ഉത്തേജക മരുന്ന്: ആംസ്‌ട്രോങ്ങിന് ആജീവനാന്ത വിലക്ക്
DSport
ഉത്തേജക മരുന്ന്: ആംസ്‌ട്രോങ്ങിന് ആജീവനാന്ത വിലക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th August 2012, 1:28 pm

ഓസ്റ്റിന്‍: ഉത്തേജക മരുന്ന് വിവാദത്തില്‍പ്പെട്ട സൈക്ലിങ് ഇതിഹാസതാരം ലാന്‍സ് ആംസ്‌ട്രോങ്ങിന് ആജീവനാന്ത വിലക്ക്. അമേരിക്കയിലെ ഉത്തേജക വിരുദ്ധ ഏജന്‍സിയാണ് വാര്‍ത്താക്കുറിപ്പില്‍ ഇക്കാര്യം അറിയിച്ചത്. കൂടാതെ ആംസ്‌ട്രോങ്ങ് നേടിയ ഏഴ് ടൂര്‍ ഡി ഫ്രാന്‍സ് മെഡലുകളും തിരിച്ചുവാങ്ങിക്കും.[]

സൈക്ലിങ്ങിലെ ഏറ്റവും വലിയ പോരാട്ടമായ ടൂര്‍ ഡി ഫ്രാന്‍സ് ഏഴുതവണ നേടിയിട്ടുള്ള മറ്റൊരു താരവുമില്ല. 1999 മുതല്‍ 2005 വരെയുള്ള ഈ മത്സരങ്ങള്‍ വിജയിച്ചത് ഉത്തേജക മരുന്നടിച്ചതിന് ശേഷമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. അതേസമയം ഏജന്‍സിക്കെതിരെ നിയമ യുദ്ധത്തിനില്ലെന്ന് ആംസ്‌ട്രോങ് വ്യക്തമാക്കിക്കഴിഞ്ഞു.

അര്‍ബുദ ബാധിതനായിരുന്ന ആംസ്‌ട്രോങ്, രോഗബാധയെ അതിജീവിച്ചശേഷമാണ് ലോകത്തെ ഏറ്റവും മികച്ച താരമായി മാറിയത്. 1996ലാണ് ഇദ്ദേഹത്തിന് അര്‍ബുദം സ്ഥിരീകരിച്ചത്. ലാന്‍സ് ആംസ്‌ട്രോങ് അന്താരാഷ്ട്ര മത്സരരംഗത്തുനിന്ന് കഴിഞ്ഞ വര്‍ഷമാണ് വിരമിച്ചത്.

2009-2010 കാലത്ത് ആംസ്‌ട്രോങ്ങിന്റെ രക്തം പരിശോധിച്ചപ്പോഴാണ് ഉത്തേജകം ഉപയോഗിച്ചിട്ടുണ്ടെന്നതിന് ഏജന്‍സിക്ക് തെളിവ് ലഭിക്കുന്നത്. എന്നാല്‍ തുടക്കം മുതല്‍ എല്ലാ ആരോപണങ്ങളും ഇദ്ദേഹം നിഷേധിക്കുകയായിരുന്നു.

രണ്ടുവട്ടം ലോറസ് സ്‌പോര്‍ട്‌സ്മാന്‍ അവാര്‍ഡുള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ക്ക് ആംസ്‌ട്രോങ് അര്‍ഹനായിയിട്ടുണ്ട്. ഇദ്ദേഹം എഴുതിയ രണ്ട് ആത്മകഥകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ടക്‌സസിലെ പ്ലാനോയില്‍ ജനിച്ച ആംസ്‌ട്രോങ് 1996 ല്‍ ലോക ഒന്നാം നമ്പര്‍ താരമായതോടൊപ്പം കാന്‍സറിന്റെ വിഷാണുക്കള്‍ ശരീരത്തെ കാര്‍ന്നുതുടങ്ങിയെന്ന സത്യവും വെളിപ്പെട്ടിരുന്നു. പുറംവേദനയിലായിരുന്നു തുടക്കം. വൃഷണത്തെ ബാധിക്കുന്ന കാന്‍സറാണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്.