| Friday, 3rd May 2019, 7:54 am

ഫോനി ഇന്ന് ഒഡിഷാ തീരം തൊടും; വേഗത 200 കിലോമീറ്റര്‍; ഒഴിപ്പിച്ചത് 12 ലക്ഷം പേരെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വെള്ളിയാഴ്ച ഉച്ചയോടെ ഒഡിഷയിലെ പുരിയില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ ഫോനി ചുഴലിക്കാറ്റ് തീരംതൊടുമെന്നു കാലാസ്ഥാ നിരീക്ഷണകേന്ദ്രം. ഇതേത്തുടര്‍ന്നു വിമാനത്താവളങ്ങള്‍ അടയ്ക്കുകയും പട്‌ന-എറണാകുളം എക്‌സ്പ്രസുള്‍പ്പെടെ കൊല്‍ക്കത്ത-ചെന്നൈ റൂട്ടിലെ 223 തീവണ്ടികള്‍ റദ്ദാക്കുകയും ചെയ്തു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നും രണ്ടിനുമിടയിലാണ് ഫോനി ചുഴലിക്കാറ്റ് തീരംതൊടുമെന്നു പ്രതീക്ഷിക്കുന്നത്. ഇതേത്തുടര്‍ന്ന് 15 ഗ്രാമങ്ങളില്‍ നിന്നായി 12 ലക്ഷം പേരെയാണ്‌ ഒഴിപ്പിച്ചിട്ടുള്ളതെന്നു സംസ്ഥാന ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

സംസ്ഥാനത്ത് 900 അഭയകേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. നാവികസേനയുടെയും തീരസേനയുടെയും സംഘങ്ങളെയും ദേശീയ ദുരന്തരപ്രതികരണ സേനയുടെ 78 സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്. നാഷണല്‍ ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ (എന്‍.സി.എം.സി) സഹായവും സംസ്ഥാന സര്‍ക്കാര്‍ തേടിക്കഴിഞ്ഞു.

ഭുവനേശ്വറില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ നിര്‍ത്തിവെച്ചു. പൊതുമേഖലാ എണ്ണക്കമ്പനിയായ ഒ.എന്‍.ജി.സി തീരക്കടലിലുള്ള എണ്ണക്കിണറുകളില്‍ പണിയെടുക്കുന്ന 500 തൊഴിലാളികളെ ഒഴിപ്പിച്ചു. ജനങ്ങളെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റാന്‍ റെയില്‍വേ മൂന്നു പ്രത്യേക തീവണ്ടികള്‍ ഓടിച്ചു. വിനോദസഞ്ചാരികളോടു കൊല്‍ക്കത്ത വിടാന്‍ ബംഗാള്‍ സര്‍ക്കാരിന്റെ നിര്‍ദേശമുണ്ട്.

20 വര്‍ഷത്തിനുശേഷമാണ് ഇത്രയധികം ശക്തമായ ചുഴലിക്കാറ്റ് സംസ്ഥാനത്തെത്തുന്നത്. 1999-ല്‍ വീശിയ ചുഴലിക്കാറ്റില്‍ പതിനായിരത്തോളം പേര്‍ മരിച്ചിരുന്നു.

ഒഡിഷയിലെയും ബംഗാളിലെയും മാത്രമല്ല, ആന്ധ്രയിലെ വിശാഖപട്ടണം, ശ്രീകാകുളം, വിജയനഗരം എന്നിവിടങ്ങളെയും കാറ്റ് ബാധിച്ചേക്കുമെന്നാണു വിലയിരുത്തല്‍.

Latest Stories

We use cookies to give you the best possible experience. Learn more