ചെന്നൈ: അമേരിക്കന്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസിന് തമിഴില്‍ കത്തയച്ച് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍. അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിന് അഭിനന്ദനമറിയിച്ച സ്റ്റാലിന്‍ കമലയുടെ തമിഴ് പൈതൃകത്തില്‍ തമിഴ്‌നാടിന് അഭിമാനമുണ്ടെന്നും അറിയിച്ചു.
‘വണക്കം’ എന്ന് അഭിസംബോധന ചെയ്തു കൊണ്ടാണ് കത്ത്. കമല ഹാരിസിന്റെ അമ്മ ശ്യാമള ഗോപാലന്റെ മാതൃഭാഷയായ തമിഴില്‍ കത്തെഴുതിയത് കമലയെ സന്തോഷിപ്പിക്കുമെന്നാണ് സ്റ്റാലിന്‍ പറയുന്നത്.
കമല ഹാരിസിന്റെ വിജയം ദ്രാവിഡ മുന്നേറ്റത്തിന് ആത്മവിശ്വാസം നല്‍കുമെന്നും കത്തില്‍ പറയുന്നു.കത്തിന്റെ ഒരു കോപ്പി സ്റ്റാലിന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്.
കമല ഹാരിസിന്റെ ഭരണകാലയളവില്‍ അമേരിക്കക്ക് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനാകട്ടെയെന്നും തമിഴ് പൈതൃകത്തിന്റെ അഭിമാനം ലോകത്തിന് മുന്നില്‍ എത്തട്ടെയെന്നും സ്റ്റാലിന്‍ ആശംസിച്ചു.
തമിഴ്‌നാട്ടിലെ തിരുവരുര്‍ ജില്ലയിലെ തുളസെന്തിരപുരം, പൈംഗനാട് ഗ്രാമത്തിലാണ് കമലഹാരിസിന്റെ അമ്മ ജനിച്ചത്. കമലയുടെ വിജയത്തിനു പിന്നാലെ ഈ ഗ്രാമത്തില്‍ ഗ്രാമവാസികള്‍ വലിയ ആഘോഷം നടത്തിയിരുന്നു.