ബെംഗളൂരു: കര്‍ണാടക സര്‍ക്കാരിനെതിരെ ശത്രുസംഹാര യാഗവും മൃഗബലിയും നടത്തിയെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാര്‍. എന്നാല്‍ കേരളത്തിലെ രാജരാജേശ്വരി ക്ഷേത്രത്തില്‍ മൃഗബലിയോ പൂജയോ നടന്നതായി താന്‍ പറഞ്ഞിട്ടില്ലെന്ന് ഡി.കെ. ശിവകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
പൂജ നടന്നത് ഒരു ക്ഷേത്രത്തിന് സമീപത്താണെന്നും സ്ഥലം വെളിപ്പെടുത്തില്ലെന്നും ഡി.കെ. ശിവകുമാര്‍ വ്യക്തമാക്കി. ആരുടേയും വിശ്വാസങ്ങളും വികാരങ്ങളും വ്രണപ്പെടുത്താനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളം ദൈവത്തിന്റെ സ്വന്തം നാടെന്നും ഡി.കെ. ശിവകുമാര്‍ പറഞ്ഞു. രാജരാജേശ്വരി ക്ഷേത്രത്തിലല്ല യാഗം നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂരിലെ രാജരാജേശ്വരി ക്ഷേത്രവും മാടായിക്കാവുമെല്ലാം തനിക്ക് അറിയാവുന്ന ഇടങ്ങളാണ്. ഇവിടെയെല്ലാം ദേവസ്വം ബോര്‍ഡ് അനുവദിക്കുന്ന പൂജയും കര്‍മങ്ങളും മാത്രമേ നടക്കുന്നുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടക ഉപമുഖ്യമന്ത്രിയുടെ ആരോപണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആരോപണങ്ങളെ പരിഹസിച്ച് തള്ളുകയല്ല വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ടെങ്കില്‍ നടത്തട്ടേയെന്നും തെളിവുകള്‍ കൈവശമുണ്ടെന്നും ഡി.കെ. ശിവകുമാറും പ്രതികരിച്ചു.
എന്നാല്‍ ഡി.കെ. ശിവകുമാറിനെ തള്ളി നേരത്തെ കേരള പൊലീസ് രംഗത്തെത്തിയിരുന്നു. കേരളത്തില്‍ മൃഗബലി നടന്നതിന് തെളിവില്ലെന്ന് ഇന്റലിജന്‍സ് വിഭാ?ഗത്തിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്.
കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേരളത്തില്‍ മൃ?ഗബലി നടന്നുവെന്നാണ് ഡി.കെ. ശിവകുമാര്‍ ആരോപിച്ചത്. കേരളത്തിലെ രാജരാജേശ്വരി ക്ഷേത്രത്തിന് സമീപത്തുള്ള ഒരു സ്ഥലത്ത് അഘോരികള്‍ സംഘടിപ്പിക്കുന്ന രഹസ്യ യാഗത്തെക്കുറിച്ച് തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും ഡി.കെ. ശിവകുമാര്‍ പറഞ്ഞിരുന്നു.
രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനും കോണ്‍ഗ്രസിന്റെ അധികാരം ഇല്ലാതാക്കാനുമാണ് ചിലര്‍ യാഗങ്ങള്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ ആരോപണത്തെ, രാജരാജേശ്വരി ക്ഷേത്രത്തില്‍ യാഗം നടന്നുവെന്ന തരത്തില്‍ വളച്ചൊടിക്കുകയായിരുന്നു. തുടര്‍ന്നാണ് ഡി.കെ. ശിവകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
Content Highlight: D.K. Shivakumar said that he is firm on the argument that the yagam and animal sacrifice was done against the Karnataka government