ന്യൂദല്‍ഹി: അറബിക്കടലില്‍ രൂപംകൊണ്ട ടൗട്ടേ ചുഴലിക്കാറ്റ് ഗുജറാത്തില്‍ പ്രവേശിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ടൗട്ടെ ചുഴലിക്കാറ്റ് മെയ് 18ന് ഉച്ചയ്ക്ക് ശേഷം ഗുജറാത്തിലെ പോര്‍ബന്ധറിനും നാലിയക്കും ഇടയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
മണിക്കൂറില്‍ പരമാവധി 175 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നാണ് റിപ്പോര്‍ട്ട്. കാറ്റ് പാകിസ്ഥാനിലേക്കും എത്തുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. എന്നാല്‍ പാകിസ്ഥാനിലേക്ക് എത്തുമ്പോഴേക്കും കാറ്റിന്റെ ശക്തി കുറയും.
അടുത്ത 24 മണിക്കൂര്‍ കൂടി കേരളത്തില്‍ ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കേരളത്തില്‍ കാറ്റും മഴയും നാളെ കഴിഞ്ഞുമാത്രമേ ശക്തി കുറയുകയുള്ളു. വടക്കന്‍ ജില്ലകളിലാണ് മഴ ശക്തിപ്രാപിച്ചിരിക്കുന്നത്.
ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രളയസാധ്യതയുണ്ടെന്ന് കേന്ദ്ര ജലകമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പത്തനംതിട്ട ജില്ലയിലെ മണിമല, അച്ചന്‍കോവില്‍ നദികളിലാണ് പ്രളയസാധ്യതയുണ്ടെന്ന് ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയത്.