ബെംഗളൂരു: കേന്ദ്രസർക്കാറിനുള്ള മറുപടിയായിരിക്കും തെരഞ്ഞെടുപ്പ് ഫലമെന്ന് കർണാടകയിലെ ഏക കോൺഗ്രസ് എം.പിയും ബെംഗളൂരു റൂറൽ മണ്ഡലത്തിലെ സ്ഥാനാർഥിയുമായ ഡി. കെ സുരേഷ് കുമാർ. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ നികുതി വിഹിതം നൽകാതെ കേന്ദ്രസർക്കാർ കൊള്ളയടിക്കുകയാണെന്നും ഏറ്റവും കൂടുതൽ നികുതി വിഹിതം നൽകുന്ന രണ്ടാമത്തെ സംസ്ഥാനമായ കർണാടകക്ക് പോലും ഡൽഹിയിൽ സമരം വേണ്ടിവരുന്നത് ജനം മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്കൊപ്പം ചേർന്ന ജെ.ഡി.എസിനിപ്പോൾ ദേവഗൗഡയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ദേവെഗൗഡക്ക് കുടുംബത്തിന്റെ ക്ഷേമം മാത്രമാണ് പ്രത്യയശാസ്ത്രമായുള്ളതെന്ന് സുരേഷ് കുറ്റപ്പെടുത്തി.
ബെംഗളൂരു റൂറലിൽ ഡി.കെ സുരേഷ് കുമാറാണ് സ്ഥാനാർത്ഥിയെങ്കിലും മത്സരിക്കുന്നത് ചേട്ടൻ ഡി. കെ. ശിവകുമാറാണ്. മണ്ഡലത്തിലെ പാർട്ടിയുടെ പ്രവർത്തനങ്ങളെല്ലാം ഡി.കെയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. കേന്ദ്രസർക്കാർ കർണാടകയോട് ചെയ്ത നീതികേടുകളാണ് സുരേഷിന്റെ വാക്കുകളിൽ പ്രകടമാകുന്നതും. സംസ്ഥാന സർക്കാരിനെ ജനം തള്ളില്ല എന്നാണ് സുരേഷ് ഉറപ്പിക്കുന്നത്.
ബി.ജെ.പിയിൽ എത്തിയ ദേവഗൗഡയുടെ മരുമകൻ ഡോക്ടർ സി.എൻ മഞ്ജുനാഥാണ് എതിരാളി. 2019ൽ മോദി തരംഗത്തിലും പിടിച്ചു നിന്ന ഏക മണ്ഡലമായിരുന്നു ബെംഗളൂരു നോർത്ത്. സുരേഷിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ദേവെഗൗഡയുടെ മരുമകനെ ബി.ജെ.പി സ്ഥാനാർഥിയാക്കിയത്.
ദക്ഷിണേന്ത്യയെ കേന്ദ്രസർക്കാർ അവഗണിക്കുന്നത് തുടർന്നാൽ ദക്ഷിണേന്ത്യയെ ഒരു പ്രത്യേക പ്രദേശമായി കാണുകയെന്നത് മാത്രമാണ് വഴിയെന്ന് സുരേഷ് മുമ്പ് പറഞ്ഞിരുന്നു. എന്നാൽ താനൊരിക്കലും ഒരു പ്രത്യേക രാജ്യം വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും മോദി സർക്കാരിന്റെ ശ്രദ്ധ ഉത്തരേന്ത്യയെ മാത്രം കേന്ദ്രീകരിച്ചിരിക്കുന്നതായാണ് താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: D.K Suresh Kumar Says That South Indian states are ignored by Modi government