മയിലിനെ കറിവെക്കാനായി ദുബായിലേക്കെന്ന് ഫിറോസ് ചുട്ടിപ്പാറ; ദേശീയതയെ അപമാനിച്ചതെന്ന് സംഘപരിവാര്‍ പ്രൊഫൈലുകള്‍
Kerala News
മയിലിനെ കറിവെക്കാനായി ദുബായിലേക്കെന്ന് ഫിറോസ് ചുട്ടിപ്പാറ; ദേശീയതയെ അപമാനിച്ചതെന്ന് സംഘപരിവാര്‍ പ്രൊഫൈലുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th November 2021, 4:57 pm

കോഴിക്കോട് : യൂട്യൂബര്‍ ഫിറോസ് ചുട്ടിപ്പാറക്ക് നേരെ സംഘപരിവാര്‍ അനുഭാവികളുടെ സൈബര്‍ അക്രമം. മയിലിനെ കറിവെക്കാനായി ദുബായിലേക്ക് എന്ന ക്യാപ്ഷനില്‍ പുറത്തുവിട്ട തന്റെ പുതിയ വീഡിയോക്ക് താഴെയാണ് സംഘപരിവാര്‍ അനുകൂലികള്‍ സൈബര്‍ അക്രമവുമായി രംഗത്തെത്തിയത്. നാട്ടില്‍ നിന്ന് ദുബായിലേക്കുള്ള യാത്രയുടെ വിവരണമാണ് വീഡിയോയുടെ ഇതിവൃത്തം.

ഇതിന് താഴെയാണ് ദേശീയ ബിംബങ്ങളോടുള്ള മനോഭാവമാണ് ഫിറോസ് തകര്‍ക്കുന്നതെന്ന വിമര്‍ശനം ഉയരുന്നത്. രാജ്യത്തിന്റെ ദേശീയപക്ഷിയാണ് മയിലെന്നും ഒരു ഭാരതീയന്‍ അതിനെ എവിടെ കണ്ടാലും ബഹുമാനിക്കേണ്ടതുണ്ടെന്നും പറയുന്നു. ഏതു നാട്ടില്‍ പോയാലും ഭാരതീയന്‍ ആയിരിക്കണമെന്ന ഉപദേശമായും ആളുകള്‍ എത്തുന്നുണ്ട്.

‘മയിലിനെ കൊല്ലുന്നതിന് ഇന്ത്യയില്‍ വിലക്കുള്ളത് മയില്‍ വംശനാശ ഭീഷണി നേരിടുന്ന ജീവി ആയത് കൊണ്ടല്ല, മയിലിന് ദേശീയ പക്ഷി എന്ന പദവി ഉള്ളത് കൊണ്ടാണ്. അതിനെ മാനിച്ച് കൊണ്ടാണ് ഇന്ത്യന്‍ പൗരന്മാര്‍ മയിലിനെ കൊന്ന് കറി വെയ്ക്കാത്തത്. ഫിറോസിന്റെ മതം പറഞ്ഞുള്ള വദ്വേഷ കമന്റുകളായും അഭിപ്രായങ്ങള്‍ വരുന്നുണ്ട്.

ഇന്ത്യന്‍ പതാക അമേരിക്കയില്‍ പോയി കത്തിച്ചാല്‍ കേസ് ഉണ്ടാവില്ല. അതുകൊണ്ട് നമ്മളാരും ആ സൗകര്യം ഉപയോഗിക്കില്ലല്ലോ.
കേസ് വരുമോ ഇല്ലയോ എന്നതല്ല അതിലെ വിഷയം. ദേശീയ ബിംബങ്ങളോടുള്ള മനോഭാവമാണ്,’ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനര്‍ഥിയായിരുന്ന ശങ്കു ടി. ദാസ് വീഡിയോക്ക് താഴെ കമന്റ് ചെയ്തു.

ഫിറോസിനെ അനുകൂലിച്ചും കമന്റുകള്‍ വരുന്നുണ്ട്. ദേശീയ ഫലമായ മാങ്ങ ജ്യൂസടിച്ച് കുടിക്കുന്നത് രാജ്യദ്രോഹമാണോ, ദേശീയ മത്സ്യമായി അംഗീകരിച്ച അയലയെ കറിവെച്ചാൽ രാജ്യദ്രോഹിയാകുമോ എന്നും ചിലര്‍ ചോദിക്കുന്നു.

പാലക്കാട് എലപ്പുള്ളിക്കടുത്ത ചുട്ടിപ്പാറ സ്വദേശിയാണ് യൂട്യൂബറായ ഫിറോസ്. ഗ്രാമീണ തനിമയില്‍ പാചകകൂട്ടൊരുക്കി പ്രേക്ഷകര്‍ക്ക് മുമ്പില്‍ വിളമ്പുന്ന വീഡിയോകളുമായാണ് അദ്ദേഹം എത്താറ്. പാചകത്തിന്റെ ബാലപാഠങ്ങള്‍ അറിയാതെ പാചകക്കാരനായ വ്യക്തിയാണ് ഫിറോസ്.

ഗള്‍ഫിലെ വെല്‍ഡര്‍ ജോലി ഉപേക്ഷിച്ചാണ് ഫിറോസ് നാട്ടിലെത്തിയ ശേഷമാണ് അദ്ദേഹം മലയാളികളുടെ ഇഷ്ടപ്പെട്ട യൂട്യൂബറായി മാറിയത്.
വീഡിയോയിലൂടെ ഫിറോസിനെ പോലെ തന്നെ ശ്രദ്ധേയനായ ലക്ഷ്ണനും സജിത്തും അരുണുമാണ് ഫിറോസിനെ സഹായിക്കാനുള്ളത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Cyber ​​violence by Sangh Parivar supporters against YouTuber Feroz Chuttipara