ആര്‍.എസ്.എസ്-ബിജെപിക്കാരുടെ വര്‍ഗ സവിശേഷതകള്‍ വെളിപ്പെടുന്നത് കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി പ്രതിഷേധം നയിക്കുന്ന കര്‍ഷകരോട് അവര്‍ക്കുളള സമീപനത്തില്‍ നിഴലിക്കുന്നു.
പരിഭാഷ: അബീഷ് കൃഷ്ണന്‍
യാഥാര്‍ത്ഥ്യത്തിന്റെ തെറ്റായ ചിത്രീകരണം, ചരിത്രത്തെ വളച്ചൊടിക്കല്‍, ചില ചരിത്ര പുരുഷന്മാരെയും സംഭവങ്ങളെയും നിഷേധിച്ച് വ്യാജമായി ചിത്രീകരിക്കുന്നത് തുടങ്ങിയവയെല്ലാം ആര്‍.എസ്.എസ്സിന്റെ ‘ടൂള്‍കിറ്റ്’ ലെ പതിവ് രീതികളാണ്. ഇന്ത്യയുടെ ചരിത്രത്തെ തിരുത്തി എഴുതാനുളള ഈ ത്വര അഗാഥമായ അപകര്‍ഷതാ ബോധത്തില്‍ നിന്ന് ഉത്ഭവിച്ചതാണ്. ഇന്ത്യയിലെ സാമാന്യജനം സാമ്രാജ്യത്തിന് ഏതിരെ ഒത്തൊരുമിച്ചപ്പോള്‍ ആര്‍.എസ്.എസ്സും മറ്റ് മൗലികവാദ ശക്തികളും അവരുടെ പൂര്‍ണസഹകരണം ബ്രട്ടീഷുകാര്‍ക്കായിരുന്നു നല്‍കിയിരുന്നത്. 1921 ലെ മാപ്പിള കലാപത്തെ ‘ഇന്ത്യയിലെ താലിബാന്‍ പ്രത്യയശാസ്ത്രത്തിന്റെ ആദ്യരൂപം’ എന്ന് ഒരു മുതിര്‍ന്ന ആര്‍.എസ്.എസ്-ബി.ജെ.പി അംഗം വര്‍ഗീയ നിറം ചാര്‍ത്തിയത് ആണ് സമീപകാല ആശങ്കഹേതു. ചരിത്രത്തോട് നീതി പുലര്‍ത്താത്ത ഒരു വിവരണമാണിത്.
ജമൈക്കന്‍ രാഷ്ട്രീയക്കാരനും പൊതുപ്രവര്‍ത്തകനുമായ മാര്‍ക്കസ് ഗാര്‍വി പറയുകയുണ്ടായി ‘പഴയകാല ചരിത്രത്തെക്കുറിച്ചും ഉത്ഭവത്തെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും തിരിച്ചറിയാത്ത ഒരു ജനത വേരുകളില്ലാത്ത വൃക്ഷത്തൈപോലെയാണ്’ എന്ന്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരവും അതിന്റെ വിഭിന്ന ശാഖകളും ഒരു വൃക്ഷമായി വിഭാവനം ചെയ്യാന്‍ കഴിയുമെങ്കില്‍ ആര്‍.എസ്.എസിന് അതിന്റെ ഒരു ശാഖക്കുപോലും അവകാശവാദം ഉന്നയിക്കാനാവില്ല. ചരിത്രമാകുന്ന വൃക്ഷത്തെ പിഴുതെറിയാനും തല്‍സ്ഥാനത്ത് അവരുടെ ശരിയല്ലാത്തതും ഭിന്നിപ്പിന്റേതുമായ വ്യാഖ്യാനം നല്‍കാനും അവര്‍ പ്രേരിതരാവുന്നത് അതുകൊണ്ടാണ്.
മലബാര്‍ സമരത്തെ താലിബാന്‍ മനസ്ഥിതിയുമായി ബന്ധപ്പെടുത്തി ഉദാഹരിക്കുക വഴി അവഹേളിക്കുന്നത്, ഒരോ സംഭവത്തേയും വര്‍ഗീയമായ ‘നമ്മള്‍ അവരോട്’ എന്ന വീക്ഷണകോണില്‍ നിന്ന് നോക്കിക്കണ്ട് ഇന്ത്യന്‍ ജനതയുടെ ഒരു വിഭാഗത്തെ ‘അന്യരാക്കുന്ന’ ആര്‍.എസ്.എസ് കാഴ്ച്ചപ്പാടിന് മറ്റൊരു ഉദാഹരണമാണ്. ആ വിചാരധാരയില്‍ മിക്ക കര്‍ഷക കലാപങ്ങള്‍ക്കും ഹിന്ദു, മുസ്‌ലിം, സിഖ് വര്‍ഗീയ തലങ്ങള്‍ ഉണ്ടാവും.
