ചെന്നൈ: ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിവെച്ചു. ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ കാരയ്ക്കലിനും മാമല്ലപുരത്തിനും ഇടയിലായി കരയിലേക്ക് പതിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിവെക്കുന്നതായി അറിയിച്ചത്.
പ്രതികൂല കാലാവസ്ഥ കാരണം വിമാനങ്ങളൊന്നും വരുകയോ പുറപ്പെടുകയോ ഉണ്ടാവില്ലെന്നാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ മുന്നറിയിപ്പ്.അബുദാബിയില്‍ നിന്നും സിംഗപ്പൂരിലേക്കുമൊക്കെയുള്ള വിമാനങ്ങളെല്ലാം വഴി തിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ട്.
നേരത്തെ ചെന്നൈയിലേക്കും തിരിച്ചുമുള്ള 13 വിമാനങ്ങളും റദ്ദാക്കിയിരുന്നു. ചെന്നൈയില്‍ നിന്ന് മംഗലാപുരത്തേയ്ക്കും ട്രിച്ചിയിലേയ്ക്കുമുള്ള രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ റദ്ദാക്കിയതായാണ് റിപ്പോര്‍ട്ടുണ്ടായിരുന്നത്. ചെന്നൈയില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന അഞ്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു.
ചെന്നൈയിലും പരിസരപ്രദേശങ്ങളിലും ഫിന്‍ജാല്‍ ചുഴലിക്കാറ്റിന്റെ ആഘാതത്തെ തുടര്‍ന്ന് ശക്തമായ മഴയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
പുതുച്ചേരിയില്‍ നിന്ന് 150 കിലോമീറ്റര്‍ കിഴക്കും ചെന്നൈയില്‍ നിന്ന് 140 കിലോമീറ്റര്‍ തെക്കുകിഴക്കും നാഗപട്ടണത്തില്‍ നിന്നും 210 കിലോമീറ്റര്‍ വടക്കുകിഴക്കും ട്രിങ്കോമലിയില്‍ നിന്ന് 400 കിലോമീറ്റര്‍ വടക്കുമാണ് ചുഴലിക്കാറ്റിന്റെ നിലവിലെ ഗതിയെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ചുഴലിക്കാറ്റ് പടിഞ്ഞാര് ഭാഗത്തേക്ക് നീങ്ങി വടക്കന്‍ തമിഴ്‌നാട് പുതുച്ചേരി തീരം കടക്കുകയും പുതുച്ചേരിക്ക് സമീപം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ബീച്ചുകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള അനാവശ്യ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും തമിഴ്‌നാട് ഡിസാസ്റ്റര്‍ മനേജ്‌മെന്റിന്റെ റിപ്പോര്‍ട്ടുണ്ട്.
ഫിന്‍ജാല്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ കനത്ത ജാഗ്രത നിര്‍ദേശം നല്‍കുകയും ചെന്നൈ അടക്കം ആറ് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഐ.ടി കമ്പനി ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തണമെന്നും സര്‍ക്കാര്‍ അറിയിക്കുകയും ഇന്ന് ഉച്ചയ്ക്ക് ശേഷം അനാവശ്യമായി പുറത്തിറങ്ങരുതെന്നും വിനോദ പരിപാടികള്‍ സംഘടിപ്പിക്കരുതെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.
അടുത്ത 24 മണിക്കൂറിനുള്ളില്‍ ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുമെന്നും തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളില്‍ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. വരുന്ന മൂന്ന് ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കാണ് സംസ്ഥാനത്ത് സാധ്യത.
Content Highlight: Cyclone Fingal; Chennai airport has been temporarily suspended