| Tuesday, 31st July 2018, 8:00 am

'മീശ' പുസ്തകമാക്കുമെന്ന് ഡി.സി ബുക്‌സ്; പ്രസാധകര്‍ക്ക് നേരെയും ഭീഷണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംഘപരിവാര്‍ ഭീഷണിയെത്തുടര്‍ന്ന് മാതൃഭൂമിയില്‍ നിന്ന് പിന്‍വലിച്ച എസ് ഹരീഷിന്റെ നോവല്‍ മീശ ഡി.സി ബുക്‌സ് പ്രസിദ്ധീകരിക്കും. ഡി.സി ബുക്‌സ് ഉടമ രവി ഡി.സിയും ഹരീഷും ഇത് സംബന്ധിച്ച് ധാരണയിലെത്തിയതായാണ് വിവരം.

അതേസമയം “മീശ” പുസ്തകമാക്കുമെന്ന വിവരം പുറത്തുവന്നതോടെ പ്രസാധകര്‍ക്കുനേരെയും ഭീഷണി ഉയര്‍ന്നു. ഭീഷമണിയെത്തുടര്‍ന്ന് രവി ഡി.സി കോട്ടയം ഈസ്റ്റ് പൊലീസിന് പരാതി നല്‍കി.

നേരത്തെ മീശ പുസ്തകമാക്കി പുറത്തിറക്കുമെന്ന് എസ്. ഹരീഷ് വ്യക്തമാക്കിയിരുന്നു. കോട്ടയത്ത് വെച്ച് നടന്ന് പുരോഗമന കലാസാഹിത്യ സംഘം സാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രതിഷേധ കൂട്ടായ്മയിലാണ് തീരുമാനം ഹരീഷ് അറിയിച്ചത്.

ALSO READ: ഓറഞ്ച് അലര്‍ട്ടിനു പിന്നാലെ ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു

മാതൃഭൂമി ആഴ്ച്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്ന മീശ എന്ന നോവല്‍ പിന്‍വലിക്കുകയാണെന്ന് കഥാകാരന്‍ എസ്.ഹരീഷ് തന്നെയാണ് അറിയിച്ചത്. ചിലസംഘടനകളുടെ ഭീഷണിയെ തുടര്‍ന്നാണ് നടപടിയെന്നും. കുടുംബാഗങ്ങളെ അപമാനിക്കാന്‍ ശ്രമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അരനൂറ്റാണ്ട് മുമ്പുള്ള കേരളത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നോവല്‍. മീശ എന്ന നോവലില്‍ അമ്പലത്തില്‍ പോകുന്ന സ്ത്രീകളെ അപമാനിച്ചുവെന്നാരോപിച്ച് സംഘപരിവാര്‍ സംഘടനകളായിരുന്നു എഴുത്തുകാരനെതിരെ രംഗത്തെത്തിയത്.

ഹരീഷിന്റെ ഭാര്യയുടെ ഫോട്ടോ സഹിതമായിരുന്നു പ്രതിഷേധക്കാരുടെ തെറിവിളി. കേട്ടാല്‍ അറയ്ക്കുന്ന പദപ്രയോഗങ്ങളാണ് ഹരീഷിനും കുടുംബത്തിനും അവരെ പിന്തുണയ്ക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും സംഘപരിവാര്‍ അനുകൂലികള്‍ നടത്തിയിരുന്നത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more