സ്വാതന്ത്ര്യ സമര ചരിത്രത്തെ പ്രാഥമികമായി മതത്തിന്റെ കണ്ണിലൂടെ നോക്കുമ്പോള്‍ ഒരു കുടക്കീഴില്‍ അണിനിരന്ന അതിന്റെ സ്വഭാവത്തില്‍ വെളളം ചേര്‍
ക്കപ്പെടുകയും ബ്രട്ടീഷുകാരെയും അവരുടെ സ്വദേശി സില്‍ബന്ധികളെയും തൂത്തെറിയുക എന്ന ഉദ്ദേശ്യത്തോടെ നടന്ന വര്‍ഗാധിഷ്ഠിത സമരത്തിന്റെ പങ്കിനെ നിസ്സാരമായി കാണിക്കുകയും ചെയ്യുന്നു.
ബ്രട്ടീഷുകാരോട് പോരാടുന്നതിന് സ്വാതന്ത്ര്യ പ്രസ്ഥാനം ഒരു യോജിച്ച പരിപാടി രൂപീകരിക്കുന്നതുവരെ മത, ജാതി, ഗോത്ര പ്രാദേശിക ബന്ധങ്ങള്‍ സമരത്തില്‍ അണിനിരന്നിരുന്നു. എല്ലാ മതവിശ്വാസികള്‍ക്കും സമരങ്ങളില്‍ പങ്കുണ്ടായിരുന്നു. ആദിവാസികളുടെ വിദേശികള്‍ക്കെതിരെയുള്ള സമരത്തില്‍ ധര്‍മരാജ് എന്നോ സുവര്‍ണകാലമെന്നോ കൂടെക്കൂടെ പരാമര്‍ശിക്കപ്പെടുന്ന പ്രക്ഷോഭം ചോട്ടാനാഗ്പ്പൂര്‍ മേഖലയിലെ ബ്രട്ടീഷുകാര്‍ക്കും നാട്ടുകാരായ അവരുടെ പാദസേവകര്‍ക്കും ഏതിരെയായിരുന്നു.
ഒരു ചിത്പാവന്‍ ബ്രാഹ്മണന്‍ ആയ വാസുദേവ് ബല്‍വന്ത് ഫാഡ്‌കേ ഒരു ഹിന്ദുരാഷ്ട്രം സ്ഥാപിക്കാന്‍ ഉന്നംവെച്ച് രൂപവത്ക്കരിച്ച കൊള്ളസംഗത്തില്‍ ഒട്ടനവധി ജാതിക്കാര്‍ ഉള്‍പ്പെട്ടിരുന്നു. ആര്‍.എസ്.എസും ഹിന്ദുമഹാസഭയും മുസ്‌ലിം ലീഗും വിഭാഗീയ ലക്ഷ്യങ്ങള്‍ക്കായി മതത്തെ അംഗങ്ങളെ സമാഹരിക്കുവാനുളള ചാലകമായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ പടിപടിയായി അതിന്റെ മാറ്റ് ക്ഷയിച്ചു. ഒരുകാലത്ത് സമ്പന്നകച്ചവട സമുദായമായിരുന്ന ആധുനിക കേരളത്തിലെ മലബാര്‍ മേഖലയിലെ മാപ്പിളമാര്‍, ക്ഷയിച്ച് കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമായി ചുരുങ്ങി.
ടിപ്പുവിന്റെ കയ്യില്‍ നിന്ന് ഈ പ്രദേശം ബ്രട്ടീഷുകാര്‍ക്ക് ലഭിച്ചപ്പോള്‍ അവര്‍ ഭൂനികുതി വ്യവസ്ഥയില്‍ മാറ്റം വരുത്തുകയും പ്രധാനപ്പെട്ട ചരക്കുകളായ ഉപ്പ്, തടി എന്നിവയുടെ കുത്തകാവകാശം നേടുകയും ചെയ്തു. 1862നും 1880നും ഇടയ്ക്ക് വാടക സ്യൂട്ടുകളില്‍ ഏകദേശം 250 ശതമാനവും കുടിയൊഴിപ്പിക്കല്‍ ഉത്തരവുകളില്‍ 450 ശതമാനത്തിന്റെ വര്‍ധനവും വടക്കന്‍ മലബാര്‍ താലൂക്കുകളിലുണ്ടായി. കാര്‍ഷിക ദുരിതങ്ങള്‍ അതിന്റെ പരകോടിയിലായിരുന്നു. ആ പ്രദേശങ്ങളിലെ ഹിന്ദു കര്‍ഷകരടക്കം കര്‍ഷകര്‍ അടിച്ചമര്‍ത്തല്‍ വ്യവസ്ഥിതിക്കെതിരെ 1836നും 1919നും ഇടയില്‍ ഉയിര്‍ത്തെഴുന്നേറ്റു. ആ പ്രദേശങ്ങളിലെ ജനസംഖ്യയുടെ മുഖ്യപങ്കും മുസ്‌ലിം സമുദായം ആയിരുന്നെങ്കിലും, ജാതി ഉഛനീചത്വങ്ങള്‍ തരണം ചെയ്യാന്‍ ഒട്ടനവധിപ്പേര്‍ ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തിട്ടുണ്ടായിരുന്നു.
