| Sunday, 29th March 2020, 12:10 pm

രാമായണമല്ല, ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കലാണ് മുഖ്യം; കൊവിഡിനെതിരായ യുദ്ധം മഹാഭാരത യുദ്ധം പോലെയെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്, എന്തു താരതമ്യമാണിത്: ഡി.രാജ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: രാമായണം വീണ്ടും പ്രദര്‍ശിപ്പിക്കുന്നതിനല്ല ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടതെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലായിരുന്ന രാജയുടെ പ്രതികരണം.

അതിഥി സംസ്ഥാനത്തൊഴിലാളികള്‍ നടത്തുന്ന പലായനം ഞെട്ടിപ്പിക്കുന്നുണ്ട്. മന:സാക്ഷിയുള്ളവര്‍ക്ക് കണ്ടുനില്‍ക്കാനാവാത്ത ദൃശ്യങ്ങള്‍. തൊഴിലും ഭക്ഷണവുമില്ലാത്ത അവസ്ഥയില്‍ ഈ പാവങ്ങള്‍ അവരുടെ നാട്ടിലേക്ക് തിരിച്ചുപോവാനൊരുങ്ങും എന്ന് ഭരണകൂടം മുന്‍കൂട്ടിക്കാണണമായിരുന്നുവെന്ന് രാജ പറഞ്ഞു.

കുടിയേറ്റ തൊഴിലാളികള്‍ക്ക് താമസിക്കാനായി അടിയന്തര സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അവര്‍ക്ക് ഭക്ഷണവും കുടിവെള്ളവും നല്‍കണം. ഇതിനായി സ്‌കൂളുകളും മറ്റ് കേന്ദ്രങ്ങളും സര്‍ക്കാര്‍ ഏറ്റെടുക്കണം.

‘ഇവരുടെ മുന്‍ഗണനാപട്ടികയില്‍ രാമായണത്തിന്റെ പുന: സംപ്രേഷണമാണുള്ളത്. രാമായണമല്ല ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കലാണ് മുഖ്യം’, അദ്ദേഹം പറഞ്ഞു.

കൊറോണയ്‌ക്കെതിരെയുള്ള യുദ്ധം മഹാഭാരത യുദ്ധം പോലെയാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്തു താരതമ്യമാണതെന്നും അദ്ദേഹം ചോദിച്ചു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more