| Sunday, 5th March 2023, 8:49 am

ഗിരിരാജന്‍ കോഴി പറഞ്ഞതുപോലെ നവി മുംബൈയിലെ ആ വലിയ സ്റ്റേഡിയത്തില്‍ ആ രാജകുമാരി ഒറ്റക്കായിരുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഡബ്ല്യൂ.പി.എല്ലിലെ ഉദ്ഘാടന മത്സരത്തില്‍ ഗുജറാത്ത് ജയന്റ്‌സിനെ തകര്‍ത്തെറിഞ്ഞ് മുംബൈ ഇന്ത്യന്‍സ് ഡബ്ല്യൂ.പി.എല്ലിന്റെ ചരിത്രത്തിലെ ആദ്യ വിജയം സ്വന്തമാക്കിയിരുന്നു. 143 റണ്‍സിന്റെ പടുകൂറ്റന്‍ ജയമായിരുന്നു മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്.

208 റണ്‍സിന്റെ ടാര്‍ഗെറ്റ് ചെയ്‌സ് ചെയ്തിറങ്ങിയ ഗുജറാത്തിന് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ഒന്നിന് പിറകെ ഒന്ന് എന്ന നിലയില്‍ വിക്കറ്റുകള്‍ വീണുകൊണ്ടേയിരുന്നു.

സ്‌കോര്‍ ബോര്‍ഡില്‍ അഞ്ച് റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും മൂന്ന് വിക്കറ്റുകള്‍ നിലംപൊത്തിയിരുന്നു. ക്യാപ്റ്റന്‍ ബെത്ത് മൂണിയടക്കം ടോപ് ഓര്‍ഡറില്‍ ഇറങ്ങിയ മൂന്ന് താരങ്ങള്‍ പൂജ്യത്തിനാണ് മടങ്ങിയത്.

ക്യാപ്റ്റന്‍ ബെത്ത് മൂണി മൂന്ന് പന്തില്‍ റണ്ണൊന്നുമെടുക്കാതെ റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങിയപ്പോള്‍ ഹര്‍ലീന്‍ ഡിയോള്‍ രണ്ട് പന്തില്‍ നിന്നും റണ്ണൊന്നും നേടാതെ സില്‍വര്‍ ഡക്കായും ആഷ്‌ലീഗ് ഗാര്‍ഡ്‌നര്‍ ആദ്യ പന്തില്‍ തന്നെ ‘സംപൂജ്യ’യായി ഗോള്‍ഡന്‍ ഡക്കായിട്ടുമാണ് പുറത്തായത്.

ആറാമതായി ക്രീസിലെത്തിയ ഡയ്‌ലന്‍ ഹേമലത മാത്രമാണ് ചെറുത്തുനില്‍ക്കാനെങ്കിലും ശ്രമിച്ചത്. 23 പന്തില്‍ നിന്നും 29 റണ്‍സാണ് ഹേമലത സ്വന്തമാക്കിയത്. ഒരു ബൗണ്ടറിയും രണ്ട് സിക്‌സറുമടക്കം 129.09 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം സ്‌കോര്‍ ചെയ്തത്.

മറുവശത്ത് വിക്കറ്റ് വീഴുമ്പോഴും ഹേമലത ഒരറ്റത്ത് പൊരുതി നിന്നു. ഒടുവില്‍ 15.1 ഓവറില്‍ ഗുജറാത്ത് 64 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ പുറത്താകാതെ നിന്നത് ഹേമലതയായിരുന്നു.

ബെത് മൂണി, ആഷ്‌ലീഗ് ഗാര്‍ഡ്‌നര്‍, ഹര്‍ലീന്‍ ഡിയോള്‍ അടക്കമുള്ള വമ്പന്‍ പേരുകാര്‍ ടീമിനൊപ്പമുണ്ടായിട്ടും പൊരുതാനുണ്ടായത് ഈ തമിഴ്‌നാട്ടുകാരി മാത്രമാണ്.

വരും മത്സരങ്ങളില്‍ ഗുജറാത്ത് ജയന്റ്‌സ് ഈ പോരായ്മ തിരുത്തുമെന്നുതന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

മാര്‍ച്ച് അഞ്ചിനാണ് ഗുജറാത്തിന്റെ അടുത്ത മത്സരം. യു.പി വാറിയേഴ്‌സാണ് എതിരാളികള്‍. നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ വെച്ച് രാത്രി 7.30നാണ് മത്സരം.

Content Highlight: D Hemalatha’s batting performance in WPL

We use cookies to give you the best possible experience. Learn more