| Thursday, 11th October 2018, 8:03 am

തിത്‌ലി ചുഴലിക്കൊടുങ്കാറ്റ് ഒഡീഷ തീരത്തെത്തി; മൂന്നു ലക്ഷത്തോളം പേരെ മാറ്റി: അതീവ ജാഗ്രതാ നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ഉദ്ഭവിച്ച അതിശക്തമായ തിത്ലി ചുഴലിക്കൊടുങ്കാറ്റ് ഒഡിഷ തീരത്തെത്തി. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒഡിഷയില്‍ 5 തീരദേശ ജില്ലകളില്‍ ഒഡിഷ സര്‍ക്കാര്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ചുഴലിക്കാറ്റിനെ നേരിടാന്‍ സംസ്ഥാനം സര്‍വ്വസജ്ജമായിട്ടുണ്ട്.

തീരദേശ ജില്ലകളായ ഗഞ്ചം, പുരി, ഖുര്‍ദ,കേന്ദ്രപര,ജഗത്സിംഗ്പുര്‍ എന്നീ ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. ഇന്ന് പുലര്‍ച്ചെയോടെയാണ് ചുഴലിക്കാറ്റ് ഒഡിഷ തീരത്തെത്തിയത്. മൂന്നു ലക്ഷത്തോളം ജനങ്ങളെ തീരത്തു നിന്നും മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.


Read Also : ആഗ്രഹം പൂവണിഞ്ഞു; ടോക്കിയോ ഒളിംപിക്‌സിന് മത്സരിക്കാന്‍ 51 അംഗ അഭയാര്‍ത്ഥി ടീമും


ഇന്ന് പുലര്‍ച്ചെയോടെ 107 കിലോമീറ്റര്‍ വേഗതയില്‍ ഗോപാലപ്പൂരില്‍ ചുഴലിക്കാറ്റ് വീശി. ആന്ധ്രാ പ്രദേശിലെ കലിംഗ പട്ടണത്തിലും കാറ്റ് വീശാന്‍ സാധ്യതയുണ്ട് എന്ന് കാലാവസ്ഥ റിപ്പോര്‍ട്ടുണ്ട്. വടക്കു കിഴക്കുള്ള പ്രദേശങ്ങളിലോട്ട് നീങ്ങുന്നതോടെ ചുഴലിക്കാറ്റിന്റെ വേഗതയും ശക്തിയും കുറഞ്ഞു വരാനാണ് സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

140 മുതല്‍ 150 കിലൊമീറ്റര്‍ വേഗത്തില്‍ വരെ ചുഴലിക്കാറ്റ് വീശാന്‍ സാധ്യത ഉണ്ട്. ഇത് ചിലപ്പോള്‍ 165 കിലോമീറ്റര്‍ വേഗത്തില്‍ വരെയാകാന്‍ സാധ്യതയുണ്ടെന്ന് ബുവനേശ്വര്‍ മീറ്ററോളജിക്കല്‍ സെന്റര്‍ ഡയറക്ടര്‍ എച്ച്.ആര്‍ ബിശ്വാസ് പറഞ്ഞു. ചുഴലിക്കാറ്റിനോടൊപ്പം മഴയുമുണ്ടാകമെന്നതിനാല്‍ പ്രളയത്തിനും സാധ്യതയുണ്ട്.

200 മില്ലിമീറ്റര്‍ വരെ മഴ പെയ്യും എന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. ഋഷികുല്യ, വംശധാര, എന്നീ നദികളിലെ പ്രളയസാധ്യത വിദഗ്ധര്‍ കണക്കുകൂട്ടുന്നുണ്ട്. കട്ടക്ക്, ബൗധ്, ധെങ്കനാല്‍, കാലാഹണ്ഡി, ഭദ്രക്ക്, ബാലസോര്‍ ഇനീ സ്ഥലങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത ഉണ്ട്. മോശം കാലാവസ്ഥയും മഴയും കണക്കിലെടുത്തു സ്‌കൂളുകള്‍, കോളേജുകള്‍, അംഗന്‍വാടികള്‍ എന്നിവക്ക് ചീഫ് സെക്രട്ടറി ആദിത്യ പാദി അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more