കാസര്‍ഗോഡ്: റോഡില്‍ കൂടി സൈക്കിള്‍ ഓടിക്കുന്നതിന് ലൈസന്‍സ് വേണോ? വേണം എന്നാണ് ഇതര സംസ്ഥാന തൊഴിലാളിയായ കാസിം പറയുന്നത്. കാസര്‍ഗോഡ് മംഗല്‍ പാടിയില്‍ ലൈസന്‍സില്ലാതെ സൈക്കിളോടിച്ചെന്ന് പറഞ്ഞ പൊലീസ് പിഴ ചുമത്തിയെന്നാണ് ഇദ്ദേഹം പറയുന്നത്.
റോഡില്‍ കൂടി ലൈസന്‍സില്ലാതെ അമിതവേഗത്തില്‍ സൈക്കിളോടിച്ചു എന്ന് ചൂണ്ടിക്കാട്ടി പൊലീസ് 500 രൂപ പിഴ ചുമത്തിയതായാണ് പരാതി. അതും മറ്റൊരു വാഹനത്തിന്റ പേരിലാണ് പിഴ.
കാസര്‍ഗോഡ് മംഗല്‍ പാടിയിലാണ് സംഭവം. ഹൈവേ പൊലീസിന്റെ നടപടി വ്യക്തമാക്കിക്കൊണ്ട് യുവാവ് പുറത്തുവിട്ട വിഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
ഉത്തര്‍പ്രദേശ് സ്വദേശിയും ഉപ്പള കുക്കാറില്‍ താമസക്കാരനുമായ അബ്ദുല്ല ഷെയ്ഖിന്റെ മകന്‍ കാസിമിനെയാണ് കാസര്‍കോട് വച്ച് ഹൈവേ പൊലീസ് പിടികൂടി പിഴയിട്ടത്.
കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. രാവിലെ 9.30ന് മംഗല്‍പാടി സ്‌കൂളിനടുത്ത് വെച്ച് സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന തന്നെ ഹൈവേ പൊലീസ് തടഞ്ഞ് നിര്‍ത്തി പിഴയീടാക്കുകയായിരുന്നുവെന്നാണ് കാസിം പറയുന്നു.
“”രാവിലെ ഏതാണ്ട് 9.30 ഓടെ മംഗല്‍പാടി സ്‌കൂളിനടുത്തൂടെ സൈക്കിളില്‍ പോകുകയായിരുന്ന തന്നെ ഹൈവെ പൊലീസ് തടഞ്ഞു നിര്‍ത്തി.
അമിത വേഗതയിലാണ് വന്നതെന്ന് പറഞ്ഞ് അവര്‍ ദേഷ്യപ്പെട്ടു. സൈക്കിളിന്റെ ടയര്‍ കുത്തിക്കീറി കാറ്റൊഴിച്ചു. 2000 രൂപയാണ് പിഴയായി ആവശ്യപ്പെട്ടത്. അത്രയും പണമില്ലെന്ന് പറഞ്ഞതോടെ 500 രൂപ ഈടാക്കി രസീത് നല്‍കി. “- കാസിം പറയുന്നു.
പിഴ ഈടാക്കിയ ശേഷം പൊലീസ് നല്‍കിയ റസീപ്റ്റില്‍ രേഖപ്പെടുത്തിയത് കെ എല്‍ 14 ക്യു 7874 എന്ന ഒരു സ്‌കൂട്ടറിന്റെ നമ്പറാണ്. മോട്ടോര്‍ വെഹിക്കിളിന്റെ സൈറ്റില്‍ ഈ നമ്പറില്‍ സുചിത്ര എന്ന സ്ത്രീയുടെ പേരിലുള്ള സ്‌കൂട്ടറാണ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും കാസിം പറയുന്നു.
കെട്ടിടനിര്‍മാണത്തൊഴിലാളിയായ തനിക്ക് 400 രൂപയാണ് ദിവസക്കൂലി. സൈക്കിള്‍ നന്നാക്കാന്‍ ഇനി വേറെ തുക കണ്ടെത്തേണ്ട അവസ്ഥയാണ്. അമിത വേഗതയില്‍ സഞ്ചരിച്ചുവെന്ന കുറ്റമാണ് പോലീസ് നല്‍കിയ റസീപ്റ്റില്‍ ചേര്‍ത്തിരിക്കുന്നത്.
എന്നാല്‍ സംഭവത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് കുംബ്ല പൊലീസ് ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു. നാട്ടുകാരാണ് ഇയാളെ പൊലീസില്‍ ഏല്‍പിച്ചതെന്നും കുംബ്ല പൊലീസ് പറയുന്നു.
“നാട്ടുകാര്‍ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതാണ്. അവിടെ ഒരു പ്രശ്‌നം ഉണ്ടായ സമയത്ത് ഇയാള്‍ സൈക്കിളില്‍ വന്നു. നാട്ടുകാര്‍ പറഞ്ഞ പ്രകാരം പിഴ വാങ്ങി. പൊലീസിന് ഏത് വണ്ടിയാണ് എന്ന് അറിയില്ലായിരുന്നു. സമീപത്ത് കിടന്നിരുന്ന സ്‌കൂട്ടര്‍ ഇദ്ദേഹത്തിന്റേതാണ് എന്ന് തെറ്റിദ്ധരിച്ചാണ് സംഭവിച്ചത്. “”-പൊലീസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
കാസിം പരാതി നല്‍കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു പൊലീസിന്റെ മറുപടി. സംഭവം വിശദീകരിച്ചുകൊണ്ട് കാസിം വീഡിയോ പുറത്തുവിട്ടതിന് പിന്നാലെ പൊലീസിന്റെ നടപടിയെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
ഈ രാജ്യത്ത് സൈക്കിളില്‍ സഞ്ചരിക്കാനും ലൈസന്‍സ് വേണോയെന്നും നാട്ടുകാര്‍ പറയുന്നത് കേട്ട് ഒരാളുടെ പേരില്‍ പിഴ ചുമത്തുകയാണോ പൊലീസ് ചെയ്യേണ്ടത് എന്നാണ് പലരും ഉന്നയിക്കുന്ന ചോദ്യം.
ഇത്തരം സംഭവങ്ങള്‍ നിരവധി നടക്കുന്നുണ്ടെന്നും ഇദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ കാര്യങ്ങള്‍ പുറത്തുപറഞ്ഞതുകൊണ്ട് മാത്രമാണ് ഇത് പലരും അറിഞ്ഞതെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.
സംഭവം വിവാദമായതോടെ കാസര്‍ക്കോട് എസ്.പി നാര്‍കോട്ടിക് ഡി.വൈ.എസ്.പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.