ഷാഹീന്‍ബാഗ്: അനേകം ദിവസങ്ങളായി രാവും പകലും സമരപ്പന്തലില്‍ കുത്തിയിരിക്കുന്ന അമ്മമാരും കുഞ്ഞുങ്ങളും, പുറത്ത് കാണികളായും കാവല്‍ക്കാരായും നില്‍ക്കുന്ന അവരുടെ ബന്ധുക്കളും സഹോദരങ്ങളും, രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും ദിനം പ്രതി സമരത്തിന് പിന്തുണയുമായെത്തുന്ന വിദ്യാര്‍ത്ഥികള്‍, വിവിധ സംഘനടകള്‍, രാഷ്ട്രീയക്കാര്‍, ആക്ടിവിസ്റ്റുകള്‍, അതിന് പുറമെ സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന അനേകം മാധ്യമപ്രവര്‍ത്തകരും.
ദിവസവും ആയിരക്കണക്കിന് ആളുകള്‍ നിലയുറപ്പിക്കുന്ന സമരവേദിയില്‍ ഇത്രയും പേര്‍ക്ക് ഭക്ഷണം നല്‍കുക എന്നത് ഷാഹീന്‍ബാഗിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരുന്നു. അത്തരമൊരു സാഹചര്യത്തിലാണ് പഞ്ചാബില്‍ നിന്നും സമരത്തിന് പിന്തുണയുമായെത്തിയ സിഖ് കര്‍ഷകര്‍ ഷാഹീന്‍ബാഗില്‍ സൗജന്യ ഭക്ഷണവിതരണ ശാല (ലംഗര്‍) ആരംഭിക്കുന്നത്.
പഞ്ചാബിലെ അവരുടെ ഗ്രാമങ്ങളില്‍ നിന്നും കൊണ്ടുവന്ന ഭക്ഷ്യവസ്തുക്കളും ധാന്യങ്ങളും തീര്‍ന്നപ്പോള്‍ ദല്‍ഹിയിലെ അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനും സിഖുകാരനുമായ ഡി.എസ് ബിന്ദ്രയില്‍ നിന്നും അവര്‍ സഹായങ്ങള്‍ ചോദിച്ചു. തന്റെ നാട്ടുകാര്‍ക്ക് ലംഗര്‍ നടത്തുന്നതിനായി വേണ്ട സഹായങ്ങളുമായി ഷാഹീന്‍ബാഗിലെത്തിയ ബിന്ദ്ര ലംഗറിന്റെ നടത്തിപ്പുകാരനായി മാറിയ കാഴ്ചയാണ് പിന്നീടുള്ള ദിവസങ്ങളില്‍ കണ്ടത്.
അദ്ദേഹം സ്വന്തം കയ്യില്‍ നിന്ന് പണമെടുത്ത് ലംഗര്‍ നിലനിര്‍ത്തി. ദിവസവും ആയിരക്കണക്കിന് പേരാണ് ഇപ്പോള്‍ ബിന്ദ്ര നടത്തിവരുന്ന ഭക്ഷണശാലയില്‍ നിന്നും സൗജന്യമായി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നത്. അപ്രതീക്ഷിതമായി കടന്നുവന്ന ഈ ചിലവ് കാരണം
സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവപ്പെട്ടു തുടങ്ങിയെങ്കിലും തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ അദ്ദേഹം തയ്യാറായില്ല.
തന്റെ ഉടമസ്ഥതയിലുള്ള ഒരു ഫ്ളാറ്റ് വില്‍പന നടത്തിയാണ് സാമ്പത്തിക പ്രയാസത്തെ അദ്ദേഹം മറി കടന്നത്. രാജ്യത്തെ രണ്ട് ന്യൂനപക്ഷ വിഭാഗങ്ങള്‍ തമ്മിലുള്ള ഐക്യത്തിന്റെ പ്രതീകമായാണ് താന്‍ ഈ ഭക്ഷണശാലയെ കാണുന്നതെന്ന് ബിന്ദ്ര പറയുന്നു. ‘എന്റെ വംശം എന്നെ ഏല്‍പ്പിച്ച ഈ ദൗത്യം എന്ത് പ്രതിസന്ധി നേരിട്ടാലും ഷാഹീന്‍ബാഗ് സമരത്തിന്റെ അവസാനം വരെ തുടരും. അതിന് വേണ്ടി എന്റെ ബാക്കിയുള്ള സ്വത്തുക്കള്‍ പോലും വില്‍ക്കാനും തയ്യാറാണ്’, ബിന്ദ്ര ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.
ഷാഹീന്‍ബാഗില്‍ റോഡ് ഉപരോധിച്ചുകൊണ്ട് പ്രദേശവാസികള്‍ ആരംഭിച്ച സമരത്തില്‍ ഓരോ ദിവസം കഴിയുന്തോറും പങ്കാളിത്തം വര്‍ദ്ധിച്ചുവരികയാണ്. സ്ത്രീകള്‍ ഇരിക്കുന്ന സമരപ്പന്തലില്‍ നിന്ന് നൂറു മീറ്റര്‍ മാറിയാണ് ബിന്ദ്ര നടത്തിവരുന്ന ഭക്ഷണവിതരണശാല.
