| Monday, 8th April 2024, 2:03 pm

ആര്‍മിയില്‍ നിന്ന് മൂന്ന് ഹെലികോപ്റ്റര്‍ എത്തിച്ച് ആ ഷോട്ടെടുക്കാനായിരുന്നു പ്ലാന്‍, പക്ഷേ അതിനേക്കാള്‍ ഭംഗിയായി ഞങ്ങള്‍ക്ക് ആ സീന്‍ എടുക്കാന്‍ പറ്റി: സുനില്‍ കെ.എസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആടുജീവിതം സിനിമയിലെ ഏറ്റവും മനോഹരമായി രംഗങ്ങളിലൊന്നായിരുന്നു മരുഭൂമിയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നജീബും ഹക്കീമും ഇബ്രാഹിമും മണല്‍ക്കാറ്റില്‍ പെട്ടുപോകുന്ന രംഗം. ഒറിജിനല്‍ സാന്റ്‌സ്‌റ്റോം തന്നെയായിരുന്നു സിനിമയില്‍ ചിത്രീകരിച്ചത്.

വി.എഫ്.എക്‌സിന്റെ കൂടി സഹായത്തോടെയാണ് ആ രംഗം സിനിമയില്‍ ഉള്‍പ്പെടുത്തിയതെങ്കിലും വലിയൊരു പോഷനും ഒറിജിനല്‍ സാന്റ് സ്‌റ്റോം തന്നെയായിരുന്നു കാണിച്ചത്.

മരുക്കാറ്റ് ഷൂട്ട് ചെയ്യാനുള്ള ഒരു പ്ലാന്‍ നേരത്തെ തയ്യാറാക്കിയിരുന്നെന്നും എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് ഒറിജനല്‍ സാന്റ് സ്റ്റോം ലഭിച്ചതെന്നും സംവിധായകന്‍ ബ്ലെസി നേരത്തെ തന്നെ പറഞ്ഞിരുന്നു. ഒറിജിനല്‍ സാന്റ് സ്റ്റോം ഷൂട്ട് ചെയ്യുന്നതിന്റെ വെല്ലുവിളികളെ കുറിച്ച് ക്യാമറാ ടീം പറഞ്ഞിരുന്നെങ്കിലും രണ്ടും കല്‍പ്പിച്ച് തങ്ങള്‍ ഇറങ്ങിത്തിരിക്കുകയായിരുന്നുവെന്നാണ് ബ്ലെസി പറഞ്ഞത്.

സാന്റ് സ്റ്റോം രംഗം ഷൂട്ട് ചെയ്യാന്‍ നേരത്തെ പ്ലാന്‍ ചെയ്തിരുന്നത് എങ്ങനെയായിരുന്നെന്ന് പറയുകയാണ് ഡി.ഒ.പി സുനില്‍ കെ.എസ്. ഒറിജിനല്‍ സാന്റ് സ്റ്റോം ഷൂട്ട് ചെയ്യുമ്പോഴുള്ള വെല്ലുവിളികളെ കുറിച്ചും സുനില്‍ ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ നമ്മുടെ പ്ലാന്‍ എന്തായിരുന്നു എന്ന് വെച്ചാല്‍ മൂന്ന് ചോപ്പര്‍ വെച്ച് ഡസ്റ്റ് ക്രിയേറ്റ് ചെയ്ത് ഷൂട്ട് ചെയ്യാമെന്നായിരുന്നു. കാരണം മരുഭൂമിയില്‍ ആ സമയത്ത് അത്രയും കാറ്റ് കിട്ടുക എന്ന് പറയുന്നത് ഇംപോസിബിളാണ്. ഹെയറിലും ഡ്രസിലുമൊക്കെ കിട്ടണമെങ്കില്‍ ഹെവിയായിട്ടുള്ള ബ്ലോവര്‍ വേണം. അത് ഇവിടെ നിന്ന് അവിടേക്ക് കൊണ്ടുപോയിരുന്നു.

പക്ഷേ മരുഭൂമിയില്‍ ബ്ലോവര്‍ കൊണ്ടുവെച്ചിട്ട് കാര്യമില്ലെന്ന് ആദ്യ ഷെഡ്യൂളില്‍ തന്നെ ഞങ്ങള്‍ക്ക് മനസിലായി. കാറ്റൊന്നും ഒട്ടും ഫീല്‍ ചെയ്യില്ല. ഹെവി ബ്ലോവര്‍ ഉണ്ടായിട്ട് പോലും കാര്യമില്ല. അത്രയും വാസ്റ്റ് ആയിട്ടുള്ള ഏരിയ ആണ്. മൂന്നടി നാലടി അകലം വെച്ച് ബ്ലോവര്‍ വെച്ചാലേ ഉദ്ദേശിക്കുന്ന എഫക്ട് കിട്ടുള്ളൂ. അപ്പോള്‍ ക്യാമറ വെക്കാന്‍ സ്ഥലമുണ്ടാവില്ല. അത് പ്രാക്ടിക്കലല്ല എന്ന് ആദ്യ ഷെഡ്യൂളില്‍ തന്നെ മനസിലായിരുന്നു.

