മസ്‌കറ്റ്: ഷഹീന്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ഒമാനില്‍ നിരവധി വിമാന സര്‍വീസുകളുടെ സമയം പുനക്രമീകരിച്ചും തീരദേശത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചും ഉദ്യോഗസ്ഥര്‍. ഒഴുക്കില്‍പ്പെട്ട് കാണാതായ ഒരു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതായി രാജ്യത്തെ ഔദ്യോഗിക വാര്‍ത്താമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
2700ലധികം ആളുകളെ ഇതിനകം എമര്‍ജന്‍സി ഷെല്‍റ്റര്‍ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. പലയിടങ്ങളിലും വൈദ്യുതി ബന്ധം തടസപ്പെടുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഞായറാഴ്ച ചുഴലിക്കാറ്റ് തലസ്ഥാനമായ മസ്‌കറ്റില്‍ വീശിയടിക്കുമെന്നും മണിക്കൂറില്‍ 139 കിലോമീറ്റര്‍ വരെ വേഗതയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.
ഇന്ത്യയില്‍ വീശിയടിച്ച ഗുലാബ് ചുഴലിക്കാറ്റിന്റെ ബാക്കിപത്രമായാണ് ഷഹീന്‍ അറേബ്യന്‍ പെനിന്‍സുലയുടെ കിഴക്കേ അറ്റത്തുള്ള ഒമാനിലേക്ക് കടന്നത്.
ചുഴലിക്കാറ്റിന്റെ ഭാഗമായി ഇന്ന് രാത്രിയോടെ ഒമാനില്‍ മഴ കനക്കുമെന്നും മണ്ണിടിച്ചില്‍ ഉണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മരുഭൂമി കാലാവസ്ഥയാണ് ഒമാനില്‍ ഉള്ളത് എന്നതുകൊണ്ട് തന്നെ കനത്ത മഴ പെയ്താല്‍ സ്വാഭാവികമായി വരണ്ട് കിടക്കുന്ന ഇവിടത്തെ മണ്ണ് അത് വലിച്ചെടുക്കില്ലെന്നും ഇത് വെള്ളപ്പൊക്കത്തിന് കാരണമാകാന്‍ സാധ്യതയുണ്ടെന്നും അല്‍ ജസീറയുടെ കാലാവസ്ഥാ വിദഗ്ധന്‍ ജെഫ് ഹാരിംഗ്ടണ്‍ പറഞ്ഞു.