| Sunday, 13th October 2013, 10:12 am

പൈലീന്‍ കൊടുങ്കാറ്റിന്റെ വേഗത കുറയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ഗോപാല്‍പൂര്‍: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട പൈലീന്‍ കൊടുങ്കാറ്റിന്റെ വേഗത കുറയുന്നു. ഒഡീഷയില്‍ മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്.

ഇന്നലെ രാത്രി മുതല്‍ വീശാന്‍ തുടങ്ങിയ പൈലീന്‍ ഒഡീഷയില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്. സ്ഥലത്തെ വാര്‍ത്താവിനിമയ സൗകര്യവും ഗതാഗത സൗകര്യവും തകരാറിലായിരിക്കുകയാണ്.

ഉച്ചയോടെ കാറ്റിന്റെ വേഗത 80 കിലോമീറ്റര്‍ ആകുമെന്നാണ് കരുതുന്നത്. ഏറ്റവും കൂടുതല്‍ നാശം നേരിട്ടത് ആന്ധ്രയിലെ ഗഞ്ചം, പുരി ജില്ലകളിലാണ്.

പൈലീന്‍ കൊടുങ്കാറ്റ് സൂപ്പര്‍ സൈക്ലോണ്‍ അല്ലെന്ന് വിദഗ്ധര്‍ അറിയിച്ചിരുന്നു.

കൊടുങ്കാറ്റില്‍ പെട്ട് ഒഡീഷയില്‍ ഏഴ് പേര്‍ മരണപ്പെട്ടെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.  ആന്ധ്ര, ഒഡീഷ തീരങ്ങളില്‍ കനത്ത മഴ തുടരുകയാണ്.

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളെ കടലില്‍ പോകുന്നതിന് വിലക്കിയിട്ടുണ്ട്.
കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഇന്ന് വൈകുന്നേരവും വൈദ്യുതിനിയന്ത്രണമുണ്ടാകും.

ഛത്തീസ്ഗഡ്, ജാര്‍ഗണ്ഡ് എന്നീ സംസ്ഥാനങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആന്ധ്രയിലും ഒഡീഷയിലും 24 മണിക്കൂര്‍ മഴ തുടരുമെന്നും കലാവാസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.

56 ട്രെയിനുകളും 7 വിമാനങ്ങളും ഇതിനകം റദ്ദാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more