| Monday, 2nd March 2020, 11:09 am

കമ്മ്യൂണിസ്റ്റുകാരെ ഭീഷണിപ്പെടുത്താന്‍ നോക്കണ്ട, ബ്രിട്ടീഷ് രാജിനെതിരെ പൊരുതാനറിയാമെങ്കില്‍ ബി.ജെ.പി രാജിനെതിരെയും പൊരുതും: ഡി.രാജ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:ബ്രിട്ടീഷ് രാജിനെതിരെ പൊരുതിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ബി.ജെ.പി രാജിനെതിരെയും പൊരുതാനറിയാമെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ.

മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ അദ്ധ്യക്ഷനും സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗവുമായ കനയ്യകുമാറിനെതിരെയുള്ള രാജ്യദ്രോഹ കേസില്‍ വിചാരണയ്ക്ക് അനുമതി നല്‍കിയ സംഭവത്തെക്കുറിച്ച് ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കവേയായിരുന്നു രാജയുടെ പ്രതികരണം.

ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ കമ്മ്യൂണിസ്റ്റുകാരെ ഇത്തരത്തില്‍ ഭീഷണിപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.

” ഞങ്ങള്‍ നിയമപരമായും രാഷ്ട്രീയപരമായും പൊരുതും. അതിന് ഞങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ല. കമ്മ്യൂണിസ്റ്റ്കാരെ ഭീഷണിപ്പെടുത്താമെന്ന് കരുതേണ്ട. ഞങ്ങള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതിയവരാണ്. ബ്രിട്ടീഷുകരുടെ ഭരണ സമയത്ത് ആദ്യമായി ഗൂഢാലോചനക്കേസും രാജ്യദ്രോഹക്കേസും അഭിമുഖീകരിച്ചവരാണ് ഞങ്ങള്‍. ബ്രിട്ടീഷ് രാജിനെതിരെ പൊരുതിയിട്ടുണ്ട്. ഇനി ബി.ജെ.പി രാജിനെതിരെ പോരാട്ടം തുടരുകയും ചെയ്യും,” പറഞ്ഞു.

ഒരുഭാഗത്ത് ഭാരത് മാതാ കീ ജയും വന്ദേമാതരവും വിളിക്കുകയും അതേസമയം, മറുഭാഗത്ത് ഇന്‍ക്വിലാബ് സിന്ദാബാദ് വിളിക്കുകയും ചെയ്യുന്ന കെജ്‌രിവാളിന്റെ നയം ഒരുകാലത്തും അതിജീവിക്കില്ലെന്നും രാജ പറഞ്ഞു.

ഈ സമീപനം തനിക്ക് ഗുണം ചെയ്യുമെന്ന് കെജ്‌രിവാള്‍ കരുതുന്നുണ്ടെങ്കില്‍ അത് താത്ക്കാലികം മാത്രമാണ്, അത് ഏറെകാലം നിലനില്‍ക്കില്ലെന്നും രാജ കൂട്ടിച്ചേര്‍ത്തു.

കനയ്യകുമാറിനെതിരെയുള്ള രാജ്യദ്രോഹ കേസിനെ നിയമപരമായും രാഷ്ട്രീയപരവുമായി നേരിടുമെന്ന് സി.പി.ഐ. നിലപാട് വ്യക്തമാക്കിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more