പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിന്ന് വെളിച്ചമെത്താത്ത നാടാണ് 'കിളിനാക്കോടെന്ന്' പെണ്‍കുട്ടികളുടെ ലൈവ്; പിന്നാലെ സൈബര്‍ ആക്രമണവും പൊലീസ് കേസും
Cyber attack
പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിന്ന് വെളിച്ചമെത്താത്ത നാടാണ് 'കിളിനാക്കോടെന്ന്' പെണ്‍കുട്ടികളുടെ ലൈവ്; പിന്നാലെ സൈബര്‍ ആക്രമണവും പൊലീസ് കേസും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th December 2018, 1:31 pm

മലപ്പുറം: ഫേസ്ബുക്ക് ലൈവിലൂടെ നാടിനെ കുറ്റം പറഞ്ഞ പെണ്‍കുട്ടികള്‍ക്കെതിരെ അധിക്ഷേപവും പൊലീസ് പരാതിയും. മലപ്പുറം ജില്ലയിലെ കിളിനാക്കോട് ആണ് സംഭവം. പ്രദേശത്ത് കല്ല്യാണത്തിന് വന്ന പെണ്‍കുട്ടികള്‍ കിളിനാക്കോടിനെതിരെ ലൈവ് വീഡിയോ ചെയ്തിരുന്നു.

തങ്ങള്‍ ഇവിടെ ഒരു കല്ല്യാണത്തിന് വന്നതാണെന്നും ഇത്രയ്ക്ക് കള്‍ച്ചര്‍ ഇല്ലാത്ത നേരം വെളുക്കാത്ത നാട് വേറെയില്ലെന്നുമായിരുന്നു പെണ്‍കുട്ടികളുടെ കമന്റ്. ചെക്കന്‍മാര്‍ പോരും കണക്കാണെന്നും ഇപ്പോഴും പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിക്കുന്നവരാണെന്നും ഈ പ്രദേശത്തേക്ക് വരുന്നവര്‍ ഒരു എമര്‍ജന്‍സിയുമായി വരണമെന്നും കഴിയുന്നതും ഈ പ്രദേശത്തേക്ക് ആരും കല്ല്യാണം കഴിച്ച് വരാതിരിക്കുക എന്നുമായിരുന്നു പെണ്‍കുട്ടികളുടെ വീഡിയോ.

Also Read  നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണമില്ല; ദിലീപിന്റെ ഹരജി ഹൈക്കോടതി തള്ളി

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പെണ്‍കുട്ടികള്‍ക്ക് നേരെ സൈബര്‍ ആക്രമണവും ശക്തമായി തുടര്‍ന്ന് കിളിനാക്കോടിലെ യുവാക്കള്‍ എന്നവകാശപ്പെട്ട് ടീം കിളിനാക്കോട് എന്നപേരില്‍ കുറച്ച് യുവാക്കള്‍ പെണ്‍കുട്ടികള്‍ക്ക് എതിരെ രംഗത്ത് വരികയും ചെയ്തിരുന്നു. ഒരു നാടിനെ തന്നെ അപമാനിക്കുന്നതാണ് പെണ്‍കുട്ടികളെ കമന്റ് എന്നായിരുന്നു ഇവരുടെ വാദം.

ഇതിനിടെയാണ് പെണ്‍കുട്ടികള്‍ക്ക് എതിരെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതിനിടെ പെണ്‍കുട്ടികളെ സ്റ്റേഷനില്‍ വെച്ചും ഹരാസ് ചെയ്തതെന്ന് പരാതിയുണ്ട്. മലപ്പുറം വേങ്ങര പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.

പെണ്‍കുട്ടികള്‍ക്കെതിരെയും നാട്ടുകാര്‍ക്കെതിരെയും പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും തുടര്‍ നടപടികള്‍ നടന്ന് വരികയാണെന്നുമാണ് വേങ്ങര പൊലീസ് ഡൂള്‍ ന്യൂസിനോട് പറഞ്ഞത്.