| Sunday, 13th October 2019, 7:25 pm

അയോധ്യയെക്കുറിച്ച് കെ.കെ മുഹമ്മദ് പറഞ്ഞതെല്ലാം കള്ളം, ബി.ബി ലാലിന്റെ സംഘത്തില്‍ കെ.കെ മുഹമ്മദ് അംഗമല്ലായിരുന്നു: തുറന്നടിച്ച് ഡി.എന്‍ ഝാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മലയാളി പുരാവസ്തു വിദഗ്ധന്‍ കെ.കെ മുഹമ്മദ് അയോധ്യയുമായി ബന്ധപ്പെട്ട് കൂടുതല്‍ കള്ളങ്ങള്‍ പറഞ്ഞെന്ന് ചരിത്രകാരനും ദല്‍ഹി സര്‍വകലാശാലയിലെ ചരിത്രവിഭാഗം മുന്‍ മേധാവിയുമായ ഡി.എന്‍ ഝാ. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബാബ്‌റി ഭൂമിയില്‍ ക്ഷേത്രത്തിന്റെ അവശിഷ്ടം താനടക്കമുള്ള ബി.ബി. ലാലിന്റെ നേതൃത്വത്തിലുള്ള പുരാവസ്തു വിദഗ്ധ സംഘം കണ്ടെത്തിയെന്ന് ബാബ്‌റി കേസ് അന്ത്യത്തോട് അടുത്ത വേളയിലും മുഹമ്മദ് ആവര്‍ത്തിച്ച സാഹചര്യത്തിലാണ് വസ്തുതകള്‍ വെളിപ്പെടുത്തി ഡി.എന്‍. ഝായും രംഗത്തുവന്നത്. വിവാദ അഭിമുഖത്തില്‍ തന്റെ പേര് പരാമര്‍ശിച്ചതിനാല്‍ കെ.കെ. മുഹമ്മദ് പരത്തുന്ന തെറ്റിദ്ധാരണ നീക്കാന്‍ താനും ബാധ്യസ്ഥനാണെന്നും അദ്ദേഹം മാധ്യമത്തോട് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പുരാവസ്തു വിദഗ്ധന്‍ ബി.ബി. ലാലിന്റെ സംഘത്തില്‍ അംഗമല്ലാതിരുന്ന മുഹമ്മദ് ഈ സംഘാംഗമാണെന്ന് മാത്രമല്ല, സംഘം അവിടെനിന്ന് ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നും കള്ളം പറഞ്ഞതാണെന്ന് മുഹമ്മദിന്റെ സുഹൃത്ത് കൂടിയായ അലീഗഢിലെ ചരിത്രവിഭാഗം മേധാവി അലി നദീം റസാവി വെളിപ്പെടുത്തിയിരുന്നു.

താനടക്കമുള്ള ചരിത്രകാരന്മാര്‍ അയോധ്യ സന്ദര്‍ശിച്ചത് പ്രഫ. റൊമില ഥാപ്പറുടെ നേതൃത്വത്തിലായിരുന്നെന്ന് മുഹമ്മദ് പറഞ്ഞത് കള്ളമാണെന്ന് ഝാ വെളിപ്പെടുത്തി.

‘പ്രഫ. ആര്‍.എസ്. ശര്‍മക്ക് കീഴിലായിരുന്നു തങ്ങളുടെ അയോധ്യ സന്ദര്‍ശനം. അക്കൂട്ടത്തിലുണ്ടായിരുന്ന പ്രഫ. അത്തര്‍ അലി ഇടതുപക്ഷത്തല്ല. ഇടത്തും വലത്തുമുള്ളവരോ ഏതെങ്കിലും പാര്‍ട്ടിയുടെ ആളുകളോ ആയിരുന്നില്ല, ചരിത്ര സ്മാരകം സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന യുക്തിബോധമുള്ള ചരിത്രകാരന്മാരായിരുന്നു അയോധ്യയില്‍ പോയത്.’

നിഷ്പക്ഷ ചരിത്രകാരന്മാരെ ‘ഇടതുപക്ഷം വാടകക്കെടുത്തവര്‍’ എന്ന് കെ.കെ മുഹമ്മദ് ആക്ഷേപിക്കുന്നുണ്ടെങ്കില്‍ വിശ്വഹിന്ദുപരിഷത്തിന്റെ യുക്തിഹീനമായ നിലപാടിനെ പ്രതിരോധിക്കുന്നവര്‍ സംഘ്പരിവാര്‍ വാടകക്കെടുത്തവരാണെന്ന് വിശേഷിപ്പിക്കുന്നതില്‍ നിന്ന് ഒന്നും തന്നെ തടയുന്നില്ലെന്നും ഝാ വ്യക്തമാക്കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അയോധ്യയിലെ രണ്ടു ഖനനത്തെകുറിച്ച് മാത്രമേ മുഹമ്മദ് പറയുന്നുള്ളൂ. ശരിക്കും നാലു പര്യവേക്ഷണങ്ങള്‍ അയോധ്യയില്‍ നടന്നിട്ടുണ്ട്. 1861ല്‍ അലക്‌സാണ്ടര്‍ ഗണ്ണിങ്ഹാം നടത്തിയതാണ് ആദ്യത്തേത്. 1969ല്‍ ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ എ.കെ. നാരായണനും സംഘവും നടത്തിയതാണ് രണ്ടാമത്തേത്.

