| Monday, 22nd February 2016, 6:17 am

ജെ.എന്‍.യു സമരത്തില്‍ പങ്കെടുത്ത മകളെ ഡി.രാജ വെടിവെച്ചു കൊല്ലണമെന്ന് ബി.ജെ.പി നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:  ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ പങ്കെടുത്ത മകളെ വെടിവെച്ചു കൊല്ലാന്‍ സി.പി.ഐ നേതാവ് ഡി. രാജ തയ്യാറാവണമെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി എച്ച്. രാജ. രാജ്യസ്‌നേഹം തെളിയിക്കാന്‍ താനാണെങ്കില്‍ അങ്ങനെ ചെയ്യുമായിരുന്നെന്നും എച്ച. രാജ പറഞ്ഞു. മകളെ കൊല്ലാന്‍ രാജ കമ്മ്യൂണിസ്റ്റുകളോട് പറയണെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.

ഡി. രാജയുടെ മകളായ അപരാജിതയും ഉമര്‍ ഖാലിദുമാണ് ഫെബ്രുവരി 9ന് ജെ.എന്‍.യുവില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ചതെന്നാണ് ദല്‍ഹി പോലീസിന്റെ ആരോപണം.

ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രാജ്യദ്രോഹികളാണെന്നും എച്ച്. രാജ ആക്ഷേപിച്ചു.

വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ദേശവിരുദ്ധ കേന്ദ്രങ്ങളായി മാറിയെന്നും ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരുടെയും നക്‌സലൈറ്റുകളുടെയും വളര്‍ത്തു കേന്ദ്രമായി ജെ.എന്‍.യു മാറിയെന്നും എച്ച്. രാജ ആരോപിച്ചു.

വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ കുപ്രസിദ്ധിയാര്‍ജിച്ച നേതാവാണ് എച്ച്. രാജ. മുസ്‌ലിം-ക്രിസ്ത്യന്‍ നേതാക്കളെയും പെരിയാറിനെയും അധിക്ഷേപിച്ചതിന് 2014ല്‍ എച്ച്. രാജക്കെതിരെ തമിഴ്‌നാട് പോലീസ് കേസെടുത്തിരുന്നു.

We use cookies to give you the best possible experience. Learn more