|

ഡോ. ഡി. ബാബു പോള്‍ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എഴുത്തുകാരനും പ്രഭാഷകനും മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ ഡോ. ഡി ബാബു പോള്‍ അന്തരിച്ചു. 78 വയസായിരുന്നു. ഹൃദ്രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.

മൃതദേഹം രാവിലെ ഒമ്പതു മണിക്ക് പുന്നന്‍ റോഡിലെ സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് കുറവന്‍കോണം മമ്മീസ് കോളനിയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിക്കും.

അഡീഷണല്‍ ചീഫ് സെക്രട്ടറിയായി വിരമിച്ച അദ്ദേഹം തദ്ദേശസ്വയംഭരണ വകുപ്പ് ഓംബുഡ്‌സ്മാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ കിഫ്ബി ഭരണസമിതി അംഗമായും പ്രളയാനന്തര കേരള പുനര്‍നിര്‍മാണ പദ്ധതികളുടെ ഉപദേശകനായും പ്രവര്‍ത്തിച്ചുവരികയായിരുന്നു.

ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ പ്രോജക്ട് കോ ഓര്‍ഡിനേറ്ററും സ്‌പെഷ്യല്‍ കലക്ടറുമായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കലക്ടര്‍ പദവിയിലിരിക്കെ ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാമായ ഇടുക്കി ജല വൈദ്യുത പദ്ധതി പൂര്‍ത്തിയാക്കിയിരുന്നു.

എറണാകുളം കുറുപ്പുംപടി ചീരത്തോട്ടത്തില്‍ പി.എ പൗലോസ് കോറെപ്പിസ്‌കോപ്പയുടെയും മേരി പോളിന്റെയും മകനായി 1941ലാണ് ബാബു പോളിന്റെ ജനനം. 21ാം വയസില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിച്ച അദ്ദേഹം 2001 സെപ്റ്റംബറിലാണ് ഉദ്യോഗത്തില്‍ നിന്നും വിരമിക്കുന്നത്.

4000 ടൈറ്റിലുകളും ആറുലക്ഷം വാക്കുകളും ഉള്‍ക്കൊള്ളുന്ന ‘വേദശബ്ദ രത്‌നാകരം’ എന്ന ബൈബിള്‍ നിഘണ്ടു അദ്ദേഹം രചിച്ചിട്ടുണ്ട്. ഈ ഗ്രന്ഥത്തിന് 2000ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഉത്തരസ്യാംദിശി, കഥ ഇതുവരെ, നിയമസഭാ ഫലിതങ്ങള്‍, സംഭവാമി യുഗേ യുഗേ, ഓര്‍മ്മകള്‍ക്ക് ശീര്‍ഷകമില്ല, പട്ടം മുതല്‍ ഉമ്മന്‍ചാണ്ടി വരെ, നിലാവില്‍ വിരിഞ്ഞ കാവിപ്പൂക്കള്‍ എന്നിവയാണ് പ്രധാന കൃതികള്‍.

പരേതയായ അന്ന ബാബു പോള്‍ ആണ് ഭാര്യ. മറിയം ജോസഫ്, ചെറിയാന്‍ സി. പോള്‍ എന്നിവര്‍ മക്കളാണ്.