മുംബൈ: ബംഗാള്‍ ചീഫ് സെക്രട്ടറിയെ തിരിച്ചുവിളിക്കുന്നതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരും പശ്ചിമബംഗാളും തമ്മിലുള്ള പോരില്‍ പ്രതികരിച്ച് ശിവസേന. യാസ് ചുഴലിക്കാറ്റ് വന്നുപോയിട്ടും അഹങ്കാരത്തിന്റെ ചുഴലിക്കാറ്റ് ഇപ്പോഴും ബംഗാള്‍ ഉള്‍ക്കടലില്‍ വീശിയടിക്കുന്നുണ്ടെന്നാണ് ശിവസേന മുഖപത്രം സാമ്‌നയിലെഴുതിയ ലേഖനത്തില്‍ പറയുന്നത്.
‘യാസ് ചുഴലിക്കാറ്റ് ഒക്കെ വന്നു പോയി. ഇപ്പോഴും അഹങ്കാരത്തിന്റെ ചുഴലിക്കാറ്റ് ബംഗാള്‍ ഉള്‍ക്കടലില്‍ വീശിയടിക്കുകയാണ്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ചീഫ് സെക്രട്ടറി അലപന്‍ ബന്ദിയോപാധ്യായയും പ്രധാനമന്ത്രിയുടെ ചുഴലിക്കാറ്റ് അവലോകന യോഗത്തില്‍ പങ്കെടുക്കാത്തതാണ് കാരണം,’ സാമ്‌നയിലെ ലേഖനത്തില്‍ പറയുന്നു.
സംസ്ഥാനങ്ങളെ സമ്മര്‍ദ്ദത്തിലാക്കുകയെന്നത് കേന്ദ്രം ഒരു നയമായി സ്വീകരിച്ചിരിക്കുകയാണെന്നും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായുള്ള ഇത്തരം നടപടി കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ വിള്ളല്‍ വരുത്തുമെന്നും ലേഖനത്തില്‍ പറയുന്നു.
യാസ് ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ചീഫ് സെക്രട്ടറിയും ഇറങ്ങിപ്പോയെന്ന് ആരോപിച്ചായിരുന്നു ബംഗാളിനെതിരെ നടപടിയുമായി കേന്ദ്രം രംഗത്തെത്തിയത്.
അതിന്റെ ഭാഗമായി പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി അലപന്‍ ബന്ദിയോപാധ്യായയെ കേന്ദ്ര സര്‍വീസിലേക്ക് തിരിച്ചുവിളിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തിരുന്നു.
എന്നാല്‍ അലപന്‍ ബന്ദിയോപാധ്യായയെ കേന്ദ്ര സര്‍വീസിലേക്ക് തിരിച്ചുവിളിച്ച കേന്ദ്ര നടപടിയ്ക്കെതിരെ മമത ബാനര്‍ജി ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ചീഫ് സെക്രട്ടറിയെ വിട്ടയക്കാന്‍ കഴിയില്ലെന്നായിരുന്നു മമത പറഞ്ഞത്. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ചതായും മമത പറഞ്ഞിരുന്നു.
ഒടുവില്‍ അലപന്‍ ബന്ദിയോപാധ്യായ ചീഫ് സെക്രട്ടറിസ്ഥാനത്തു നിന്ന് വിരമിച്ചുവെന്നും അദ്ദേഹം ഇനി തന്റെ മുഖ്യ ഉപദേഷ്ടാവ് ആയിരിക്കുമെന്നും മമത പറഞ്ഞു.
യാസ് ചുഴലിക്കാറ്റിന്റെ ആഘാതം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രിയുമായുള്ള യോഗത്തില്‍ മമത ബാനര്‍ജിയും ചീഫ് സെക്രട്ടറിയും അരമണിക്കൂറോളം വൈകി എത്തിയതായിരുന്നു പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്.
യോഗത്തിനെത്തിയ മമത സംസ്ഥാനത്തുണ്ടായ നാശങ്ങളെ സംബന്ധിച്ചുള്ള കുറിപ്പ് കൈമാറിയ ശേഷം പതിനഞ്ച് മിനിറ്റുകൊണ്ട് തിരികെ പോയത് കേന്ദ്രത്തെയും പ്രധാനമന്ത്രിയേയും അപമാനിക്കുന്നതിന് തുല്യമാണെന്നാരോപിച്ചായിരുന്നു വിമര്‍ശനമുയര്‍ന്നത്. പിന്നാലെയാണ് ചീഫ് സെക്രട്ടറിയോട് കേന്ദ്ര സര്‍വ്വീസില്‍ തിരികെ പ്രവേശിക്കാന്‍ മോദി സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്.