തിരുവനന്തപുരം: അറബിക്കടലില്‍ ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘ടൗട്ടെ’ രൂപപ്പെട്ടു. 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തമാകുമെന്നാണ് റിപ്പോര്‍ട്ട്.
അമിനി ദ്വീപ് തീരത്ത് നിന്ന് ഏകദേശം 120 കി.മീ വടക്ക്, വടക്ക്-പടിഞ്ഞാറും കേരളത്തിലെ കണ്ണൂര്‍ തീരത്ത് നിന്ന് 300 കിമീ പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറുമായാണ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ടൗട്ടെ സ്ഥിതി ചെയ്യുന്നത്.
അടുത്ത 24 മണിക്കൂറില്‍ കൂടുതല്‍ ശക്തിപ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ 62 കി.മീ മുതല്‍ 88 കി.മീ ആകുന്ന ഘട്ടമാണ് ചുഴലിക്കാറ്റ് എന്ന് വിളിക്കുന്നത്. ചുഴലിക്കാറ്റായി മാറിയ ശേഷം വടക്ക്, വടക്ക് -പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെന്നും മെയ് 18 നോട് കൂടി ഗുജറാത്ത് തീരത്തിനടുത്തെത്തുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഗുജറാത്ത്, ദിയു തീരങ്ങള്‍ക്ക് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അവിടെനിന്ന് രാജസ്ഥാനിലേക്കു കടക്കാന്‍ സാധ്യതയുണ്ട്.
ന്യൂനമര്‍ദത്തിന്റെ ഫലമായി കേരളത്തില്‍ അതിതീവ്ര മഴയും അതിശക്തമായ കാറ്റും തുടരും. കനത്തമഴയും കാറ്റും വെള്ളിയാഴ്ച പലയിടത്തും നാശംവിതച്ചു. ന്യൂനമര്‍ദം വെള്ളിയാഴ്ച രാത്രി കണ്ണൂര്‍ തീരത്തുനിന്ന് 300 കിലോമീറ്റര്‍ മാത്രം അകലെയായിരുന്നു. അതിനാല്‍ വടക്കന്‍ കേരളത്തിലാണ് മഴയും കാറ്റും കൂടുതല്‍ ലഭിച്ചത്.