'ഓഖി'ക്ക് പിന്നാലെ 'ഫാനി': കേരളത്തിൽ ജാഗ്രത
national news
'ഓഖി'ക്ക് പിന്നാലെ 'ഫാനി': കേരളത്തിൽ ജാഗ്രത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th April 2019, 5:19 pm

തിരുവനന്തപുരം: കടൽക്ഷോഭ സാധ്യതയെന്ന മുന്നറിയിപ്പിന് പിറകെ കേരളത്തിലെ തീരങ്ങളില്‍ ഫാനി ചുഴലിക്കാറ്റ് ഉണ്ടാകുമെന്ന് സൂചന. രണ്ടര മീറ്ററോളം ഉയരത്തില്‍ തിരമാലകൾ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്നലെ മുന്നറിയിപ്പ് തന്നിരുന്നു. ഇതിന് പിന്നാലെയാണ് കേരള തീരങ്ങളില്‍ ഫാനി ചുഴലിക്കാറ്റ് ഉണ്ടായേക്കാമെന്ന മുന്നറിയിപ്പ് വരുന്നത്.

കേരളത്തിന്റെ തീരങ്ങളിൽ വസിക്കുന്നവർ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ തീരത്തേക്ക് എത്തണമെന്നും കാലാവസ്ഥാ നിരീക്ഷ കേന്ദ്രം അറിയിച്ചിട്ടുണ്ട്. 29, 30, മേയ് ഒന്ന് തീയതികളിൽ സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയും ഉണ്ടാകും.

ചുഴലിക്കാറ്റായി രൂപപ്പെടുകയാണെങ്കിൽ ഇതിനെ ‘ഫാനി’ എന്നാവും വിളിക്കുക. ബംഗ്ലാദേശാണ് ഈ പേരിട്ടത്. ഓഖി ചുഴലിക്കാറ്റിന് പേരിട്ടതും ബംഗ്ലാദേശാണ്. അതേസമയം ശ്രീലങ്കയുടെ തെക്കുകിഴക്ക് വ്യാഴാഴ്ചയോടെ രൂപം കൊള്ളുന്ന ന്യൂനമർദം തമിഴ്‌നാട് തീരത്ത് ചുഴലിക്കാറ്റായി എത്താൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാൽ ഇത് കേരളത്തെ നേരിട്ട് ബാധിക്കില്ല.

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ഏറ്റവും പുതിയ മുന്നറിയിപ്പ് പ്രകാരം മത്സ്യത്തൊഴിലാളികൾ 26
മുതൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, തമിഴ്നാട് തീരത്തും ഈ കാലയളവിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

കടൽ പ്രക്ഷുബ്ദമോ അതി പ്രക്ഷുബ്ദമോ ആകാൻ സാധ്യതയുള്ളതിനാൽ ആഴ കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ 26ന് അതിരാവിലെ 12 മണിക്ക് മുൻപ് ഏറ്റവും അടുത്തുള്ള തീരത്ത് എത്തി ചേരണമെന്ന് കാലാവസ്ഥ വകുപ്പ് നിർദേശിക്കുന്നു.