| Wednesday, 28th November 2012, 12:11 am

കൊച്ചി മെട്രോ: നിര്‍മ്മാണത്തിലടക്കം സഹായിക്കാന്‍ ഡി.എം.ആര്‍.സി ക്ക് കേന്ദ്ര നിര്‍ദ്ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി : കൊച്ചി മെട്രോ റെയില്‍ നിര്‍മാണ പ്രവര്‍ത്തനത്തില്‍ സഹായിക്കാന്‍ ഡി.എം.ആര്‍.സിക്ക് കേന്ദ്ര നഗരവികസനമന്ത്രാലയത്തിന്റെ നിര്‍ദേശം. കഴിഞ്ഞ വെള്ളിയാഴ്ച കേന്ദ്ര നഗരവികസനമന്ത്രി കമല്‍നാഥിന്റെ സാന്നിധ്യത്തില്‍ നടന്ന മന്ത്രിതല ചര്‍ച്ചയുടെ തുടര്‍ച്ചയായിട്ടാണ് ഈ നിര്‍ദേശം.

മന്ത്രാലയത്തിന്റെ ഔദ്യോഗിക നിര്‍ദേശം ഇന്നലെ ചേര്‍ന്ന ഡി.എം.ആര്‍.സി ഡയരക്ടര്‍ ബോര്‍ഡ് യോഗത്തില്‍ അവതരിപ്പിച്ചു. കേന്ദ്ര നഗരവികസന സെക്രട്ടറി സുധീര്‍ കൃഷ്ണയുടെ അധ്യക്ഷതയിലായിരുന്നു യോഗം. []

നിര്‍മാണപ്രവര്‍ത്തനമടക്കം കൊച്ചി മെട്രോയില്‍ സാധ്യമായ എല്ലാ സഹായങ്ങളും നല്‍കണമെന്ന് ഡി.എം.ആര്‍.സിക്ക് നിര്‍ദേശം നല്‍കുന്നതാണ് ഉത്തരവെന്ന് നഗരവികസനമന്ത്രാലയം പറഞ്ഞു. ഏതുതരത്തില്‍ കൊച്ചി മെട്രോയെ സഹായിക്കാമെന്നുള്ള വ്യവസ്ഥകള്‍ തയ്യാറാക്കി വരുന്നതേയുള്ളൂ. ഇതിനുള്ള ഉത്തരവാദിത്വം സുധീര്‍കൃഷ്ണയുടെ നേതൃത്വത്തിലുള്ള പ്രത്യേകസമിതിക്കാണ്.

കേരളം, ദല്‍ഹി സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരാണ് സമിതി അംഗങ്ങള്‍. സമിതിക്കുവേണ്ടി കരടുരൂപരേഖ തയ്യാറാക്കുന്നത് ഡി.എം.ആര്‍.സി മാനേജിങ് ഡയരക്ടര്‍ മങ്കു സിങ്ങിന്റെ നേതൃത്വത്തിലാണ്.

അവലോകനങ്ങള്‍ക്കുശേഷം പ്രത്യേകസമിതി അതിന് അന്തിമരൂപം നല്‍കും. ഇരുസംസ്ഥാനങ്ങളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും ഇത്. കണ്‍സള്‍ട്ടന്‍സിക്ക് പുറമേ നിര്‍മാണത്തിലും സഹായിക്കണമെന്നായിരുന്നു കമല്‍നാഥിന്റെ അധ്യക്ഷതയില്‍ നടന്ന മന്ത്രിതല ചര്‍ച്ചയിലെ ധാരണ.

എന്നാല്‍, നിര്‍മാണം ഏതുവിധത്തില്‍ ഡി.എം.ആര്‍.സി ഏറ്റെടുക്കുമെന്ന് ഇതുവരെ വ്യക്തമല്ല. നാമനിര്‍ദേശവ്യവസ്ഥയില്‍ നിര്‍മാണം ഡി.എം.ആര്‍.സിയെ ഏല്‍പ്പിക്കണമെന്നാണ് ഇ. ശ്രീധരന്റെ നിലപാട്. ഇക്കാര്യം രണ്ട് സ്ഥാപനങ്ങളുടെയും ഡയരക്ടര്‍ ബോര്‍ഡ് യോഗം അംഗീകരിച്ചാല്‍ മതി. ഇത്തരമൊരു വ്യവസ്ഥയിലുള്ള പദ്ധതിനിര്‍വഹണം മാത്രമേ കാര്യക്ഷമമാവൂവെന്നാണ് ശ്രീധരന്റെ വിലയിരുത്തല്‍.

കൊച്ചി മെട്രോയ്ക്കായി ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ക്കുള്ള ചുമതല ഡി.എംആര്‍.സി ക്കുണ്ടെങ്കിലേ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാവൂ. ഇങ്ങനെ ഡി.എം.ആര്‍.സിക്ക് നിര്‍ണായക പങ്കാളിത്തം പദ്ധതിയിലുണ്ടാവുമെന്നുള്ള പ്രതീക്ഷയിലാണ് ഇ. ശ്രീധരന്‍.

കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള യോഗത്തില്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ചാണ്ടി, ഷീലാ ദീക്ഷിത്, കേന്ദ്ര ഭക്ഷ്യപൊതുവിതരണമന്ത്രി പ്രൊഫ. കെ.വി തോമസ്, പ്രവാസികാര്യമന്ത്രി വയലാര്‍ രവി എന്നിവരും പങ്കെടുത്തു. ഈ യോഗത്തിലാണ് കൊച്ചി മെട്രോയില്‍ ഡി.എം.ആര്‍.സി പങ്കാളിയാവുമെന്ന് ധാരണയായത്. ഇതിനുമുമ്പേ പ്രതിരോധമന്ത്രി എ.കെ ആന്റണി കമല്‍നാഥിനെയും ഷീലാ ദീക്ഷിതിനെയും കണ്ട് കൊച്ചിയുടെ കാര്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നു.

യോഗം നിര്‍ദേശിച്ച പ്രത്യേകസമിതിയുടെ റിപ്പോര്‍ട്ട് തയ്യാറാവാന്‍ സമയമെടുക്കുമെന്നതിനാല്‍ 27നുള്ള ഡി.എം.ആര്‍.സി. ബോര്‍ഡ് നീട്ടിവെക്കാന്‍ കമല്‍നാഥ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, മാസത്തിലൊരിക്കല്‍ ബോര്‍ഡ് ചേരണമെന്നാണ് വ്യവസ്ഥയെന്നതിനാല്‍ ഇന്നലെ യോഗം നടന്നു. നഗരവികസനമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പ്രാഥമിക ചര്‍ച്ചകളും നടത്തി.

സമിതിയുടെ റിപ്പോര്‍ട്ട് തയ്യാറായശേഷം അടുത്ത ബോര്‍ഡില്‍ കൊച്ചിയുടെ കാര്യത്തിലുള്ള ഔദ്യോഗിക തീരുമാനമുണ്ടാവും.

We use cookies to give you the best possible experience. Learn more