ധാക്ക: മോഖ ചുഴലിക്കാറ്റിന്റെ ഫലമായി മ്യാന്മറിന്റെ ബംഗ്ലാദേശ് അതിര്‍ത്തി പ്രദേശങ്ങളില്‍ മരണം 200 കടന്നതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക നേതാക്കളുടെയും സിറ്റിസണ്‍ ജേണലിസ്റ്റുകളുടെയും സഹായത്തോടെയാണ് വിവരങ്ങള്‍ ഇപ്പോള്‍ പുറത്തെത്തുന്നത്.
ഈ മേഖലയില്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റുകളില്‍ ഒന്നാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ആശങ്കകള്‍. മണിക്കൂറില്‍ 195 കിലോമീറ്റര്‍ വേഗതയിലാണ് ഇവിടെ കാറ്റുവീശുന്നത്. മ്യാന്മാറിന്റെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യകളില്‍ താറുമാറായിരുന്ന വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചതോടെയാണ് ചുഴലിക്കാറ്റിന്റെ തീവ്രത പുറംലോകമറിയുന്നത്.
ചുഴലിക്കാറ്റ് ഇതിനോടകം ദുര്‍ബലമായെങ്കിലും റോഹിങ്ക്യന്‍ അഭയാര്‍ത്ഥി കേന്ദ്രങ്ങളില്‍ മോഖ വലിയ നാശം വിതച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി പേര്‍ അപകടങ്ങളില്‍പെട്ട് മരിച്ചെന്നും നിരവധി പേരെ കാണാതായെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. അടിയന്തരമായി സര്‍ക്കാരിന്റെയും അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം തേടുന്നതായി ജനങ്ങള്‍ അറിയിച്ചു.
മോഖ കനത്ത നാശം വിതച്ച സിറ്റ്വേ മേഖലയുമായുള്ള ബന്ധം ഞായാറാഴ്ച മുതല്‍ പൂര്‍ണമായി നഷ്ടപ്പെട്ടിട്ടുണ്ട്. ഈ മേഖലകളിലേക്ക് ദുരിതാശ്വാസ പ്രവര്‍ത്തകരാരും എത്തിപ്പെട്ടിട്ടില്ലെന്നും സഹായങ്ങളൊന്നും ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. റാഖൈന്‍ സംസ്ഥാനത്തിലെ ബു മാ, ഖോങ് ദോക്കെ കര്‍ എന്നീ ഗ്രാമങ്ങളില്‍ മാത്രം 41 പേര്‍ മരിച്ചതായും എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച കരതൊട്ട മോഖ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മ്യാന്മര്‍-ബംഗ്ലാദേശ് അതിര്‍ത്തികളില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങുകയും നിരവധി വീടുകളും മത്സ്യബന്ധന ബോട്ടുകളും തകരുകയും ചെയ്തിരുന്നു. നിരവധി മേഖലകളില്‍ വൈദ്യുതി വിതരണം പൂര്‍ണമായി തടസപ്പെട്ടു. ഇന്നലെ മാത്രം 60 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിരവധി വീടുകളും ആരാധാനാലയങ്ങളും കെട്ടിടങ്ങളും തകര്‍ന്ന് വീണതായും നിരവധി പേരെ കാണാതായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.