മിക്ക ജന്മികളും ജമീന്ദാര്‍മാരും സവര്‍ണ ഹിന്ദുവില്‍പ്പെട്ടവരായിരുന്നു. 1920കളുടെ തുടക്കത്തില്‍ മഹാത്മാഗാന്ധിയുടെ നേതൃത്വത്തിലുളള കോണ്‍ഗ്രസ്സ് നിസ്സഹകരണത്തിന് ആഹ്വാനം ചെയ്യുകയും ഹിന്ദു-മുസ്‌ലിം ഐക്യം ലാക്കാക്കി ഖിലാഫത്ത് ആവശ്യം ഉന്നയിക്കുകയും ചെയ്തു. ഒരു സാമ്രാജ്യത്വ വിരുദ്ധ മുന്നണി ലക്ഷ്യം വെച്ച ഈ പ്രസ്ഥാനത്തില്‍ ഹിന്ദുവും മുസ്‌ലിമും ഉണ്ടായിരുന്നു. മലബാറില്‍ ഈ പ്രസ്ഥാനം വ്യാപിച്ചപ്പോള്‍ അതിന് ഒരു അക്രമസ്വഭാവം കൈവന്നു. കര്‍ഷകര്‍ ബ്രിട്ടീഷ് ഉദ്യോസ്ഥരെയും പ്രാദേശിക ജന്മിമാരെയും അക്രമിക്കാന്‍ തുടങ്ങി.
ഈ വീക്ഷണകോണില്‍ സാമ്രാജ്യത്വ അടിച്ചമര്‍ത്തലിന്റെ പ്രാദേശിക വക്താക്കളായതിനാല്‍ കര്‍ഷകരാല്‍ അക്രമിക്കപ്പെട്ട ജന്മികള്‍ക്കും പണമിടപാടുകാര്‍ക്കും എതിരെ നടന്ന മറ്റ് അക്രമണങ്ങള്‍ കര്‍ഷക പ്രക്ഷോഭത്തില്‍ നിന്നും വേറിട്ട് നിര്‍ത്താവുന്നതല്ല. ചില ഖിലാഫത്ത് നേതാക്കളുടെ സ്വാധീന വലയത്തില്‍ ചില സമയങ്ങളില്‍ ജനമുന്നേറ്റം മതാഷ്ഠിതം ആയിരുന്നെങ്കിലും സമഗ്രതയില്‍ സാമ്രാജ്യത്വ വിരുദ്ധവും ജന്മി വിരുദ്ധവുമായി നിലകൊണ്ടു.
കലാപകാരികളുടെ അക്രമണോത്സുകതയില്‍ ഗാന്ധി ദുഖിതനായിരുന്നെങ്കിലും ആ പോരാട്ട വീര്യത്തെ മാനിച്ചിരുന്നു. പ്രക്ഷോഭകാരികളില്‍ നിന്ന് പ്രദേശങ്ങള്‍ തിരിച്ച് പിടിക്കാന്‍ ബ്രട്ടീഷ് സൈന്യത്തിന് പണിപ്പെടേണ്ടിവന്നു.