1970കളില്‍ ബി.ബി. ലാലും സംഘവും നടത്തിയതാണ് മൂന്നാമത്തേത്. അക്കാലത്ത് വിദ്യാര്‍ഥിയും പിന്നീട് അലീഗഢില്‍ ജോലിക്കാരനുമായ മുഹമ്മദ് താന്‍ ഈ സംഘത്തിലുണ്ടായിരുന്നെന്നാണ് അവകാശപ്പെട്ടത്. അലഹാബാദ് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം നടത്തിയ നാലാമത്തെ പര്യവേക്ഷണവും ദുരൂഹമായിരുന്നു.

അവിടെനിന്ന് ജീവജാലങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതൊന്നും രേഖപ്പെടുത്തിയില്ല. പൊളിച്ച ബാബ്‌റി മസ്ജിദിന്റെ ഭൂമിയില്‍ പിന്നീട് കൊണ്ടിട്ട അവശിഷ്ടങ്ങളാണ് ക്ഷേത്രത്തിന്റെ അടയാളങ്ങളായി ആ പര്യവേക്ഷണത്തില്‍ പറഞ്ഞതെന്ന് ഝാ ചൂണ്ടിക്കാട്ടി.

അയോധ്യ വിവാദത്തിന്റെ തുടക്കം മുതല്‍ ദുരൂഹമായ പങ്കു വഹിച്ചവരാണ് പുരാവസ്തു വകുപ്പ് എന്നും ഡി.എന്‍. ഝാ കുറ്റപ്പെടുത്തി. പുരാവസ്തു വകുപ്പും ബി.ബി. ലാലും യഥാര്‍ത്ഥ തെളിവുകള്‍ പലതും മറച്ചുവെച്ച അയോധ്യ പര്യവേക്ഷണം സംശയാസ്പദമായിരുന്നെന്ന് ഝാ ചൂണ്ടിക്കാട്ടി.

ബി.ബി. ലാലിന്‍േറത് പ്രാഥമിക റിപ്പോര്‍ട്ടായതുകൊണ്ടാണ് തൂണുകള്‍ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളായി പറയാത്തതെന്ന കെ.കെ. മുഹമ്മദിന്റെ വാദവും ഡി.എന്‍. ഝാ തള്ളി. ”ജന്മസ്ഥാന്‍ പ്രദേശത്ത് മധ്യകാലഘട്ടത്തിലെ കല്ലുകളും ചുണ്ണാമ്പുതറകളും കണ്ടു. എന്നാല്‍, അവയുടെ വളരെ വൈകിയ കാലയളവ് എന്തെങ്കിലും താല്‍പര്യം ഉളവാക്കുന്നതല്ല” എന്ന് റിപ്പോര്‍ട്ടില്‍ ബി. ബി. ലാല്‍ പറയുന്നുണ്ട്.

അതുകൊണ്ടാണ് ബി.ബി. ലാലിന് പ്രസക്തമായി തോന്നാതിരുന്നത്. 1988ലെ ഐ.സി.എച്ച്.ആര്‍ സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധത്തിലും 1989ല്‍ ബിഹാറിലെ പട്‌ന മ്യൂസിയത്തില്‍ രാമായണത്തിന്റെ ചരിത്രപരതയെ കുറിച്ച് നടത്തിയ പ്രഭാഷണത്തിലും ലാല്‍ ഈ തൂണുകളെ കുറിച്ചുപറഞ്ഞില്ല. എന്നാല്‍, 1989ല്‍ ശിലാന്യാസം നടന്ന ശേഷമാണ് സംഘ്പരിവാറിന്റെ ദീന്‍ ദയാല്‍ ഉപാധ്യായ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ‘മന്തനി’ല്‍ 1990 ഒക്‌ടോബറില്‍ ബാബരി മസ്ജിദിനടുത്തുള്ള തൂണുകളുടെ അവശിഷ്ടങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്നത്. അയോധ്യ ഉത്ഖനനം കഴിഞ്ഞ് 15 വര്‍ഷം കഴിയേണ്ടി വന്നു ലാലിനിത് പറയാന്‍ എന്ന് ഝാ പരിഹസിച്ചു.

അയോധ്യയിലെ ഖനനത്തില്‍നിന്ന് കിട്ടിയ വസ്തുക്കള്‍ പരിശോധിക്കാനായി 1992 ഒക്‌ടോബര്‍ 23ന് താനടക്കമുള്ള നാല് ചരിത്രകാരന്മാര്‍ ദല്‍ഹിയിലെ പുരാതന കിലയില്‍ പോയെങ്കിലും പുരാവസ്തു വകുപ്പ് കാണാന്‍ അനുമതി തന്നില്ല. ഏറ്റവും പ്രാധാന്യമേറിയ തെളിവായിരുന്ന ‘അയോധ്യ ട്രഞ്ച് -നാല്’ ഭാഗത്തെ ഖനനം രേഖപ്പെടുത്തിയ നോട്ടുപുസ്തകവും കാണിച്ചുതന്നില്ല. 15 വര്‍ഷം മുമ്പുള്ള പര്യവേക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കഴിയില്ലെന്ന ന്യായമാണ് അവര്‍ പറഞ്ഞതെന്നും ഝാ വ്യക്തമാക്കി.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more