| Wednesday, 16th February 2022, 10:11 am

ഉക്രൈന്‍ സര്‍ക്കാര്‍ സൈറ്റുകള്‍ക്ക് നേരെ സൈബര്‍ ആക്രമണം; റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഉക്രൈന്‍ സര്‍ക്കാരിന്റെയും ആര്‍മിയുടെയും സൈറ്റുകള്‍ക്ക് നേരെ സൈബര്‍ ആക്രമണം. വിവിധ ബാങ്കിങ് സൈറ്റുകളും ഹാക്ക് ചെയ്യപ്പെട്ടതായി ഉക്രൈന്‍ ആരോപിച്ചു.

അസോസിയേറ്റഡ് പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഉക്രൈന്‍ ആര്‍മി, പ്രതിരോധ മന്ത്രാലയം, സാംസ്‌കാരിക മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍, സ്റ്റേറ്റ് ബാങ്കുകള്‍ എന്നിവയുടെ സൈറ്റുകള്‍ ചൊവ്വാഴ്ച ഓഫ്‌ലൈനായിരുന്നു എന്ന് ഉക്രൈന്‍ അധികൃതര്‍ പറഞ്ഞതായാണ് എ.പി റിപ്പോര്‍ട്ട് ചെയ്തത്.

ഓണ്‍ലൈന്‍ പേയ്‌മെന്റ് അടക്കമുള്ള ബാങ്കിംഗ് സര്‍വീസുകള്‍ തടസപ്പെട്ടതായി ഉപയോക്താക്കള്‍ പ്രതികരിച്ചു.

കുറഞ്ഞത് 10 സൈറ്റുകളാണ് ഇത്തരത്തില്‍ ഡി.ഡി.ഒ.എസ് (Distributed denial of service) അറ്റാക്ക് കാരണം പ്രവര്‍ത്തനരഹിതമായത്.

റഷ്യന്‍ അധിനിവേശത്തിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെടുന്നതിനെ ഗൗരവത്തോടെയാണ് ഉക്രൈന്‍ കാണുന്നത്.

സൈബര്‍ അറ്റാക്കിന് പിന്നില്‍ റഷ്യയാകാമെന്നാണ് ഉക്രൈന്‍ വാര്‍ത്താവിതരണ മന്ത്രാലയം പ്രതികരിച്ചത്. എന്നാല്‍ വിശദാംശങ്ങള്‍ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.

ഇക്കഴിഞ്ഞ ജനുവരിയിലും ഏകദേശം 70ഓളം ഉക്രൈന്‍ സര്‍ക്കാര്‍ സൈറ്റുകള്‍ താല്‍ക്കാലികമായി പ്രവര്‍ത്തനരഹിതമായിരുന്നു. ഇതിന് പിന്നില്‍ റഷ്യയാണെന്നായിരുന്നു ഉക്രൈന്‍ ആരോപണം.

അതേസമയം, ഉക്രൈനെ ആക്രമിക്കില്ലെന്നും അധിനിനിവേശ ശ്രമത്തില്‍ നിന്നും പിന്മാറുകയാണെന്നും റഷ്യയില്‍ നിന്നും കഴിഞ്ഞദിവസം സൂചനകള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇത് തെളിവുകളോടെ സ്ഥിരീകരിക്കണമെന്നാണ് ഉക്രൈനെ പിന്തുണക്കുന്ന യു.എസ് അടക്കമുള്ള പാശ്ചാത്യരാജ്യങ്ങള്‍ ആവശ്യപ്പെടുന്നത്.


Content Highlight: Cyberattack hits Ukrainian government sites, major banks

We use cookies to give you the best possible experience. Learn more