തിരുവനന്തപുരം: ഡി.ഐ.ജി എസ്. ശ്രീജിത്തിന് സസ്‌പെന്‍ഷന്‍ നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. ഐസ്‌ക്രീം കേസില്‍ വിവാദവെളിപ്പെടുത്തല്‍ നടത്തിയ റൗഫുമായുള്ള ബന്ധം തെളിഞ്ഞതിനെ തുടര്‍ന്നാണ് ശ്രീജിത്തിനെതിരെയുള്ള നടപടിക്ക് ഡി.ജി.പി മുഖ്യമന്ത്രിയോട് ശുപാര്‍ശ ചെയ്തത്.[]
തൃശൂര്‍ പോലീസ് അക്കാദമിയില്‍ ജോയിന്റ് ഡയറക്ടറായ ഇദ്ദേഹത്തിനെതിരെ കൂടുതല്‍ അന്വേഷണം നടത്തണമെന്നും ഡി.ജി.പി കെ.എസ് ബാലസുബ്രഹ്മണ്യം നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ആഭ്യന്തരമന്ത്രിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് മുഖ്യമന്ത്രി ഒപ്പുവെച്ചത്. ഇദ്ദേഹം റൗഫുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് ഇന്റലിജന്റ്‌സ് വെളിപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച് വിശദമായി തന്നെ ക്രൈംബ്രാഞ്ച് അന്വേഷിക്കും.
എന്നാല്‍ റൗഫുമായി താന്‍ സംസാരിച്ചിരുന്നുവെന്നും വഴിവിട്ടരീതിയില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും ശ്രീജിത്ത് ഐ.ജി ഗോപിനാഥിന് മൊഴിനല്‍കിയിരുന്നു.
എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്നും ഒരു സേനാംഗമെന്നനിലയില്‍ ശ്രീജിത്ത് കടുത്ത അച്ചടക്കലംഘനമാണ് നടത്തിയതെന്നും ഇത് അപമാനകരമാണെന്നും ഡി.ജി.പി മുഖ്യമന്ത്രിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
കര്‍ണാടകയില്‍ മടിക്കൈയില്‍ റൗഫുമായി ചേര്‍ന്ന് ഭൂമി തട്ടിയെടുക്കാന്‍ ശ്രീജിത്ത് ശ്രമിച്ചെന്നാണ് പ്രധാന ആരോപണം.ഐസ്‌ക്രീം കേസ്, മലപ്പുറം ഡി.വൈ.എസ്.പി അഭിലാഷിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍, കര്‍ണാടക മന്ത്രിക്കയ്ക്ക് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം ഔദ്യോഗികമാക്കി കൊടുത്തതിന് പിന്നിലെ സംഭവങ്ങള്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് ഇരുവരും ചര്‍ച്ചചെയ്തതായാണ് വിവരം.
ഐസ്‌ക്രീം കേസില്‍ റൗഫിന്റെ ഇടപെടല്‍ നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് പോലീസ് ഇന്റലിജന്‍സ് ഫോണ്‍ചോര്‍ത്താന്‍ തീരുമാനിച്ചത് . ഇതിനിടെയാണ് ശ്രീജിത്തുമായുള്ള റൗഫിന്റെ ദീര്‍ഘസംഭാഷണം പരിശോധിച്ചത്.