റായഡന്‍ഡ: ഫാനി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഡ്യൂട്ടിക്ക് എത്തിച്ചേരാത്ത മുഖ്യ ജില്ലാ മെഡിക്കല്‍ ഓഫീസറെ സസ്‌പെന്‍ഡ് ചെയ്ത് ഒഡീഷ സര്‍ക്കാര്‍. റായഗണ്ടയിലെ സി.ഡി.എം.ഒ ആയ ശിവപ്രസാദ് പാന്തിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
ആരോഗ്യവകുപ്പിലെ എല്ലാ ജീവനക്കാരും ലീവ് ഉള്‍പ്പെടെയുള്ളവ വെട്ടിച്ചുരുക്കി ജോലിക്ക് ഹാജരാകാന്‍ സര്‍ക്കാര്‍ നിര്‍ദേശം ഉണ്ടായിരിക്കെ സി.ഡി.എം.എ അവധി എടുത്തതാണ് നടപടിക്ക് കാരണം.
മെയ് പതിനഞ്ച് വരെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടേയും മറ്റ് ജീവനക്കാരുടേയും മുഴുവന്‍ ലീവുകളും സര്‍ക്കാര്‍ കാന്‍സല്‍ ചെയ്തിരുന്നു. സംസ്ഥാനത്തെ പ്രത്യേക സാഹചര്യം നേരിട്ട് വിലയിരുത്താന്‍ സി.ഡി.എം.ഒയെയായിരുന്നു സര്‍ക്കാര്‍ നിയോഗിച്ചിരുന്നത്. അടിയന്തര സാഹചര്യത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആരെങ്കിലും ലീവ് എടുത്താല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പും സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇതിന്റെ പശ്ചാലത്തിലാണ് നടപടി.
ഫാനി ചുഴലിക്കാറ്റ് ഒഡീഷ തീരത്തടുത്തതോടെ കനത്ത ജാഗ്രതയിലാണ് സര്‍ക്കാര്‍. ചുഴലിക്കാറ്റിനെ നേരിടാന്‍ ശക്തമായ സന്നാഹങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.
ചുഴലിക്കാറ്റിന്റെ ഭാഗമായി ആന്ധ്രാ , ഒഡീഷ തീരത്ത് കനത്ത മഴ അനുഭവപ്പെടുന്നുണ്ട്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗത്തിലാണ് കാശ് വീശുന്നത്.
സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നായി 11.5 ലക്ഷം പേരെയാണ് ഒഴിപ്പിക്കുന്നത്. 10,000 ഗ്രാമങ്ങളെയും 52 പട്ടണങ്ങളെയും ഫാനി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
4000ത്തോളം ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. ഭുവനേശ്വറില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. കൊല്‍ക്കത്തയില്‍ നിന്നുള്ള വിമാന സര്‍വീസുകളും നിര്‍ത്തിവച്ചു. പശ്ചിമ ബംഗാളിലെ തീരദേശ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നടത്താനിരുന്ന തെരഞ്ഞെടുപ്പ് റാലികളെല്ലാം നിര്‍ത്തിവെച്ചിട്ടുണ്ട്