| Sunday, 16th May 2021, 8:15 am

മകന് പിന്നാലെ അച്ഛനും; സൈറസ് പൂനാവാലയും രാജ്യം വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദാര്‍ പൂനാവാലയ്ക്ക് പിന്നാലെ പിതാവും പൂനാവാല ഗ്രൂപ്പ് ചെയര്‍മാനുമായ സൈറസ് പൂനാവാലയും ലണ്ടനില്‍. എല്ലാ വര്‍ഷത്തേയും പോലുള്ള വേനലവധിയ്ക്ക് വേണ്ടിയാണ് ലണ്ടനിലെത്തിയതെന്നാണ് സൈറസിന്റെ പ്രതികരണം.

സണ്‍ഡേ എക്‌സ്പ്രസിനോടായിരുന്നു സൈറസിന്റെ പ്രതികരണം.

നേരത്തെ രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ അദാര്‍ പൂനാവാല ഇന്ത്യ വിട്ടിരുന്നു. വാക്‌സിന്‍ ക്ഷാമത്തില്‍ തനിക്ക് ഭീഷണിയുണ്ടെന്നും രാജ്യം വിടുകയാണെന്നുമായിരുന്നു അദാര്‍ ആദ്യം പറഞ്ഞിരുന്നത്.

എന്നാല്‍ പിന്നീട് ബിസിനസ് ആവശ്യങ്ങള്‍ക്കായാണ് ലണ്ടനിലെത്തിയതെന്ന് തിരുത്തിപറഞ്ഞു. മകനപ്പോലെ കൊവിഡ് പ്രതിസന്ധിയില്‍ രാജ്യം വിട്ടതാണോ എന്ന ചോദ്യത്തിന് അത്തരം പ്രചരണങ്ങള്‍ കള്ളമാണെന്നായിരുന്നു സൈറസിന്റെ മറുപടി.

‘എല്ലാ വര്‍ഷവും മേയ് മാസത്തില്‍ ഞാന്‍ ലണ്ടനിലെത്താറുണ്ട്. ജൂണ്‍ ആദ്യ ആഴ്ചയില്‍ ഇംഗ്ലണ്ടില്‍ നടക്കാറുള്ള ഡെര്‍ബിയില്‍ പങ്കെടുക്കാറുമുണ്ട്,’ സൈറസ് പറഞ്ഞു.

യൂറോപ്പില്‍ പുതിയ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്നതായും അദ്ദേഹം പറഞ്ഞു.

നേരത്തെ രാഷ്ട്രീയക്കാരില്‍ നിന്നടക്കം ഭീഷണിയുണ്ടെന്ന് അദാര്‍ പൂനാവാല പറഞ്ഞിരുന്നു. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡിന് ക്ഷാമം നേരിടുന്നു എന്ന് കാണിച്ചായിരുന്നു ഭീഷണിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഒറ്റരാത്രി കൊണ്ട് വാക്‌സിന്‍ നിര്‍മ്മിക്കാന്‍ കഴിയില്ലെന്നായിരുന്നു അദാര്‍ ഇതിന് മറുപടിയായി പറഞ്ഞിരുന്നത്. വാക്‌സിന്‍ നിര്‍മാണത്തിന് തന്റെ കമ്പനി തീവ്രപ്രയത്‌നത്തിലാണെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

അതേസമയം അദാറിന് കേന്ദ്രം വൈ കാറ്റഗറി സുരക്ഷ പ്രഖ്യാപിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Cyrus Poonawalla chairman of the Poonawalla Group  Serum Institute of India Adar Poonawalla London

Latest Stories

We use cookies to give you the best possible experience. Learn more