തിരുവനന്തപുരം: ഓഖി ദുരിതാശ്വാസത്തിനായി കേരളം ആവശ്യപ്പെട്ട 7340 കോടി രൂപയില്‍ ഒറ്റ രൂപ പോലും കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടില്ലെന്ന് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ നിയസഭയില്‍ വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സഹായം നേടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പരിശ്രമിക്കുന്നുണ്ടെന്നും ഇതിനായി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു. കെ.ദാസന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
ദേശീയ ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് 133കോടി മാത്രമാണ് കേരളത്തിന് ലഭിച്ചതെന്നും ഓഖിയില്‍പെട്ട് കാണാതായ 102പേരുടെ കുടുംബങ്ങള്‍ക്ക്, മരിച്ചവര്‍ക്ക് നല്‍കുന്ന ധനസഹായം നല്‍കുമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
ഓഖി ദുരന്തത്തിന്റെ നാശനഷ്ടവും നഷ്ടപരിഹാരവും കണക്കാക്കാന്‍ കേന്ദ്ര ആഭ്യന്തര അഡീ. സെക്രട്ടറി വിപിന്‍ മാലിക്കിന്റെ നേതൃത്വത്തില്‍ എത്തിയ മൂന്ന് സംഘങ്ങളായിരുന്നു ദുരന്തം വിലയിരുത്തി ദുരിതാശ്വാസമായി 133 കോടിയുടെ അടിയന്തര സഹായം കേരളത്തിന് അനുവദിച്ചത്.