| Thursday, 25th April 2019, 7:48 am

ഫാനി ചുഴലിക്കാറ്റ് തമിഴ്‌നാട്ടിലേക്ക്; കേരളത്തില്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശ്രീലങ്കയുടെ തെക്ക് കിഴക്ക് വ്യാഴാഴ്ചയോടെ രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദം തമിഴ്‌നാട് തീരത്ത് ചുഴലിക്കാറ്റായി എത്താന്‍ സാധ്യതയുണ്ടെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം.

കേരളത്തെ ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് 29, 30, മേയ് ഒന്ന് തീയതികളില്‍ വ്യാപകമായ മഴയ്ക്കും ശക്തമായകാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്തമഴ പെയ്യാന്‍ സാധ്യതയുണ്ട്. 30ാം തീയതി ചുഴലിക്കാറ്റ് തമിഴ്നാട് തീരം കടക്കുമെന്നാണ് കരുതുന്നത്.

ഈ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപപ്പെട്ടാല്‍ ഇതിനെ ‘ഫാനി’ എന്ന് വിളിക്കും. ബംഗ്ലാദേശാണ് ഈ പേരിട്ടത്. ഓഖി ചുഴലിക്കാറ്റിന് പേരിട്ടതും ബംഗ്ലാദേശാണ്.

ചുഴലിക്കാറ്റ് രൂപപ്പെടുന്ന സാഹചര്യത്തില്‍ 27ാം തീയതി മുതല്‍ മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാപ്രദേശത്തും അതിന് പടിഞ്ഞാറുള്ള തെക്കു-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും തമിഴ്നാട് തീരത്തും മത്സ്യബന്ധനത്തിന് പോകരുതെന്നും 27-ന് പുലര്‍ച്ചെ 12 മണിയോടെ മത്സ്യത്തൊഴിലാളികള്‍ ഏറ്റവും അടുത്തുള്ള തീരത്തെത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ന്യൂനമര്‍ദ്ദം രൂപപ്പെടുന്ന സാഹചര്യത്തില്‍ പ്രദേശങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തിലാവും. 28-ാം തീയതിയോടെ ഇത് 80-90 കിലോമീറ്റര്‍ വേഗത്തിലാവുമെന്നും തമിഴ്നാട് തീരത്ത് ഇത് 40-50 കിലോമീറ്റര്‍ വേഗത്തിലാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇന്ന് രാത്രി 11.30 വരെ തീരത്ത് തിരമാലകള്‍ 1.5 മീറ്റര്‍ മുതല്‍ 2.2 മീറ്റര്‍വരെ ഉയരാനും സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമാവാനും സാധ്യതയുണ്ട്.

We use cookies to give you the best possible experience. Learn more