വാഗണ്‍ ട്രാജഡിക്ക് ശേഷം 2000ത്തിലധികം കലാപകാരികള്‍ കൊലചെയ്യപ്പെട്ടു. ബല്ലാരിയിലേക്ക് തടവുകാരായ കലാപകാരികളെ കൊണ്ടുപോയ അടച്ചിട്ട തീവണ്ടി വാഗണില്‍ ഭക്ഷണമോ വെളളമോ നല്‍കാതെ കുത്തിനിറച്ചതിനാല്‍ അറുപത്തിനാല് പേരാണ് ശ്വാസംമുട്ടി മരിച്ചത്. ഈ ഭയാനകമായ കൊലപാതകം ദേശവ്യാപകമായി ഇന്ത്യന്‍ ജനങ്ങളില്‍ അമര്‍ഷം ഉണ്ടാക്കി; സ്വാതന്ത്ര്യത്തിനായുളള തീരാദാഹത്തിന് പ്രചോദനമായി. അന്‍ഡമാനിലെ സെല്ലുലാര്‍ ജയിലിലേക്ക് അയക്കപ്പെട്ട ഒട്ടേറെ കലാപകാരികളെ ക്രൂര പീഢനത്തിന് വിധേയരാക്കി.
1924ല്‍ അന്നത്തെ ഇന്ത്യയുടെ ബ്രട്ടീഷ് അണ്ടര്‍ സെക്രട്ടറി റോബേര്‍ട്ട് റിച്ചാര്‍ഡ്‌സ് പറയുകയുണ്ടായി ‘ജൂലൈ അവസാനം മൊത്തത്തില്‍ 1235 മാപ്പിള കലാപകാരികള്‍ അന്‍ഡമാനില്‍ ഉണ്ടായിരുന്നതില്‍ 72 പേര്‍ സെല്ലുലാര്‍ ജയിലിലും 12പേര്‍ കൗമാര വിഭാഗത്തിലും 40 കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടവരും അവരുടെ സഹായികളും ബാക്കിപ്പേര്‍ കുറ്റവാളികളുടെ ബരാക്‌സിലും’ ജയില്‍ മോചിതരായതിനു ശേഷം ഒട്ടനവധിപ്പേര്‍ അന്‍ഡമാനിലും അനുബന്ധ ദ്വീപുകളിലും സ്ഥിര താമസക്കാരാവുകയും കാര്‍ഷിക വൃത്തിയും മത്സ്യബന്ധനവും ഉപജീവനമാക്കുകയും ചെയ്തു. സി.പി.ഐ നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായ എന്‍.ഇ. ബലറാമുമൊത്ത് ഞാന്‍ ഈ ദ്വീപുകള്‍ സന്ദര്‍ശിച്ചപ്പോള്‍ കൊടിയ ബ്രട്ടീഷ് ക്രൂരതകള്‍ക്ക് ഇരയായവരുടെ കുടുബങ്ങളെ കാണുകയും സംസാരിക്കുകയും ചെയ്തു. ആര്‍.എസ്.എസ്സിനും ബി.ജെ.പിക്കും കര്‍ഷക സമരത്തെ ഉള്‍ക്കൊളളാന്‍ കഴിയാത്തത് അവരുടെ പ്രത്യയശാസ്ത്രപരമായ അടുപ്പം മുതലാളിത്തത്തോടും ജന്മിത്വത്തോടും അതിലേറെ ഉന്നതകുലജാതരോടും ആകയാലാണ്.
ഇതില്‍ നിന്നും വിഭിന്നമായി കമ്മ്യൂണിസ്റ്റുകാര്‍ കര്‍ഷക മുന്നേറ്റങ്ങളുടെ മുന്നണിപ്പോരാളികളാണ്. കിസാന്‍ സഭ പ്രസ്ഥാനം ജന്മിത്ത വ്യവസ്ഥ തച്ചുടയ്ക്കുന്ന നിയമനിര്‍മാണത്തിലും ഭൂപരിഷ്‌ക്കരണം കൊണ്ടുവരുന്നതിലും ക്രിയാത്മകമായി ഇടപ്പെട്ടിരുന്നു.
ആര്‍.എസ്.എസ്-ബിജെപിക്കാരുടെ വര്‍ഗ സവിശേഷതകള്‍ വെളിപ്പെടുന്നത് കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി പ്രതിഷേധം നയിക്കുന്ന കര്‍ഷകരോട് അവര്‍ക്കുളള സമീപനത്തില്‍ നിഴലിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്കിടയില്‍ പൊരുത്തക്കേട് ഉണ്ടാക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്. ഏങ്കിലും അടിസ്ഥാന വര്‍ഗത്തിന്റെയും ജാതിയുടെയും ഒത്തൊരുമ ഈ ധ്രുവീകരണത്തിനും ഉയരങ്ങളില്‍ അവരോധിക്കപ്പെടാന്‍ പ്രാപ്തവും ആര്‍. എസ്.എസിന്റെ നമ്മുടെ ചരിത്രവും സമകാലികവും ഭാവിയും കടന്നാക്രമിക്കുന്നതിനെ ചെറുക്കാനും കഴിയും.