പിന്നെ ആലോചിച്ചപ്പോള്‍ ആര്‍മിയില്‍ നിന്ന് ഒരു മൂന്ന് ചോപ്പര്‍ വാങ്ങി ഈ ചോപ്പര്‍ വെച്ചിട്ട് ഓപ്പറേറ്റ് ചെയ്യാമെന്നുള്ള പ്ലാനിലാണ് പോയത്. ഷൂട്ട് തുടങ്ങുമ്പോഴും പ്ലാന്‍ അതു തന്നെയായിരുന്നു. അങ്ങനെ അവിടെ ഉള്ള ആളുകളുമായി സംസാരിച്ചപ്പോഴാണ് അവിടെ കാലാവസ്ഥ മാറുകയാണെന്നും വിന്ററില്‍ നിന്ന് സമ്മറിലേക്ക് മാറുകയാണെന്നും പറയുന്നത്. കാലാവസ്ഥ മാറുമ്പോള്‍ ഒന്ന് രണ്ട് സാന്റ് സ്‌റ്റോം വരാന്‍ സാധ്യതയുണ്ടെന്ന് അവര്‍ പറഞ്ഞു.

എന്നാല്‍ പിന്നെ അങ്ങനെ ഒരു പ്ലാന്‍ നോക്കാമെന്ന് പറഞ്ഞ് സീക്വന്‍സ് ഹോള്‍ഡ് ചെയ്തു. അങ്ങനെ ഇരിക്കുമ്പോഴാണ് സാന്റ് സ്‌റ്റോം വരുന്നതായി വെതര്‍ അലേര്‍ട്ട് കിട്ടുന്നത്. സാധാരാണ വരുന്നതുപോലെയല്ല ഇത് കുറച്ച് ഹെവിയാണ് വരാന്‍ പോകുന്നതെന്ന് അവര്‍ പറഞ്ഞു.

എന്നാല്‍ നോക്കുകയല്ലേ എന്ന് പറഞ്ഞ് ബ്ലെസി ചേട്ടന്‍ ചോദിച്ചു. അങ്ങനെ ഇറങ്ങിത്തിരിക്കുകയായിരുന്നു. റിയല്‍ സാന്റ് സ്‌റ്റോം തന്നെ ഷൂട്ട് ചെയ്തു. സിനിമയില്‍ ആ രംഗത്ത് പിറകില്‍ കാണിക്കുന്ന സാന്റ് ക്ലൗഡ് വി.എഫ്.എക്‌സ് ആണ്. ബാക്കി ഇന്ററാക്ഷനെല്ലാം റിയല്‍ ആണ്.

സൂചി കുത്തുന്നതുപോലെയാണ് ഈ മണ്ണ് വന്ന് ദേഹത്ത് അടിക്കുന്നത്. സ്റ്റാറ്റിക് കറണ്ടുണ്ട്. എക്വിപ്‌മെന്റിലും പരസ്പരവും വേറെ ആളെ തൊടാനും പറ്റില്ല. സ്റ്റാറ്റിക് ഇലക്ട്രിസിറ്റി കാരണം ഇത് ദേഹത്ത് തട്ടുമ്പോള്‍ നമ്മളെല്ലാം ചാര്‍ജ്ജാകും. നമ്മള്‍ പരസ്പരം തൊടാന്‍ പറ്റില്ല. തൊട്ടുകഴിഞ്ഞാല്‍ അപ്പോള്‍ ഷോക്കടിക്കും. എക്വിപ്‌മെന്റില്‍ പിടിക്കാന്‍ കഴിയില്ല, വണ്ടികള്‍ തൊടാന്‍ പറ്റില്ല. പരസ്പരം അകന്നകന്ന് നിന്നാണ് ഷൂട്ട് ചെയ്തത്.

കഷ്ടപ്പെട്ടിട്ടാണെന്നും ആ പ്രോസസ് ഞങ്ങള്‍ എന്‍ജോയ് ചെയ്തു. രണ്ട് ദിവസം മുഴുവനായി സാന്റ് സ്‌റ്റോം ഉണ്ടായിരുന്നു. ആ രണ്ട് ദിവസം കൊണ്ട് ഞങ്ങള്‍ ഫുള്‍ ഷോട്ട് എടുത്ത് തീര്‍ത്തു,’ സുനില്‍ കെ.എസ് പറഞ്ഞു.

Content Highlight: D.O.P Sunil KS about the sandstorm scenes of aadujeevitham

We use cookies to give you the best possible experience. Learn more