ഫെയ്‌ലിന്‍ ഇന്ത്യന്‍ തീരങ്ങളില്‍ വീശിത്തുടങ്ങി
India
ഫെയ്‌ലിന്‍ ഇന്ത്യന്‍ തീരങ്ങളില്‍ വീശിത്തുടങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th October 2013, 9:51 pm

[]ഗോപാല്‍പൂര്‍: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫെയ്‌ലിന്‍ ചുഴലി കൊടുങ്കാറ്റ് ഇന്ത്യന്‍ തീരങ്ങളില്‍ വീശിത്തുടങ്ങിയതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗമുള്ള കാറ്റ് ഒഡീഷയിലെ ഗോപാല്‍പൂര്‍ തീരത്തെത്തിയതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചത്.
കാറ്റിന്റെ വേഗത ഇനിയും കൂടാന്‍ സാധ്യതയുണ്ട്.

ഫെയ്‌ലിന്റെ തീവ്രത അടുത്ത ആറൂ മണിക്കൂറിലേറെ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. . ഫെയ്‌ലിന് മുന്നോടിയായി ഒഡീഷയിലെ പാരാദ്വീപില്‍ ശക്തമായ കടല്‍ ക്ഷോഭമുണ്ടായി. ഇവിടെ കടല്‍ 25 കിലോമീറ്ററോളം കരയിലേക്ക് കയറി.

ഒഡീഷയില്‍ കനത്ത കാറ്റിലും മഴയിലും പെട്ട് ഇതിനകം അഞ്ചോളം പേര്‍ക്ക് ജീവഹാനി സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 10 ഗ്രാമങ്ങള്‍   വെള്ളത്തിനടിയിലായതായും റിപ്പോര്‍ട്ടുണ്ട്.

ആറ് ലക്ഷത്തോളം ആളുകളെ ഇതിനകം മാറ്റി പാര്‍പ്പിച്ചതായാണ് വിവരം. ഒഡീഷയില്‍ മാത്രം മൂന്ന് ലക്ഷത്തിലധികം ആളുകളെ മാറ്റി പാര്‍പ്പിച്ചതായി ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു.

56 ട്രെയിനുകളും 7 വിമാനങ്ങളും ഇതിനകം റദ്ദാക്കിയിട്ടുണ്ട്. ദുരന്തനിവാരണ സേനയുടെ 43 കമ്പനികളെ ഇരു സംസ്ഥാനങ്ങളിലുമായി വിന്യസിച്ചിട്ടുണ്ട്.

നേരത്തെ മണിക്കൂറില്‍ 240 കിലോമീറ്ററിലധികം വേഗതയില്‍ വീശുന്ന  കാറ്റ് ആധ്രയിലെ ശ്രീകാകുളത്തെത്തിയെന്ന് അമേരിക്കന്‍ കാലാവസ്ഥാ വിദഗ്ധനായ എറിക് ഹോള്‍ട്ട് അറിയിച്ചു.

വൈകീട്ട് 6.10 ഓടെയാണ് ചുഴലി കൊടുങ്കാറ്റ് ആധ്ര തീരങ്ങളില്‍ വീശിതുടങ്ങിയതായി ഇദ്ദേഹം അറിയിച്ചത്. കനത്തകാറ്റിനെയും മഴയെയും തുടര്‍ന്ന് ശ്രീകാകുളത്തെ വൈദ്യത-വാര്‍ത്താ ബന്ധം താറുമാറായി. ഇവിടുത്തെ ഗതാഗതവും പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.

ശ്രീകാകുളത്ത് മുപ്പതോളം പേര്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. കനത്ത മഴയും കാറ്റും രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമായി ബാധിക്കുന്നുണ്ട്. ആധ്രയിലും ഒഡീഷയിലും കനത്ത മഴ തുടരുകയാണ്.

ആധ്ര തീരത്തുനിന്നും കാറ്റ്  ഒഡീഷ തീരത്തേക്ക് നീങ്ങുന്നതായി സൂചനയുണ്ടായിരുന്നു.  ഒഡീഷയിലെ ഗോപാല്‍ പൂരിലാണ് കാറ്റെത്താന്‍ സാധ്യത കൂടുതലുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

രാത്രി 8.30 ന് ഒഡീഷയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെ ഫെയ്‌ലിന്‍ എത്തിയതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥിരികരിച്ചിരുന്നു. തീരത്തോടടുക്കുന്ന കാറ്റിന്റെ വേഗതയില്‍ കുറവുണ്ടാകുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.