| Saturday, 15th May 2021, 5:37 pm

ടൗട്ടേ ചുഴലിക്കാറ്റ് ഗുജറാത്തില്‍ പ്രവേശിക്കുമെന്ന് കാലാവസ്ഥാവകുപ്പ്; പാകിസ്ഥാനിലും ജാഗ്രതാ മുന്നറിയിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അറബിക്കടലില്‍ രൂപംകൊണ്ട ടൗട്ടേ ചുഴലിക്കാറ്റ് ഗുജറാത്തില്‍ പ്രവേശിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ടൗട്ടെ ചുഴലിക്കാറ്റ് മെയ് 18ന് ഉച്ചയ്ക്ക് ശേഷം ഗുജറാത്തിലെ പോര്‍ബന്ധറിനും നാലിയക്കും ഇടയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

മണിക്കൂറില്‍ പരമാവധി 175 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നാണ് റിപ്പോര്‍ട്ട്. കാറ്റ് പാകിസ്ഥാനിലേക്കും എത്തുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. എന്നാല്‍ പാകിസ്ഥാനിലേക്ക് എത്തുമ്പോഴേക്കും കാറ്റിന്റെ ശക്തി കുറയും.

അടുത്ത 24 മണിക്കൂര്‍ കൂടി കേരളത്തില്‍ ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കേരളത്തില്‍ കാറ്റും മഴയും നാളെ കഴിഞ്ഞുമാത്രമേ ശക്തി കുറയുകയുള്ളു. വടക്കന്‍ ജില്ലകളിലാണ് മഴ ശക്തിപ്രാപിച്ചിരിക്കുന്നത്.

ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രളയസാധ്യതയുണ്ടെന്ന് കേന്ദ്ര ജലകമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പത്തനംതിട്ട ജില്ലയിലെ മണിമല, അച്ചന്‍കോവില്‍ നദികളിലാണ് പ്രളയസാധ്യതയുണ്ടെന്ന് ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയത്.

ജില്ലയില്‍ മഴ കുറഞ്ഞിട്ടുണ്ടെങ്കിലും ജലനിരപ്പ് ഉയരുന്നുണ്ട്. അച്ചന്‍കോവിലാറിലും മണിമലയാറ്റിലും അപകടനിലയ്ക്ക് മുകളിലാണ് ജലനിരപ്പ്.

അച്ചന്‍കോവിലില്‍ 10 മീറ്ററാണ് അപകടനിലയെങ്കില്‍ നിലവില്‍ 10.5 മീറ്ററിലാണ് ജലനിരപ്പ്. മണിമലയാറ്റില്‍ 6 മീറ്റര്‍ അപകടനിലയുള്ള സാഹചര്യത്തില്‍ നിലവില്‍ 6.5 മീറ്ററിലാണ് ജലനിരപ്പ്.

അച്ചന്‍കോവിലാര്‍ ഒഴുകുന്ന തുമ്പമണ്‍, മണിമലയാര്‍ ഒഴുകുന്ന കല്ലൂപ്പാറ എന്നിവിടങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

തമിഴ്നാട്ടിലെ കൊടൈയാറിലും പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlight: cyclone tayktae will fall in Gujarat and Pakistan

We use cookies to give you the best possible experience. Learn more