്കുന്നതെന്നും സതീശന്‍ വ്യക്തമാക്കി.

നാല്‍പ്പത്തി രണ്ട് വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസ് പ്രതിനിധിയായി കേരളത്തില്‍ നിന്നും ഒരു വനിത രാജ്യസഭയിലേക്ക് പോകുന്നത്. കേരളത്തിലെ നേതാക്കളോട് കൂടെ ചര്‍ച്ച ചെയ്തിട്ടാണ് ഹൈക്കമാന്റ് തീരുമാനമെടുത്തത്. ഈ തീരുമാനം കേരളത്തില്‍ പൊതുവേ സ്വാഗതം ചെതിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു.

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ജനകീയ സമരമാണ് നടക്കുന്നത്. സമരത്തെ ചേരയില്‍ മുക്കി കൊല്ലാമെന്ന് സര്‍ക്കാര്‍ കരുതേണ്ട. കെ. റെയില്‍ കല്ലുകള്‍ ഇനിയും പിഴുതെറിയും. അത് യു.ഡി.എഫ് തീരുമാനമാണ്.

മാടപ്പള്ളിയില്‍ പൊലീസിന്റെ മര്‍ദനത്തിനിരയായവരെ യു.ഡി.എഫ് സംഘം കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള സംഘം നാട്ടുകാരെ കണ്ട് വിവരങ്ങള്‍ ശേഖരിച്ചു. പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെയും കണ്ടു. ‘മാടപ്പള്ളി മോഡല്‍’ സമരം കേരളം മുഴുവന്‍ ആവര്‍ത്തിക്കുമെന്ന് സതീശന്‍ പറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തറിനെ രാജ്യസഭ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ആലുവ നഗരസഭ ഉപാധ്യക്ഷയായ ജെബി മേത്തര്‍ നിലവില്‍ കെ.പി.സി.സി സെക്രട്ടറിയും എ.ഐ.സി.സി അംഗവുമാണ്.

Content Highlights: V.D. Satheesan said Non-representation of women affected elections; the decision in the Rajya Sabha seat was considered critical

Latest Stories

We use cookies to give you the best possible experience. Learn more