|

ബെംഗളൂരുവില്‍ സൈബര്‍ തട്ടിപ്പുകള്‍ പെരുകുന്നു; ഈ വര്‍ഷം നഷ്ടപ്പെട്ടത് 1,242.7 കോടി രൂപ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: സൈബര്‍ കുറ്റകൃത്യങ്ങളില്‍ ബെംഗളൂരുവിലെ ജനങ്ങള്‍ക്ക് 1,242.7 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം സൈബര്‍ തട്ടിപ്പുകള്‍ക്ക് ഇരയായവരുടെ കൈയില്‍ നിന്നും നഷ്ടമായ തുകയുടെ കണക്കാണിതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

നിക്ഷേപ തട്ടിപ്പ്, സ്റ്റോക്ക് മാര്‍ക്കറ്റ്, കൊറിയര്‍ സേവനങ്ങള്‍, ആധാര്‍ പ്രവര്‍ത്തനക്ഷമമാക്കുന്നുവെന്ന് തെറ്റിധാരണ ജനിപ്പിച്ചു കൊണ്ടുള്ള പെയ്‌മെന്റുകള്‍, ജോലി തട്ടിപ്പ്, ടാസ്‌കുകള്‍, ഗെയ്മിങ്ങുകള്‍ എന്നിങ്ങനെ നിരവധി തട്ടിപ്പുകളിലൂടെയാണ് പണം നഷ്ടപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി നഷ്ടപ്പെട്ടതിനേക്കാള്‍ 214.6 കോടി രൂപയോളം ബെംഗളൂരുവിലെ ആളുകള്‍ക്ക് സൈബര്‍ തട്ടിപ്പിനിരയായതായും പണം നഷ്ടപ്പെട്ടതായുമാണ് കണക്ക്.

നഗരത്തില്‍ ഈ വര്‍ഷം ഓഗസ്റ്റ് 31 വരെ മാത്രം 12,356 സൈബര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായാണ് ഔദ്യോഗിക കണക്ക്. 2023ല്‍ 17,633 കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

ബെംഗളൂരു നഗരത്തില്‍ മാത്രം 2024 ല്‍ 2023നെ സംബന്ധിച്ച് ഇരട്ടിയോളം പണം നഷ്ടപ്പെട്ടതായും കണക്കില്‍ പറയുന്നുണ്ട്. അതേസമയം കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി നടന്ന തട്ടിപ്പുകളേക്കാള്‍ കൂടുതലാണ് ഈ ഒരു വര്‍ഷം കൊണ്ട് കുറ്റവാളികള്‍ നേടിയതെന്നാണ് ഔദ്യോഗിക കണക്കുകളില്‍ പറയുന്നത്.

അതേസമയം മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ തട്ടിപ്പ് നടന്നിട്ടും പണം നഷ്ടമായിട്ടും അന്വേഷണം അനിശ്ചിതത്വത്തിലാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സൈബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരുടെ അന്വേഷണ റിപ്പോര്‍ട്ടനുസരിച്ച് പതിവില്‍ നിന്നുമാറിയ സൈബര്‍ കുറ്റകൃത്യങ്ങളാണ് നിലവിലെ പ്രതികള്‍ നടത്തുന്നതെന്നും വിരലിലെണ്ണാവുന്ന വ്യക്തികളില്‍ നിന്നും വലിയ തുക തട്ടിയെടുക്കുന്നുണ്ടെന്നും പറയുന്നുണ്ട്.

അപ്‌ഗ്രേഡിങ്ങിന് വേണ്ടിയും ഗെയ്മിങ്ങുകളിലൂടെയും വലിയ തുക തട്ടിപ്പുകാര്‍ തട്ടിയെടുക്കുന്നതായും ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്.

അതേസമയം നിക്ഷേപ തട്ടിപ്പുകള്‍ വഴി ആളുകള്‍ക്ക് ഒരേസമയം കോടിക്കണക്കിന് രൂപ നഷ്ടപ്പെടുന്ന തട്ടിപ്പുകളാണ് ഇവയെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതിലൂടെ അകപ്പെടുന്ന ആളുകള്‍ മുഴുവന്‍ പുതിയ നിക്ഷേപകരാണെന്നും സ്‌റ്റോക്ക് മാര്‍ക്കറ്റുകള്‍ ഇതിന് കാരണമാവുന്നുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്.

അതേസമയം സൈബര്‍ ക്രൈമുകള്‍ അന്വേഷണം മറ്റ് കുറ്റകൃത്യങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യം നല്‍കുന്നില്ലെന്നും ദിനംപ്രതി അന്വേഷണം കുറഞ്ഞുവരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 12,356 കേസുകളില്‍ ബെംഗളൂരു പൊലീസ് തീര്‍പ്പാക്കിയത് 552 എണ്ണം മാത്രമാണ്. നഷ്ടപ്പെട്ടത് 1242.7 കോടിയാണെങ്കിലും തിരിച്ച് പിടിച്ചത് 111.8 കോടി രൂപമാത്രമാണ്.

Content Highlight: Cyber scams on the rise in Bengaluru; 1,242.7 crore was lost in this year