| Saturday, 21st May 2022, 2:46 pm

കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കൊടുക്കാന്‍ കാശില്ലാത്ത സര്‍ക്കാരാണോ 2 ലക്ഷം കോടിയുടെ കെ റെയില്‍ നടപ്പിലാക്കുന്നത്; വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍ കെ റെയില്‍ പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

സ്‌കൂള്‍ തുറന്നാല്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കൊടുക്കാനുള്ള പണം പോലും സര്‍ക്കാരിന്റെ കൈയ്യിലില്ല, ആ സര്‍ക്കാര്‍ എങ്ങനെയാണ് കെ റെയില്‍ നടപ്പിലാക്കുക എന്ന് വി.ഡി.സതീശന്‍ ചോദിച്ചു.

സില്‍വര്‍ ലൈന്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞു, അടുത്ത മാസം ശമ്പളം കൊടുക്കാന്‍ ഇല്ലാത്ത പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപയുടെ സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞ് കേരളത്തിന് മുന്നില്‍ പരിഹാസ്യനാകുകയാണ്.

ഒരു സ്ഥലത്തും കെ റെയില്‍ കല്ലിടില്ല, അതിന് യു.ഡി.എഫ് അനുവദിക്കില്ലെന്നും, കല്ലിട്ടാല്‍ പിഴുതെറിയുമെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗീയതയുടെ പ്രചാരകരെ നിയന്ത്രിക്കാന്‍ സര്‍ക്കാറിന് കഴിയുന്നില്ലെന്നും വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി. പി.സി. ജോര്‍ജിനെ നിയന്ത്രിക്കാന്‍ സര്‍ക്കാറിന് സാധിക്കുന്നില്ല. പി.സി. ജോര്‍ജിനെ നേരത്തെ അറസ്റ്റ് ചെയ്തത് നാടകമാണെന്നും സതീശന്‍ ആരോപിച്ചു.

ആദ്യത്തെ വിദ്വേഷ പ്രസംഗ കേസില്‍ നിബന്ധനങ്ങള്‍ക്ക് വിധേയമായാണ് കോടതി പി.സി ജോര്‍ജിന് ജാമ്യം അനുവദിച്ചത്. എന്നാല്‍, ജാമ്യം ലഭിച്ച് പുറത്തിറങ്ങി ഏതാനും മണിക്കൂറുള്ളില്‍ പി.സി ജോര്‍ജ് നിലപാട് ആവര്‍ത്തിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനിടെ വെണ്ണലയില്‍ ജോര്‍ജ് വിദ്വേഷ പ്രസംഗം ആവര്‍ത്തിക്കുകയും ചെയ്തു.

വര്‍ഗീയ വിദ്വേഷം നടത്തുന്നവരെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സത്യവാങ്മൂലം കൊടുത്തത് സര്‍ക്കാരാണ്. ഭരിക്കാന്‍ കഴിവില്ലെന്ന് പറയുന്നതാവും ഇതിനേക്കാള്‍ ഉത്തമമെന്നും സതീശന്‍ പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് ഒരു അറസ്റ്റ് നാടകം കൂടി നടത്താനുള്ള തിരക്കഥയുടെ ഭാഗമായ നടപടികളാണ് നടക്കുന്നത്.

കൃത്യമായ സത്യവാങ്മൂലം സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിക്കാതിരുന്നതും കോടതിയില്‍ പ്രോസിക്യൂട്ടര്‍ ഹാജരാകാതിരുന്നതും അറസ്റ്റ് ചെയ്ത പ്രതിയെ സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യാന്‍ പൊലീസ് അനുവദിച്ചതും എന്തു കൊണ്ടാണെന്ന് സര്‍ക്കാര്‍ പറയണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.

Content Highlights: V.D. Satheesan against pinarayi vijayan about k rail project

Latest Stories

We use cookies to give you the best possible experience. Learn more