തമിഴ്നാടിനെ ദുരിതത്തിലാഴ്ത്തി മിഷോങ്ക് ചുഴലിക്കാറ്റ്
Tamilnadu
തമിഴ്നാടിനെ ദുരിതത്തിലാഴ്ത്തി മിഷോങ്ക് ചുഴലിക്കാറ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th December 2023, 11:34 am

ചെന്നൈ: മിഷോങ്ക് ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ വടക്കന്‍ തമിഴ്‌നാട്ടിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ നഗരം വെള്ളക്കെട്ടില്‍. മഴയെ തുടര്‍ന്ന് നഗരത്തിലെ റെയില്‍വേ, വിമാന, റോഡ് ഗതാഗതങ്ങള്‍ തടസപ്പെട്ടു.

ഭൂരിഭാഗം മേഖലയിലും വൈദ്യുതിയും ഇന്റര്‍നെറ്റും വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. ചുഴലിക്കാറ്റില്‍ നിലവിലെ സ്ഥിതിയനുസരിച്ച് ചെന്നൈ, ആന്ധ്രാ തീരങ്ങള്‍ അതീവ ജാഗ്രതയിലാണ്.

ചെന്നൈയടക്കമുള്ള ആറ് ജില്ലകളില്‍ സര്‍ക്കാര്‍ പൊതുഅവധിയും നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ടും പ്രഖ്യാപിച്ചു. സ്വകാര്യ സ്ഥാപനങ്ങള്‍ വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറണമെന്ന് കോര്‍പ്പറേഷനുകള്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. നഗരത്തിലെ 14 പ്രധാന സബ് വേകള്‍ അടച്ചതായും സര്‍ക്കാര്‍ അറിയിച്ചു.

വന്ദേ ഭാരത് അടക്കമുള്ള ചെന്നൈയിലേക്കുള്ള ആറ് ട്രെയിനുകള്‍ റദ്ദാക്കി. കൂടാതെ ചെന്നൈയില്‍ നിന്നുള്ള 20 വിമാനങ്ങളും കനത്ത മഴയെ തുടര്‍ന്ന് റദ്ദാക്കിയതായി കണ്‍ട്രോള്‍ റൂം അറിയിച്ചു.

എട്ട് വിമാനങ്ങള്‍ ബെംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടുവെന്നും 26 വിമാനങ്ങള്‍ വൈകിപ്പിക്കുമെന്നും എയര്‍പോര്‍ട്ട് കണ്‍ട്രോളര്‍ അറിയിച്ചു. ചെന്നൈ വിമാനത്താവളത്തിനകത്തും വെള്ളക്കെട്ട് ഉണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അത്യാവശ്യമില്ലാതെ ഒരു കാരണവശാലും ആരും പുറത്തിറങ്ങരുതെന്നും ദുരന്ത നിവാരണ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2015ലെ പ്രളയത്തില്‍ വെള്ളം കയറാതിരുന്ന നഗരത്തിലെ പല പ്രദേശങ്ങളിലും വെള്ളകെട്ടുണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തിങ്കളാഴ്ച വൈകുന്നേരം വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Content Highlight: Cyclone Michaung lashed Tamil Nadu with heavy rains and winds