| Saturday, 24th December 2022, 8:02 am

വേദനയായി നിദ ഫാത്തിമ; മൃതദേഹം കൊച്ചിയിലെത്തിച്ചു, ഖബറടക്കം ഉച്ചക്ക് ആലപ്പുഴയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നാഗ്പൂരില്‍ മരിച്ച സൈക്കിള്‍ പോളോ താരം നിദ ഫാത്തിമയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സി കുട്ടനും അമ്പലപ്പുഴ എം.എല്‍.എ എച്ച്. സലാമും മറ്റു ബന്ധുക്കളും ചേര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് മൃതദേഹം ഏറ്റുവാങ്ങി.

നിദയുടെ പിതാവ് ഷിഹാബുദീനും വിമാനത്തില്‍ ഉണ്ടായിരുന്നു. മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടു പോയി. വണ്ടാനത്ത് സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ മതപരമായ ചടങ്ങുകള്‍ക്ക് ശേഷം പതിനൊന്ന് മണിക്ക് നിദ പഠിച്ച നീര്‍ക്കുന്നം ഗവ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും.

തുടര്‍ന്ന് അമ്പലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടു പോകും. ഉച്ചക്ക് പന്ത്രണ്ടരയോടെ കാക്കാഴം ജുമാ മസ്ജിദിലാണ് ഖബറടക്കം.

അതേസമയം, സൈക്കിള്‍ പോളോ താരത്തിന്റെ മരണത്തിന് പിന്നാലെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഓള്‍ ഇന്ത്യ സൈക്കിള്‍ ഫെഡറേഷനെതിരെ ഉയരുന്നത്.

നിദ ഫാത്തിമയുടെ മരണം മനപൂര്‍വം ഉണ്ടാക്കിയ നരഹത്യയെന്ന് കേരളാ സൈക്കിള്‍ പോളോ അസോസിയേഷന്‍ ആരോപിച്ചു. ഓള്‍ ഇന്ത്യ സൈക്കിള്‍ പോളോ ഫെഡറേഷനും കേരളത്തിലെ സമാന്തര സംഘടനയുമാണ് ഇതിന് ഉത്തരവാദികളെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തി.

ഭക്ഷണത്തിനും താമസത്തിനുമായി 50,000 രൂപ നല്‍കിയിട്ടും മതിയായ സൗകര്യം ഓള്‍ ഇന്ത്യ സൈക്കിള്‍ പോളോ ഫെഡറേഷന്‍ ഒരുക്കിയില്ലെന്നും കേരള സൈക്കിള്‍ പോളോ അസോസിയേഷന്‍ സെക്രട്ടറി ഇ.കെ. റിയാസ് പറഞ്ഞു.

‘കോടതിയുത്തരവുമായി മത്സരിക്കാനെത്തിയവര്‍ക്ക് താമസവും ഭക്ഷണവും നല്‍കിയില്ല. അഖിലേന്ത്യാ ഫെഡറേഷന്‍ ആവശ്യപ്പെട്ടതനുസരിച്ച് 50,000 രൂപ ഇതിനായി നേരത്തെ നല്‍കിയിരുന്നു.

എന്നാല്‍ കേരളത്തിലെ സമാന്തര സംഘടനയ്ക്കാണ് അഖിലേന്ത്യാ ഫെഡറേഷന്‍ പരിഗണന നല്‍കിയത്. ഈ സംഘടനയ്ക്ക് കേരള സ്പോര്‍ട്സ് കൗണ്‍സിലിന്റെ അംഗീകാരമില്ല,’ കേരള സൈക്കിള്‍ പോളോ അസോസിയേഷന്‍ പറഞ്ഞു.

അതേസമയം, നിദ ഫാത്തിമയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ആലപ്പുഴ എം.പി എ.എം. ആരിഫ്, ചാലക്കുടി എം.പി. ബെന്നി ബഹന്നാന്‍ എന്നിവര്‍ ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

ദേശീയ സൈക്കിള്‍ പോളോ സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് നിദ ഫാത്തിമ ഭക്ഷ്യവിഷബാധയേറ്റ് നാഗ്പുരില്‍ മരിച്ചത്.

ദേശീയ ഫെഡറേഷന്റെ അംഗീകാരമില്ലെന്ന പേരില്‍ താരങ്ങള്‍ക്ക് നാഗ്പൂരില്‍ താമസ സൗകര്യവും ഭക്ഷണവും ദേശീയ ഫെഡറേഷന്‍ ഒരുക്കിയിരുന്നില്ല. കേരള സ്‌പോട്‌സ് കൗണ്‍സിലിന്റെ അംഗീകാരമില്ലാത്തതും ദേശീയ ഫെഡറേഷന്റെ അംഗീകാരമുള്ളതുമായ സൈക്കിള്‍ പോളോ അസോസിയേഷന്‍ ഓഫ് കേരളയുടെ ടീമും നാഗ്പൂപൂരില്‍ മത്സരിക്കുന്നുണ്ട്.

നിദ ഫാത്തിമയടക്കം കേരള സൈക്കിള്‍ പോളോ അസോസിയേഷന്റെ 24 താരങ്ങള്‍ നാഗ്പൂരിലെത്തിയത് കേരള സ്‌പോട്‌സ് കൗണ്‍സിലിന്റെ അംഗീകാരത്തിലും സാമ്പത്തിക സഹായത്തിലുമായിരുന്നു. ഇതിന്റെ പേരിലാണ് കേരളത്തില്‍ നിന്നുള്ള നിദ ഫാത്തിമ അടക്കമുള്ള സംഘത്തിന് അവഗണന നേരിടേണ്ടി വന്നത്.

Content Highlight: Cycle Polo team member Nida Fathima’s death Updates

We use cookies to give you the best possible experience. Learn more