നാട്ടുകാരുടെ സഹായത്തോടെ നടക്കുന്ന പാചകവും അവിടെ തന്നെ.
രാവിലെ മുതല്‍ രാത്രിവരെയുള്ള ഒരു നേരത്തും ആളൊഴിയാത്ത വരിയാണ് ഭക്ഷണശാലയക്ക് മുന്നിലുള്ളത്. പാചകത്തിനും ഭക്ഷണവിതരണത്തിനും നേതൃത്വം നല്‍കിക്കൊണ്ട് ബിന്ദ്രയും അദ്ദേഹത്തിന്റെ ഭാര്യയും മകനും മുന്നില്‍ തന്നെയുണ്ട്.
ഷാഹീന്‍ബാഗ് സമരക്കാര്‍ സമരത്തിന് വൈവിധ്യ മുഖം നല്‍കാന്‍ വേണ്ടി സിഖുകാരെ പണം നല്‍കി കൊണ്ടുവന്നതാണെന്ന ബി.ജെ.പി യുടെ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ബിന്ദ്രയുടെ മറുപടി ഇങ്ങനെയായിരുന്നു. ”സമൂഹത്തില്‍ വര്‍ഗീയ വിഷം കുത്തിവെക്കാന്‍ മാത്രമേ ബി.ജെ.പി എന്നും ശ്രമിക്കാറുള്ളൂ. രാജ്യത്തെ മുസ്‌ലിം – സിഖ് വിഭാഗങ്ങള്‍ തമ്മിലുള്ള ഐക്യം ഉയര്‍ത്തപ്പിടിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്”, ബിന്ദ്ര വിശദീകരിക്കുന്നു.
”പഞ്ചാബില്‍ നിന്നും വന്ന മുഴുവന്‍ സിഖ് കര്‍ഷകരും അവരുടെ തുച്ഛമായ വരുമാനത്തില്‍ നിന്നും ഒരു പങ്ക് മാറ്റിവെച്ചാണ് ഈ സമരത്തോട് ഐക്യപ്പെട്ടത്. അവരുടെ ആത്മാഭിമാനത്തിന് വിലയിടാന്‍ ബി.ജെ.പിക്ക് സാധിക്കുന്നത് പണം കൊണ്ട് ആളുകളെ സ്വാധീനിച്ച് മാത്രമേ അവര്‍ക്ക് ശീലമുള്ളൂ എന്നതുകൊണ്ടാണ്. ‘ഹിന്ദു- മുസ്‌ലീം – സിഖ് ഇസായി, ആപസ് മേ ഹേ ഭായീ ഭായീ’, (ഹിന്ദു- മുസ്‌ലീം- സിഖ്, ഇവരിലാരായാലും നമ്മളെല്ലാവരും സഹോദരങ്ങള്‍ തന്നെയാണ്), ബിന്ദ്ര കൂട്ടിച്ചേര്‍ക്കുന്നു.
പൊലീസില്‍ നിന്നും പ്രാദേശിക ഭരണസംവിധാനങ്ങളില്‍ നിന്നും നിരവധി വെല്ലുവിളികള്‍ ബിന്ദ്ര നേരിട്ടിരുന്നു. റോഡും പരിസരവും മലിനമാകുന്നു എന്നും അതിനാല്‍ ഭക്ഷണശാല ഉടന്‍ നിര്‍ത്തണമെന്നും ആവശ്യപ്പെട്ട് വന്ന അധികാരികളോടും പൊലീസ് ഉദ്യോഗസ്ഥരോടും ബിന്ദ്ര പറഞ്ഞത് ‘നിങ്ങള്‍ ഈ സമരം അവസാനിപ്പിക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ സര്‍ക്കാറിനോട് പറയൂ. അപ്പോള്‍ ഭക്ഷണശാലയും തനിയെ അവസാനിച്ചുകൊള്ളുമെന്നാണ്’.
ഇങ്ങനെ പ്രതികരിച്ചതിന്റെ പ്രതികാരം കൂടിയായിരിക്കാം ഒരിക്കല്‍ ഭക്ഷണശാലയിലെ പാത്രങ്ങളും പാചകവസ്തുക്കളുമെല്ലാം പൊലീസ് പിടിച്ചെടുത്ത് കൊണ്ടുപോയിരുന്നു. എന്നാല്‍ ഉടന്‍ തന്നെ പ്രദേശത്തെ വീടുകളില്‍ നിന്നും പാത്രങ്ങളും മറ്റുമെത്തിച്ച് ബിന്ദ്രയും ഷഹീന്‍ബാഗുകാരും ഭക്ഷണശാലയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോവുകയാണുണ്ടായത്.
ഭക്ഷണത്തോടൊപ്പം മനുഷ്യത്വും സാഹോദര്യവും കൂടിയാണ് ഷാഹീന്‍ബാഗിലെ ഭക്ഷണശാലയില്‍ വിതരണം ചെയ്യപ്പെടുന്നതെന്നാണ് ബിന്ദ്രക്ക് പറയാനുള്ളത്.
റിപ്പോര്‍ട്ട്, ഫോട്ടോസ്: ഷാഹീന്‍ബാഗില്‍ നിന്നും ഷഫീഖ് താമരശ്ശേരി
കവര്‍ ഇമേജ് കടപ്പാട്: ആജ്തക്