| Monday, 29th March 2021, 10:48 am

'കേരളത്തില്‍ നടക്കുന്ന കാര്യങ്ങളില്‍ രാഹുലിന് ഇനിയും വ്യക്തത വരേണ്ടതുണ്ട്'; യു.ഡി.എഫ് പ്രചാരണം ഗുണം ചെയ്യുന്നത് ബി.ജെ.പിക്കെന്നും ഡി. രാജ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ. രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് രാഹുല്‍ഗാന്ധിക്ക് വ്യക്തതയില്ലെന്നാണ് രാജയുടെ വിമര്‍ശനം.

കേരളത്തില്‍ നടക്കുന്ന കാര്യങ്ങളെ സംബന്ധിച്ച് രാഹുല്‍ ഗാന്ധിക്ക് വ്യക്തത വരേണ്ടത് അത്യാവശ്യമാണെന്നും ഡി. രാജ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ബി.ജെ.പി കേരളത്തില്‍ ആധിപത്യമുറപ്പിക്കുന്നതിനെ എങ്ങനെ ചോദ്യം ചെയ്യണമെന്നതിലും കേരളത്തില്‍ എന്താണ് സംഭവിക്കുന്നത് എന്നതിലും രാഹുലിന് ഒരു വ്യക്തത വരേണ്ടത് ആവശ്യമാണ്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹരിയാന തുടങ്ങി ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അവര്‍ക്ക് പറ്റുന്നതെല്ലാം അവര്‍ കാണിച്ചു കൂട്ടുന്നുണ്ട്. അത്തരമൊരു അവസ്ഥ കേരളത്തില്‍ ഉണ്ടാകാന്‍ പാടില്ല. രാഹുല്‍ ഗാന്ധിയും അദ്ദേഹം നയിക്കുന്ന മുന്നണിയും ഇക്കാര്യം കാര്യമായി ചിന്തിക്കേണ്ടതുണ്ട്,’ രാജ പറഞ്ഞു.

കേരളത്തില്‍ ഏതെങ്കിലും തരത്തില്‍ ബി.ജെ.പി ആധിപത്യമുറപ്പിച്ചാല്‍ അതിന് കാരണം യു.ഡി.എഫാണ് എന്നത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് ബി.ജെ.പിയെ ഉന്നം വെക്കുന്നതിന് പകരം എല്‍.ഡി.എഫിനെയാണ് ഉന്നംവെക്കുന്നത്. എന്നാല്‍ ഇതൊന്നും കേരളത്തില്‍ വിലപോകില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ എല്‍.ഡി.എഫ് മുന്നോട്ട് പോകുന്നത് സംസ്ഥാനത്ത് അവര്‍ നടത്തിയ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ്. ശബരിമല വിഷയത്തിലൂടെ മതത്തെയും രാഷ്ട്രീയത്തെയും കൂട്ടിക്കെട്ടുകയാണ് യു.ഡി.എഫും ബി.ജെ.പിയും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: D Raja against Rahul Gandhi in election campaign at Kerala

We use cookies to give you the best possible experience. Learn more