| Wednesday, 4th September 2019, 9:01 pm

ഇട്ടിമാണി, ലൗ ആക്ഷന്‍ ഡ്രാമ, ബ്രദേഴ്‌സ് ഡേ, ഫൈനല്‍സ് ; ഓണത്തിന് ബോക്‌സോഫീസ് യുദ്ധത്തില്‍ ആര് നേടും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷം ഓണത്തിന് ബോക്‌സ്ഓഫീസില്‍ കനത്ത മത്സരമാണ് നടക്കുന്നത്. മോഹന്‍ലാല്‍ ചിത്രം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന, പൃഥ്വിരാജിന്റെ ബ്രദേഴ്‌സ് ഡേ, നിവിന്‍പോളി, -നയന്‍താര ടീമിന്റെ ലൗ ആക്ഷന്‍ ഡ്രാമ, രജിഷ വിജയന്റെ ഫൈനല്‍സ് , ധനുഷിന്റെ എന്നെ നോക്കി പായും തോട്ട എന്നിവായാണ് തിയേറ്ററുകളില്‍ എത്തുന്നത്.

നിവിനെ നായകനാക്കി നടനും തിരക്കഥാകൃത്തുമായ ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ലൗ ആക്ഷന്‍ ഡ്രാമയാണ് തിയേറ്ററുകളില്‍ ആദ്യമെത്തുന്നത്. സെപ്തംബര്‍ അഞ്ചിന് തിയേറ്ററുകളില്‍ എത്തുന്ന ലൗ ആക്ഷന്‍ ഡ്രാമയില്‍ നിവിന്‍ പോളിയും നയന്‍താരയുമാണ് പ്രധാനവേഷത്തില്‍ എത്തുന്നത്. നടന്‍ അജു വര്‍ഗീസും വൈശാഖ് സുബ്രഹ്മണ്യവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മല്ലിക സുകുമാരന്‍, ശ്രീനിവാസന്‍ ബേസില്‍ ജോസഫ്്, ദുര്‍ഗ കൃഷ്ണ എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തുന്നത്.

നിവിന്‍ ദിനേശനും നയന്‍താര ശോഭയുമായി എത്തുന്ന ചിത്രത്തില്‍ ഷാന്‍ റഹ്മാനാണ് സംഗീതസംവിധാനം. ചിത്രത്തിന്റെ ഗാനങ്ങളും ടീസറും സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലാണ്.


ലൂസിഫറിന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രമാണ് ഇട്ടമാണി മേയ്ഡ് ഇന്‍ ചൈന. നവാഗതരായ ജിബിയും ജോജുവും സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രണ്ട് ഗെറ്റപ്പുകളിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ആശിര്‍വാദ് സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ പ്രധാനഭാഗങ്ങള്‍ ചൈനയിലും ചിത്രീകരിച്ചിരുന്നു. മോഹന്‍ലാലും കെ.പി.എ.സി ലളിതയും ചൈനീസ് സംസാരിക്കുന്ന ഇട്ടിമാണിയുടെ ടീസര്‍ ചിരിയുണര്‍ത്തിയിരുന്നു. സെപ്തംബര്‍ ആറിന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തില്‍ സിദ്ധിഖ്, ധര്‍മ്മജന്‍ , സ്വാസിക, രാധിക ശരത്കുമാര്‍ എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തുന്നത്.

പൃഥ്വിരാജിന്റെ ബ്രദേസ് ഡേയാണ് ആരാധകര്‍ കാത്തിരിക്കുന്ന മറ്റൊരു സിനിമ. ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു തുടങ്ങി സ്വന്തം കഴിവുകൊണ്ട് അഭിനേതാവെന്ന നിലയില്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്ത കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ബ്രദേഴ്‌സ് ഡേയ്ക്കുണ്ട്. പൃഥ്വിരാജിന് പുറമേ വിജയരാഘവന്‍ , പ്രയാഗ , ഐശ്വര്യ ലക്ഷ്മി, മഡോണ, മിയ, തമിഴ് നടന്‍ പ്രസന്ന തുടങ്ങിയവരാണ് പ്രധാനവേഷത്തില്‍ എത്തുന്നത്.

ട്രാഫിക് എന്ന ചിത്രം നിര്‍മ്മിച്ച ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ 4 മ്യൂസികാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

രാജിഷാ വിജയനും സുരാജും പ്രധാന കഥാപാത്രങ്ങള്‍ ആയി വരുന്ന ഫൈനല്‍സാണ് ഓണത്തിനെത്തുന്ന മറ്റൊരു ചിത്രം. നവാഗതനായ പി ആര്‍ അരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു സൈക്ലിംഗ് താരത്തിന്റെ കഥയാണ് പറയുന്നത്.

മണിയന്‍ പിള്ള രാജു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ മകന്‍ നിരഞ്ജന്‍ രാജുവും പ്രധാനവേഷത്തില്‍ എത്തുന്നു.

കൈലാസ് മേനോന്‍ ആണ് ചിത്രത്തിന്റെ സംഗീതം. ഗിരീഷ് പുത്തഞ്ചേരി 2007 ഇല്‍ കൈലാസ് മേനോന് എഴുതിക്കൊടുത്ത വരികള്‍ ഈ സിനിമയിലെ ഒരു ഗാനം ആയി വരുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

തമിഴില്‍ നിന്നും ധനുഷ് നായകനാവുന്ന എന്നെ നോക്കി പായും തോട്ടയാണ് ഓണാഘോഷത്തിനായി തിയേറ്ററുകളില്‍ എത്തുന്നത്. ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ഗൗതം മേനോന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ധനുഷ്, മേഘ ആകാശ് എന്നിവര്‍ ആണ് കേന്ദ്രകഥാപാത്രമായി വരുന്നത്. 2016 മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിച്ചിരുന്നെങ്കിലും ഇപ്പോഴാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

ചിത്രത്തിലെ മറുവാര്‍ത്തെയ് പേസാതെ എന്ന ഗാനം റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിരുന്നു. ചിത്രം 6 ന് തിയേറ്ററുകളില്‍ എത്തും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്