ന്യൂദല്‍ഹി: അടുത്ത ആറ് മണിക്കൂറിനുള്ളില്‍ ടൗട്ടേ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഗുജറാത്ത് – ദിയു തീരങ്ങളില്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഈ വര്‍ഷം രാജ്യത്ത് വന്നിരിക്കുന്ന ആദ്യ ചുഴലിക്കാറ്റാണ് ടൗട്ടേ. കൊവിഡ് രണ്ടാം തരംഗം അതിതീവ്രമായി പടരുന്നതിനിടയില്‍ ചുഴലിക്കാറ്റിന്റെ ഭീഷണി കൂടി ഉയരുന്നത് സര്‍ക്കാരിനെയും ആരോഗ്യ സംവിധാനത്തെയും ആശങ്കയിലാക്കിയിട്ടുണ്ട്.
അടുത്ത 12 മണിക്കൂറിനുള്ളില്‍ ടൗട്ടേ ഏറ്റവും ശക്തി കൂടിയ അവസ്ഥയിലെത്തും. ഗുജറാത്ത് തീരത്തിലെ പൊരബാന്ദറിലൂടെയും നളിയയിലൂടെയും ചൊവ്വാഴ്ചയായിരിക്കും ടൗട്ടേ കടന്നുപോകുക.
ദേശീയ ദുരന്ത നിവാരണ ഫോഴ്‌സിന്റെ 50 ടീമുകളെ അഞ്ച് സംസ്ഥാനങ്ങളിലേക്കായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. കേരളം, കര്‍ണാടക, തമിഴ്‌നാട്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് രക്ഷാപ്രവര്‍ത്തന സംഘത്തെ നിയോഗിച്ചിട്ടുള്ളത്.
അതേസമയം കേരളത്തില്‍ രണ്ടിടത്ത് പ്രളയസാധ്യതയുണ്ടെന്ന് കേന്ദ്ര ജലകമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ മണിമല, അച്ചന്‍കോവില്‍ നദികളിലാണ് പ്രളയസാധ്യതയുണ്ടെന്ന് ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയത്.
അച്ചന്‍കോവിലാര്‍ ഒഴുകുന്ന തുമ്പമണ്‍, മണിമലയാര്‍ ഒഴുകുന്ന കല്ലൂപ്പാറ എന്നിവിടങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം തമിഴ്‌നാട്ടിലെ കൊടൈയാറിലും പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ന്യൂനമര്‍ദത്തിന്റെ ഫലമായി കേരളത്തില്‍ അതിതീവ്ര മഴയും അതിശക്തമായ കാറ്റും തുടരും. കനത്തമഴയും കാറ്റും വെള്ളിയാഴ്ച പലയിടത്തും നാശംവിതച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക