| Wednesday, 30th October 2019, 7:45 pm

തീവ്രന്യൂനമര്‍ദ ഭീഷണി; വിവിധ താലുക്കുകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി; അടിയന്തര മുന്‍കരുതല്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശുര്‍: ലക്ഷദ്വീപിന് സമീപത്തായി രൂപം കൊണ്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദമായി മാറിയെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പുറത്തുവന്നതിന് പിന്നാലെ തൃശ്ശൂര്‍, കൊല്ലം ജില്ലകളില്‍ അടിയന്തര മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ജില്ലയിലെ വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങളിലും മലയോര പ്രദേശങ്ങളിലും സഞ്ചാരികളെ അനുവദിക്കില്ല. ബീച്ച് ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ജില്ലയിലെ തീരദേശ മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുന്നതിനുള്ള നിര്‍ദ്ദേശം അധികൃതര്‍ നല്‍കി. സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും വരും ദിവസങ്ങളില്‍ സാധ്യതയുണ്ടെന്നും കാലവസ്ഥ നിരീക്ഷണ കേന്ദ്രം പറഞ്ഞിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കൊല്ലം ബീച്ചിലും അടുത്ത രണ്ട് ദിവസത്തേക്ക് സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തീവ്രന്യൂന മര്‍ദ്ദം ചുഴലികാറ്റാവാനും സാധ്യതയുണ്ട്. നവംബര്‍ ഒന്നാം തിയ്യതിയോടെ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാവാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.അടുത്ത 24 മണിക്കൂറില്‍ ന്യൂനമര്‍ദ്ദം അതിതീവ്രന്യൂനമര്‍ദമായി മാറും. ഇത് ലക്ഷദ്വീപിലൂടെയാണ് കടന്നുപേകുക. സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ നിന്ന് കടലില്‍ പോകുന്നതിന് മത്സ്യതൊഴിലാളികള്‍ക്ക് സ്മ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റുജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ലക്ഷദ്വീപില്‍ രണ്ട് ദിവസം റെഡ് അലേര്‍ട്ടാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more