| Wednesday, 31st October 2012, 8:00 am

നീലം കൊടുങ്കാറ്റ്: തമിഴ്‌നാട്ടിലും ആന്ധ്രയിലും ജാഗ്രതാ നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെ തുടര്‍ന്നുണ്ടായ “നീലം” കൊടുങ്കാറ്റ് ഇന്ന് ഉച്ചയോടെ നാഗപട്ടണത്തിനും ആന്ധ്രാപ്രദേശിലെ നെല്ലൂരിനുമിടയില്‍ ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇത് തമിഴ്‌നാട്ടില്‍ ആശങ്ക പരത്തിയിരിക്കുകയാണ്.[]

മീന്‍പിടിത്തക്കാരോട് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചെന്നൈയ്ക്ക് 500 കിലോമീറ്റര്‍ അകലെയാണ് “നീലം” രൂപപ്പെട്ടിരിക്കുന്നത്.

കാറ്റിന് 45 കിലോമീറ്റര്‍ മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗമുണ്ടാകും. ചെന്നൈക്കടുത്തെത്തുമ്പോള്‍ 90 കീലോമീറ്റര്‍ വരെ വേഗതയുണ്ടാകും. തീരപ്രദേശങ്ങളിലേക്ക് അടുക്കുമ്പോഴാണ് കാറ്റിന്റെ വേഗത കൂടുക.

ന്യൂനമര്‍ദത്തിന്റെ ഫലമായുണ്ടായ ശക്തമായ മഴ ചെന്നൈയെയും സമീപജില്ലകളിലെയും ജനജീവിതത്തെ ബാധിച്ചു. ചെന്നൈയില്‍ പലയിടങ്ങളും വെള്ളക്കെട്ടായി മാറി. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, വിഴുപുരം എന്നീ ജില്ലകളില്‍ രാവിലെ മുതല്‍ തുടങ്ങിയ മഴ തുടരുകയാണ്.

ഇന്ന് വീശിയടിക്കുന്ന കാറ്റിനെ തുടര്‍ന്ന് ചിലയിടങ്ങളില്‍ 25 സെന്റീമീറ്ററിന് മുകളില്‍ മഴ ലഭിക്കാമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരപ്രദേശങ്ങളിലെ എല്ലാ ജില്ലകളിലും കനത്ത മഴപെയ്യും.

ചെന്നൈയില്‍ ശക്തമായ കടല്‍ക്ഷോഭമാണ് അനുഭവപ്പെട്ടത്. അഞ്ച് അടി ഉയരത്തിലുള്ള തിരമാലകളാണ് ആഞ്ഞടിച്ചത്. തിരുവട്ടിയൂര്‍, എന്നൂര്‍ എന്നീ കടലോര മേഖലകളില്‍ കടലേറ്റം രൂക്ഷമായിരുന്നു. കടലാക്രമണം തടുക്കാനായി നിര്‍മിച്ചിരുന്ന കരിങ്കല്‍ഭിത്തിയും തകര്‍ന്നു.

മഴ കാരണം കഴിഞ്ഞ രണ്ട് ദിവസമായി പുതുച്ചേരിയില്‍ സ്‌കൂളുകള്‍ക്ക് അവധിയാണ്. പുതുച്ചേരിയിലും കായ്ക്കാലിലും കനത്ത മഴ തുടരുകയാണ്.

We use cookies to give you the best possible experience. Learn more