| Saturday, 16th May 2020, 11:08 pm

'സ്വകാര്യവല്‍ക്കരണവും കുത്തകവല്‍ക്കരണവുമല്ലാതെ അതില്‍ മറ്റെന്താണുള്ളത്?'; നിര്‍മ്മലാ സീതാരാമന്റെ സാമ്പത്തിക പ്രഖ്യാപനത്തെ തള്ളി ഡി രാജ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ സാമ്പത്തിക പ്രഖ്യാപനത്തിനെതിരെ സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജ. ധനമന്ത്രിയുടെ പ്രഖ്യാപനം സ്വകാര്യവല്‍ക്കരണത്തിനും കുത്തകവല്‍ക്കരണത്തിനും വേണ്ടിയുള്ള പ്രേരണയല്ലാതെ മറ്റൊന്നുമല്ലെന്ന് ഡി രാജ വിമര്‍ശിച്ചു.

‘കൊവിഡ് പ്രതിസന്ധി പരിഹരിക്കുന്നതില്‍ പരാജയപ്പെട്ട ഈ സര്‍ക്കാര്‍ നവലിബറല്‍ സാമ്പത്തിക ഘടനയുടെ അജണ്ട നടപ്പാക്കാനാണ് ശ്രമിക്കുന്നത്. സ്വകാര്യവല്‍ക്കരണത്തെയും കുത്തകവല്‍ക്കരണത്തെയും പ്രോത്സാഹിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിലേക്കാണ് പുതിയ സാമ്പത്തിക പാക്കേജ് വിരല്‍ ചൂണ്ടുന്നത്. ഇത് വളരെ വഞ്ചനാപരമാണ്’, രാജ പറഞ്ഞു.

ഒരു വശത്ത് അവര്‍ ആത്മനിര്‍ഭര്‍ ഭാരതത്തെക്കുറിച്ച് വാചാലരാകുന്നു എന്നത് വിരോധാഭാസമാണ്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ മുഴുവന്‍ സ്വകാര്യമേഖലയ്ക്ക് കൈമാറുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഡി രാജ കുറ്റപ്പെടുത്തി.

ധനമന്ത്രിയുടെ സാമ്പത്തിക പ്രഖ്യാപനത്തിനെതിരെ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്ത് വന്നിരുന്നു. രാജ്യം കൊവിഡ് പ്രതിസന്ധിയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കെ സമ്പന്നരുടെ അജണ്ട അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ് യെച്ചൂരിയുടെ വിമര്‍ശനം. കൊറോണയെ രാജ്യത്തിന്റെ പൊതുസ്വത്ത് സ്വകാര്യ വല്‍ക്കരിക്കാനുള്ള ഉപാധിയായി മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more